Home rss national malayalam പുതിയ വാർത്ത പുളി വിരുന്നു പോകും പോലെ…

പുളി വിരുന്നു പോകും പോലെ…

3
0

Source :- SIRAJLIVE NEWS

തർക്കം പിന്നേയും മൂക്കുകയാണ്. മേശമേലടിച്ചടിച്ച് അധ്യക്ഷൻ മൂപ്പരുടെ കൈക്ക് തഴമ്പുവന്നു.
സെക്രട്ടറിയെ സംസാരിക്കാൻ അനുവദിക്കാതെ അംഗങ്ങൾ എഴുന്നേറ്റു നിന്ന് സാംബ നൃത്തം തുടങ്ങി..
“പിന്നെ പരിപാടി എപ്പോ നടത്തുംന്ന്, പറ. ഇതെന്താ കുട്ടിക്കള്യാണോ?

ക്ഷമകെട്ട്; സിംഹത്തെ പോലെ ഉഗ്രമായി ചീറ്റിക്കൊണ്ട് അധ്യക്ഷൻ പിന്നേയും മേശപ്പുറത്ത് മൂന്നാലടിയടിച്ചു.
പൊടുന്നനെ, വൈസ് പ്രസിഡണ്ട് ചാടിയെഴുന്നേറ്റു. അഴിഞ്ഞു പോകാൻ പോയ മുണ്ട് അയാൾ വാരി വലിച്ചുടുത്തിട്ട് ഗമയിൽ പറഞ്ഞു. “എനിക്കെന്തായാലും ഞായറാഴ്ച കാലത്ത് പറ്റില്ല. ശ്രീദേവീടെ ചെറിയമ്മായീടെ മോൾടെ കുട്ടീടെ പിറന്നാളാണ്.’

“…. ഞാറാഴ്ച വൈന്നേരാണെങ്കി ഇനിയ്ക്കും പറ്റൂലാട്ടോ. തിയേറ്ററീ വന്നപ്പോ കാണാൻ കഴ്യാതെ പോയ സിനിമ്യാണ്. മ്മളെ ലാലേട്ടന്റേ……ഞായറാഴ്ച ടി വി യിലെങ്കിലും അതൊന്നു കാണണമെന്നുണ്ട്.’
ജോയിന്റ് സെക്രട്ടറി അനന്തന്റെ മുഖത്തെ ചതഞ്ഞ ചിരി മുറിയിലെ മങ്ങിയ വെളിച്ചത്തിൽ മറ്റാരും കണ്ടില്ല.
കലാ കമ്മിറ്റി കൺവീനർ താടി ചൊറിഞ്ഞു; ഇടംവലം നോക്കി, പതിയെ മന്ത്രിച്ചു. “തിങ്കളാഴ്ച വൈകുന്നേരാണെങ്കി എന്നേം നോക്കണ്ട. സുജാതാ വർമേടെ പുസ്തക പ്രകാശനം. പിന്നെ…ബുധനും വ്യാഴോം ഞാൻ ജോലി സംബന്ധായി പാലക്കാട്ടാവും.’

“എന്നാ പിന്നെ, ഇപ്പറഞ്ഞ ദിവസങ്ങളൊക്കെ എല്ലാര്ക്കും അസൗകര്യാച്ചാ രാത്രി എട്ടു മണിക്കു ശേഷോള്ള ഒരു സമയം നോക്കി തീരുമാനിക്കാം. എന്താ…’

ട്രഷറർ നെഞ്ചുവിരിച്ച് എട്ടടിയിൽ പൊങ്ങി നിന്നതും അധ്യക്ഷൻ മേശപ്പുറത്തെ അടി നിർത്തി , തന്റെ കട്ടി ക്കണ്ണടയിലൂടെ എല്ലാവരേയും ഉഴിഞ്ഞു നോക്കിക്കൊണ്ട് മുരണ്ടു. “എട്ടു മണിക്കു ശേഷമൊക്കെ സ്ഥിരബുദ്ധിയുള്ള ആരെങ്കിലും അങ്ങാടിയില് പരിപാടി വയ്ക്ക്വോ. ഒരു മനുഷ്യ ജീവിണ്ടാവോ…’
“അതെന്താ രാമൻകുട്ടി പ്രസിഡണ്ടേ., അങ്ങനെയൊരു വർത്താനം.എട്ടുമണിക്കെന്താ കുഴപ്പം. മുമ്പും ഇമ്മളാ സമയത്തൊക്കെ പരിപാടി നടത്തിയിട്ടില്ലേ….’

എക്സിക്യൂട്ടീവ് അംഗം കാദർ മാഷ് ചൂടായി.
മാഷെ പുളിച്ചൊരു നോട്ടം കൊണ്ട് ബലമായി പിടിച്ചിരുത്തിയിട്ട് പ്രസിഡണ്ട് രാമൻകുട്ടി പറഞ്ഞു: “ഓം നമശ്ശിവായ. ഇതുവരെ ഒറ്റ എപ്പിസോഡും ഒഴിവാക്കീട്ടില്ല… അതും കഴിഞ്ഞ് ഗോപാലമേനോന്റെ മോൻ തകർത്തഭിനയിക്കുന്ന “മഞ്ഞക്കിളിയുടെ പാട്ടും’, “അമ്മായിഅമ്മ വന്ന ദിവസവും’ കാണണം. രണ്ടും എട്ടിനു ശേഷാ…’

ഹാൾ ചിരിയരങ്ങിൽ കൊഴുത്തു. അതിൽ പങ്കുചേരാതെ മസിലു പിടിച്ച് കായിക കൺവീനർ ഒരു തത്വം വിളമ്പി.
“ഇനിയിപ്പോ ഇപ്പറഞ്ഞ ഏതെങ്കിലും ഒരു ദിവസം ഇമ്മള് പരിപാടി നടത്താന്ന് തന്നെ വയ്ക്ക്വാ. ന്നാ , പരിപാടിക്ക് വിചാരിച്ചത്ര ആളേ കിട്ടോ.’

“അതിന് വിചാരിക്കാഞ്ഞാ പോരെ ഓട്ടക്കാരാ…’
ഏതോ എക്സിക്യൂട്ടീവുകാരൻ കഫം കുറുകിയ ശബ്ദത്തിൽ തമാശിച്ചു.
വീണ്ടും ചിരിയുടെ തായമ്പക തുടങ്ങിയെങ്കിലും അതേറെ നേരം നീണ്ടു നിന്നില്ല.
തർക്കത്തിനു വേഗം വിരാമമായി.

അങ്ങനെ സഖാവ് കുഞ്ഞാത്തേട്ടന്റെ കുടുംബ സഹായ ഫണ്ട് ഏൽപ്പിക്കേണ്ട ചടങ്ങിന് തിയ്യതി കാണാൻ വൈകാതെ തന്നെ മറ്റൊരു യോഗം വിളിച്ച് ചേർക്കാമെന്ന് തീരുമാനിച്ച്, തത്കാലത്തേക്ക് പ്രസിഡണ്ട് യോഗം പിരിച്ചുവിട്ടു.

Content Highlights:
A local committee meeting descends into chaos as members offer bizarre personal excuses to postpone an important event. From birthday parties and movies to TV serials, personal priorities stall official work. The gathering ends without a resolution, deferring the cause to another day.