Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തെ പോലീസ് സേനയിലേക്കുള്ള നിയമനങ്ങളിൽ പുരുഷ-സ്ത്രീ അനുപാതം വർധിപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ. കേരള പോലീസിലെ വനിതാ പങ്കാളിത്തം 33 ശതമാനമായി ഉയർത്തുന്നതിന്റെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ നിയമനനടപടികളിൽ നിലവിലുള്ള അനുപാതം വർധിപ്പിക്കണമെന്നാണ് ശിപാർശ.
സംസ്ഥാനത്ത് നിയമിക്കപ്പെടുന്ന 10 സി പി ഒമാരിൽ മൂന്ന് പേർ സ്ത്രീകളായിരിക്കണം. നിലവിലുള്ള 9:1 എന്ന പുരുഷ-സ്ത്രീ നിയമന അനുപാതം 7:3 എന്നാക്കി ഉയർത്താൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം മൂന്നിലൊന്നാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് സർക്കാറിന്റെ പുതിയ നീക്കം.
ആഭ്യന്തരവകുപ്പ് പരിശോധിച്ച ശിപാർശകൾ നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. യു ഡി എഫ് സർക്കാറിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായതിനാൽ, നിർദേശം ഉടൻ തന്നെ മന്ത്രിസഭ പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ, പബ്ലിക് സർവീസ് കമ്മീഷൻ പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം മാർക്ക് ലിസ്റ്റുകൾ വഴിയാണ് നിയമിക്കുന്നത്. ഓരോ പത്താമത്തെ സി പി ഒ ഒഴിവ് സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നാണ് നിർദേശം. എന്നാൽ പുതിയ ശിപാർശ അംഗീകരിക്കപ്പെട്ടാൽ, ആദ്യത്തെ ഏഴ് ഒഴിവുകൾ പുരുഷന്മാർക്കും തുടർന്നുള്ള മൂന്ന് ഒഴിവുകൾ വനിതകള്‍ക്കുമായി സംവരണം ചെയ്യപ്പെടും.
നിലവിൽ പോലീസ് സേനയിൽ 9-10 ശതമാനം മാത്രമാണ് വനിതകളുടെ പ്രാതിനിധ്യമെന്ന് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ഐ ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ, അത് പോലീസിന്റെ പ്രവർത്തനരീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഹർഷിത അട്ടല്ലൂരി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലൂടെ പോലീസിനെ സമൂഹത്തിന്റെ പ്രതിഫലനമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ഐ ജി വിശദീകരിച്ചു.
Content Highlights: The State Police Chief recommended raising women representation in Kerala Police to 33 percent. DGP Rawada Chandrasekhar submitted a proposal to revise the male to female CPO recruitment ratio from 9 to 1 to 7 to 3. The Home Department has forwarded the file for Cabinet approval.




