Home rss national malayalam പുതിയ വാർത്ത പൊതുഗതാഗതം ജനങ്ങള്‍ക്ക് ഭാരമാകരുത്

പൊതുഗതാഗതം ജനങ്ങള്‍ക്ക് ഭാരമാകരുത്

3
0

Source :- SIRAJLIVE NEWS

സ്വകാര്യ ബസ് ഉടമകള്‍ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് സാധാരണ യാത്രാ നിരക്കിന്റെ പകുതിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെ എസ് ആര്‍ ടി സിയുടെ പ്രിയദര്‍ശിനി പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായി ബസ് ഉടമകളുടെ സംഘടന ആരോപിക്കുന്നു. പദ്ധതി ആരംഭിച്ച ശേഷം 800 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സംഘടനയുടെ വാദം.

സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് പൊതുഗതാഗതം. ജോലിക്ക് പോകുന്ന തൊഴിലാളികള്‍, പഠന കേന്ദ്രങ്ങളിലെത്തേണ്ട വിദ്യാര്‍ഥികള്‍, വിവിധ ആവശ്യാര്‍ഥം ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന സാധാരണക്കാര്‍ തുടങ്ങി വലിയൊരു വിഭാഗത്തിന്റെ ജീവിതം ബസ് സര്‍വീസുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ഗ്രാമീണ- നഗര പാതകളെ ബന്ധിപ്പിക്കുന്നതില്‍ സ്വകാര്യ ബസുകള്‍ വലിയ പങ്ക് വഹിക്കുന്നു. യാത്രാനിരക്കിലെ ചെറിയ വര്‍ധന പോലും സാധാരണക്കാരായ യാത്രക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കും. ഇന്ധനച്ചെലവും നിത്യോപയോഗ സാധന വിലയും ജീവിതച്ചെലവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ യാത്രാനിരക്കിലുണ്ടാകുന്ന വര്‍ധന അവരെ കടുത്ത പ്രയാസത്തിലാക്കും.

ഇതിന്റെ മറുവശവും കാണാതിരുന്നു കൂടാ. ഇന്ധനവില, ജീവനക്കാരുടെ വേതനം, വാഹനങ്ങളുടെ അറ്റകുറ്റപ്പണി, നികുതി, ഇന്‍ഷ്വറന്‍സ്, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില തുടങ്ങിയ ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ പഴയ നിരക്കില്‍ സര്‍വീസ് നടത്തുക സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രയാസമായേക്കാം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി സര്‍വീസ് നിലവില്‍ വന്നതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും സ്വകാര്യ ബസ് വ്യവസായത്തിന്റെ വരുമാനത്തെ ബാധിക്കുന്ന ഘടകമാണ്. വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തെ തുടര്‍ന്ന് ബസ് സര്‍വീസ് നഷ്ടത്തിലായാല്‍ അതിന്റെ പ്രത്യാഘാതം യാത്രക്കാരെയും ബാധിക്കും. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുക, ലാഭകരമല്ലാത്ത റൂട്ടുകളില്‍ നിന്ന് പിന്മാറുക തുടങ്ങിയ നടപടികള്‍ പൊതുജനത്തിന്റെ യാത്രാസൗകര്യം കുറയ്ക്കും.

ഈ രണ്ട് വശവും പരിഗണിച്ചു വേണം സ്വകാര്യ ബസ് ഉടമകളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മിനിമം നിരക്ക് വര്‍ധിപ്പിക്കുന്നതിനു മുമ്പ് അതിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ഇപ്പോഴത്തെ മിനിമം നിരക്കില്‍ നിന്നുള്ള വര്‍ധന എത്ര ശതമാനമാണ്? ഒരു ദിവസം രണ്ടും മൂന്നും നാലും തവണ യാത്ര ചെയ്യുന്നവരുടെയും സ്ഥിരമായി യാത്ര ചെയ്യേണ്ടി വരുന്നവരുടെയും സാമ്പത്തിക ബാധ്യത എത്രത്തോളം ഉയരും തുടങ്ങിയ വശങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്. ബസ് ഉടമസ്ഥ സംഘം വരവ്- ചെലവ് കണക്കുകള്‍ സുതാര്യമായി പൊതുസമൂഹത്തിനു മമ്പില്‍ അവതരിപ്പിക്കണം. അവ സമഗ്രമായി പരിശോധിച്ചായിരിക്കണം സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്. ഇതോടൊപ്പം സ്വകാര്യ ബസുകള്‍ ഒരേ റൂട്ടില്‍ ഒരേ സമയത്ത് സര്‍വീസ് നടത്തുന്നത് മൂലമുള്ള അനാരോഗ്യമത്സരം, ഗ്രാമീണ മേഖലയിലെ യാത്രാ സൗകര്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണണം.

സ്വകാര്യ ബസ് സമരങ്ങളിലെ എക്കാലത്തെയും പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്. കാലോചിതമായ മാറ്റം വരുത്തണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച ഏത് തീരുമാനവും അവരുടെ സാമ്പത്തിക സാഹചര്യവും വിദ്യാഭ്യാസ അവകാശവും കണക്കിലെടുത്തായിരിക്കണം. എല്ലാവര്‍ക്കും വിദ്യാഭ്യാസം പ്രാപ്യമാക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്നവരില്‍ ഗണ്യവിഭാഗവും.പഠനസ്ഥലത്തേക്ക് കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടി വരുന്ന ഇവരുടെ യാത്രാ ചെലവിലെ വര്‍ധന കുടുംബങ്ങള്‍ക്ക് അധികബാധ്യതയാകുന്നതോടൊപ്പം വിദ്യാര്‍ഥികളുടെ പഠനത്തെയും തുടര്‍വിദ്യാഭ്യാസത്തെയും ബാധിക്കും. അതേസമയം വിദ്യാര്‍ഥികളില്‍ നിന്ന് തുച്ഛമായ നിരക്ക് ഈടാക്കുന്നത് വഴി ബസ് ഉടമകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ കണ്ടില്ലെന്നു നടിക്കാനുമാകില്ല. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു സാമൂഹിക ആനുകൂല്യമായതിനാല്‍ ഇത് സ്വകാര്യ ബസ് ഉടമകള്‍ക്ക് വരുത്തുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ കൂടി പങ്കിടുന്ന വ്യവസ്ഥയായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദം.

സ്വകാര്യ ബസ് മുടക്ക് ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ബസ് ഉടമകളുമായി അടിയന്തരമായി ചര്‍ച്ച നടത്തി പരിഹാരം കാണേണ്ടതുണ്ട്. ഏത് സമരത്തിന്റെയും അനന്തരഫലം യാത്രക്കാരുടെ യാത്രാദുരിതമാണ്. ജോലിയാവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍, സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, ചികിത്സ തേടുന്ന രോഗികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അനിശ്ചിതകാല പണിമുടക്ക് പ്രതികൂലമായി ബാധിക്കും. സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിക്കുന്ന ചില ആവശ്യങ്ങള്‍ ന്യായമാണെങ്കിലും, അവരെ തൃപ്തിപ്പെടുത്തുന്നതിലപ്പുറം സാധാരണക്കാരായ യാത്രക്കാരുടെയും ബസ് വ്യവസായികളുടെയും താത്പര്യങ്ങള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹികവുമായി നീതിപൂര്‍മായ സന്തുലിതാവസ്ഥ പാലിക്കുന്നതായിരിക്കണം സര്‍ക്കാര്‍ തീരുമാനം. യാത്രാനിരക്ക് താങ്ങാനാകാത്ത വിധം ഉയര്‍ന്നാല്‍ പൊതുഗതാഗതം സാധാരണക്കാരില്‍ നിന്ന് അകലും. അതേസമയം പ്രവര്‍ത്തനച്ചെലവ് താങ്ങാനാകാത്ത വിധം നിരക്ക് താഴ്ന്നാല്‍ സ്വകാര്യ ബസ് സര്‍വീസുകളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും. ഈ രണ്ട് സാഹചര്യങ്ങളും ഒഴിവാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിന് ഡീസല്‍ സബ്‌സിഡി, ടാക്‌സ് ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും പരിഗണിക്കാവുന്നതാണ്.

Content Highlights:
Private bus operators in Kerala have announced an indefinite strike from November 3 demanding a minimum fare hike to Rs 15 and student concession revisions. Operators allege severe financial losses due to rising expenses and government schemes. Immediate government intervention is required.