Source :- SIRAJLIVE NEWS
ആലപ്പുഴ | പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 53 കാരന്റെ മരണം കൊലപാതകമാണെന്നു വ്യക്തമായി. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷ് (53) ആണ് മരിച്ചത്.
പോലീസ് അന്വേഷണത്തിനിടെ ഒളിവില്‍ പോയ അയല്‍ വാസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കൊലപാതകത്തിനു കേസെടുത്തു.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ അടിയാണ് മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നത്. അക്രമി അടിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മുളവടി ഒടിഞ്ഞ നിലയില്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തിരുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമാണ് കൊലപാതകത്തിന് കേസെടുത്തത്. ഞായറാഴ്ച സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിക്ക് സമീപം തന്നെയാണ് മുളവടി കണ്ടെത്തിയിരുന്നത്. ഭാര്യയും മകളുമായി പിണങ്ങിക്കഴിയുന്ന സന്തോഷ് വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
സമീപവാസികളുമായും ഇയാള്‍ക്ക് കാര്യമായ സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം സന്തോഷ് തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് ഒരു പെണ്‍കുട്ടി ഇയാള്‍ക്കെതിരെ മുഹമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച പോലീസ് സന്തോഷിന്റെ വീട്ടില്‍ എത്തുമ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Content Highlights:
The death of 53-year-old Santhosh in Thanneermukkam was confirmed as murder following a post-mortem report. Muhammad police detained a neighbor who went missing after a minor girl filed a harassment complaint against Santhosh. A broken bamboo stick used in the assault was recovered from the scene.




