Home rss national malayalam പുതിയ വാർത്ത രാഷ്ട്രീയ ചതുരംഗമാണോ വഖ്ഫ് ബോര്‍ഡ്?

രാഷ്ട്രീയ ചതുരംഗമാണോ വഖ്ഫ് ബോര്‍ഡ്?

3
0

Source :- SIRAJLIVE NEWS

വഖ്ഫ് ഇസ്‌ലാമിക നാഗരിക സമൂഹം മനുഷ്യരാശിക്ക് മുന്നില്‍ അവതരിപ്പിച്ച പാവനമായ മത, സാമൂഹിക, സാമ്പത്തിക സംവിധാനമാണ്. മറ്റൊരു മതസമൂഹത്തിനും അവകാശപ്പെടാനില്ലാത്ത മഹത്തായൊരു ധര്‍മപരിപാലന പദ്ധതിയാണത്. പ്രവാചകന്റെ കാലം തൊട്ട് ഇന്ത്യയിലെത്തിയ മുസ്‌ലിം സമൂഹം വഖ്ഫിലൂടെ നിദാന്തദാനങ്ങളെ പരിപാലിച്ച് അതിന്റെ ഗുണഫലങ്ങള്‍ അര്‍ഹരിലേക്ക് എത്തിക്കുന്നുണ്ടായിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രവും പ്രവാചക അധ്യാപനങ്ങളും ഈ വിഷയത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് കൊണ്ട് വളരെ സൂക്ഷ്മതയോടെയും ദൈവഭയത്തോടെയുമായിരുന്നു വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്തിരുന്നതും അതിന്റെ പരിരക്ഷ ഉറപ്പാക്കിയതും. 1913ലാണ് രാജ്യത്ത് ആദ്യമായി ഒരു വഖ്ഫ് നിയമം നിലവില്‍ വരുന്നത്. ആ നിയമ നിര്‍മാണത്തിന് പ്രചോദനമായത് മുഹമ്മദലി ജിന്നയായിരുന്നു. ഈ വിഷയത്തിലുള്ള ചില വിധികള്‍ ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണെന്ന് മനസ്സിലാക്കിയാണ് വഖ്ഫിന്റെ മേല്‍നോട്ടത്തിന് നിയമം വേണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചത്.

അങ്ങനെയാണ് 1913ലെ “ദി മുസല്‍മാന്‍ വഖ്ഫ് വാലിഡേറ്റിംഗ് ആക്ട്’ നിലവില്‍വരുന്നത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ടില്‍ ഇസ്‌ലാമിക നിയമവ്യവസ്ഥ അനുസരിച്ച് കൈകാര്യം ചെയ്യേണ്ട വിഷയങ്ങളില്‍ വഖ്ഫും ഉള്‍പ്പെടുന്നുണ്ട്. ബ്രിട്ടീഷ് ഭരണകൂടം മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ, ആചാര, അനുഷ്ഠാന സ്വാതന്ത്ര്യം വകവെച്ചുനല്‍കിയപ്പോള്‍ വഖ്ഫിന്റെ കാര്യത്തിലും നിഷ്‌കര്‍ഷത പാലിക്കുകയും നിയമലംഘനങ്ങള്‍ തടയാന്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെട്ട ശാശ്വത ദാനങ്ങള്‍ ദാതാവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസൃതമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനും അന്യാധീനപ്പെടുന്നത് തടയാനും കാലാകാലം കൊണ്ടുവന്ന എണ്ണമറ്റ വഖ്ഫ് നിയമ ഭേദഗതികള്‍ തുറന്നമനസ്സോടെയാണ് മുസ്‌ലിം സമൂഹം സ്വീകരിച്ചുപോന്നത്. അതില്‍ ബി ജെ പി സര്‍ക്കാര്‍ ഗൂഢവും വര്‍ഗീയവുമായ ലക്ഷ്യത്തോടെ 2025ല്‍ കൊണ്ടുവന്ന വഖ്ഫ് നിയമ ഭേദഗതിയാണ് അപവാദമായി എടുത്തുകാട്ടാനുള്ളത്. വഖ്ഫിന്റെ മതപരമായ സ്പിരിറ്റ് ചോര്‍ത്തിയെടുത്ത്, ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ മുന്‍നിറുത്തി കേന്ദ്ര വഖ്ഫ് ബോര്‍ഡിന്റെ ഘടനയില്‍ കാതലായ മാറ്റം വരുത്താനും മുസ്‌ലിംകള്‍ക്ക് അവയുടെമേലുള്ള നിയന്ത്രണവും നിരീക്ഷണ സ്വാതന്ത്ര്യവും എടുത്തുകളയാനും ബി ജെ പി ഭരണകൂടം ആസൂത്രിതമായ നീക്കം നടത്തിയപ്പോള്‍ രാജ്യത്തെ മുസ്‌ലിംകള്‍ മാത്രമല്ല, മതേതര സമൂഹം ഒന്നടങ്കം അതിനെ എതിര്‍ത്തു. അതിന്റെ പേരിലുള്ള നിയമ പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

കേരളത്തില്‍ സംഭവിക്കുന്നത്
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ കീഴില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന വഖ്ഫ് ബോര്‍ഡിന്റെ ഏക ലക്ഷ്യം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും അവയില്‍ നിന്നുള്ള വരുമാനത്തിന്റെ സത്യസന്ധവും സുതാര്യവുമായ വിനിയോഗവും വസ്തുക്കള്‍ അന്യാധീനപ്പെടുന്ന സാഹചര്യങ്ങള്‍ ഫലപ്രദമായി തടയലുമാണ്. ഈ ലക്ഷ്യങ്ങള്‍ കരഗതമാക്കുന്നതില്‍ പ്രാഥമികമായി വേണ്ടത് നിഷ്പക്ഷമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കുന്ന ബോര്‍ഡുകളാണ്. എന്നാല്‍ നമ്മുടെ അനുഭവമെന്താണ്? മതകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹജ്ജ്, വഖ്ഫ് ബോര്‍ഡുകള്‍ പലപ്പോഴും ഭരിക്കുന്നവരുടെ ഹീനതാത്പര്യങ്ങള്‍ സംരക്ഷിക്കാനും രാഷ്ട്രീയനേതൃത്വത്തിന് വിലപേശാനുമുള്ള ഉപാധികളായി തരംതാഴുകയാണ്. അതിന്റെ മുന്തിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം നിലവില്‍ വന്ന പുതിയ സംസ്ഥാന വഖ്ഫ് ബോര്‍ഡ്. ഭരണം മാറുന്നതിനനുസരിച്ച് ഹജ്ജ് കമ്മിറ്റിയും വഖ്ഫ് ബോര്‍ഡും മാറണമെന്ന ദുശ്ശാഠ്യം തന്നെ വിവരക്കേടിന്റെ അനന്തരഫലമാണ്.

സെന്‍ട്രല്‍ ആക്ട് അനുസരിച്ച് നിലവില്‍ വന്ന ആ രണ്ട് ബോഡിയെയും അതിന്റെ കാലാവധി കഴിയുന്നത് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ഉയര്‍ന്ന മാതൃക. 2006ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍. ആ പദവിയില്‍ കാലാവധി കഴിയുന്നത് വരെ തുടരാന്‍ അനുവദിച്ചു. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങളായിരുന്നു ചെയര്‍മാന്‍. കാലാവധി പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന വഖ്ഫ് ബോര്‍ഡ് തുടര്‍ന്നു. എന്നല്ല പല നിര്‍ണായക വിഷയങ്ങളും വന്നപ്പോള്‍ ബോര്‍ഡുമായി പൂര്‍ണ സഹകരണത്തിലായിരുന്നു സര്‍ക്കാര്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചുമതലയേറ്റ കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള വഖ്ഫ് ബോര്‍ഡിന്റെ കഥ കഴിക്കാന്‍ നേരത്തേ തന്നെ നീക്കങ്ങളാരംഭിച്ചിരുന്നു. എന്നാല്‍ നിയമം തടസ്സമാകുമെന്ന് കണ്ടപ്പോള്‍ മറ്റു ചില മാര്‍ഗങ്ങളിലൂടെ കരുക്കള്‍ നീക്കി. പുതിയ വഖ്ഫ് നിയമമനുസരിച്ച് അത്ര പെട്ടെന്ന് ചെയര്‍മാനെ സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിയില്ലായിരുന്നു. എന്നിട്ടും കുത്സിത നീക്കങ്ങളിലൂടെ ബോര്‍ഡ് പിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് തുടക്കം മുതല്‍ നടത്തിയത്. എല്ലാത്തിനുമൊടുവില്‍ ശനിയാഴ്ച പുതിയ ബോര്‍ഡ് വന്നപ്പോഴോ ജനം ഞെട്ടി. പ്രമാദമായ വഖ്ഫ് നിയമ ഭേദഗതി പരിപൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കി. ആരുടെയൊക്കെയോ പ്രീതി നേടാനുള്ള നെട്ടോട്ടത്തില്‍ വഖ്ഫ് ബോര്‍ഡിനെ മറന്നു. അതിന്റെ അന്തസ്സ് പിച്ചിച്ചീന്തപ്പെട്ടു.

കേരളീയ മുസ്‌ലിം സമൂഹത്തിന്റെ 95 ശതമാനത്തെയും പ്രതിനിധാനം ചെയ്യുന്ന സുന്നികളെയും അവരുടെ സങ്കേതമായ രണ്ട് സമസ്തകളെയും തഴഞ്ഞ് ന്യൂനാല്‍ ന്യൂനപക്ഷം വരുന്ന അവാന്തര വിഭാഗങ്ങളെ കൊണ്ട് സംസ്ഥാന വഖ്ഫ് ബോര്‍ഡ് നിറയ്ക്കാന്‍ അത്യുത്സാഹം കാട്ടി. അങ്ങനെ അറിയപ്പെടുന്ന ഒരു സുന്നി നേതാവിനെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താതെ ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കാവുന്ന നീതികേട് ഊഹിക്കാവുന്നതേയുള്ളൂ.

പതിനായിരക്കണക്കിന് മദ്‌റസകളും അറബിക് കോളജുകളും അനാഥാലയങ്ങളും ഹോസ്റ്റലുകളും ശാസ്ത്രീയമായും കാര്യക്ഷമമായും നടത്തിപ്പോരുന്ന ഒരു വിഭാഗത്തെ പടിക്കുപുറത്തുനിര്‍ത്താന്‍ എന്ത് അപരാധമാണ് അവര്‍ ചെയ്തത്. കേരളത്തിലെ വഖ്ഫ് സ്വത്തുക്കളില്‍ ഭൂരിഭാഗവും സുന്നികളുടെ അധീനതയിലുള്ളവയാണ്. അവരോടുള്ള ഭരണവര്‍ഗത്തിന്റെ ചതുര്‍ഥിയല്ലേ ഒമ്പത് അംഗങ്ങളില്‍ അവരില്‍പ്പെട്ട ഒരു പ്രമുഖനെയെങ്കിലും ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, ദാവൂദി ബോറ തുടങ്ങിയ “പ്രബല വിഭാഗങ്ങളെ’ സന്തോഷിപ്പിക്കാന്‍ ശുഷ്‌കാന്തി കാട്ടിയവര്‍ക്ക് ഇരു സുന്നികളില്‍ നിന്നും ഒരു പ്രമുഖനെയും ഉള്‍പ്പെടുത്തേണ്ടതില്ല എന്ന “ധീരമായ തീരുമാന’ത്തിലെത്താന്‍ പ്രേരണ നല്‍കിയ ഘടകം എന്താണെന്ന് ആഴത്തില്‍ അപഗ്രഥിക്കേണ്ടതുണ്ട്. കേരളത്തിന്റെ പൊതുചര്‍ച്ചയായി ഈ വിഷയത്തെ വളര്‍ത്തിക്കൊണ്ടുവന്ന് ഹജ്ജും വഖ്ഫുമൊക്കെ രാഷ്ട്രീയക്കാരുടെ കൈയിലെ കങ്കാണി ഉരുപ്പടികളായി മാറുന്നതിനെതിരായ വികാരമായി വികസിപ്പിക്കേണ്ടതുണ്ട്. സമുദായ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് നീതികേടിന്റെ സമീപനം പ്രതീക്ഷിച്ചുകൊള്ളുക എന്ന മുന്നറിയിപ്പാണ് പുതിയ സംഭവവികാസങ്ങള്‍ കൈമാറുന്നത്. മുസ്‌ലിം സമൂഹത്തെ മാത്രമല്ല, കേരളീയ പൊതുസമൂഹത്തെയും മാധ്യമ- ധൈഷണിക മേഖലയെയും പരസ്യമായി വെല്ലുവിളിച്ചാണ് വഖ്ഫ് ബോര്‍ഡ് തട്ടിക്കൂട്ടിയിരിക്കുന്നതെന്ന് പറയാതെ വയ്യ.

Content Highlights:
The newly constituted Kerala State Wakf Board has drawn severe criticism for excluding prominent Sunni factions while accommodating minority groups. Critics argue the move undermines the dignity and spiritual integrity of wakf properties. The reconstitution reflects growing political interference in religious endowments.