Source :- SIRAJLIVE NEWS
സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബോംബെ ഹൈക്കോടതി നടപടികളും 22 പ്രതികളെയും വെറുതെ വിട്ട വിധിയും സുതാര്യമല്ലെന്ന കുടുംബത്തിന്റെ ആരോപണത്തെ സാധൂകരിക്കുന്നതാണ്, ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജി വിചാരണക്കെടുക്കാന്‍ സമ്മതിച്ച സുപ്രീം കോടതി നിലപാട്. കേസില്‍ നിര്‍ണായകമായ ചില സാക്ഷികളുടെ മൊഴി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കിയിട്ടുമുണ്ട്. കേസില്‍ 92 പേര്‍ വിചാരണാവേളയില്‍ മൊഴിമാറിയതില്‍ സുപ്രീം കോടതി സന്ദേഹം പ്രകടിപ്പിക്കുകയും വിചാരണ നീതിപൂര്‍വകമായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പരാമര്‍ശിക്കുകയും ചെയ്തു.
ഒരു കേസിലെ ഒന്നോ രണ്ടോ മൂന്നോ സാക്ഷികള്‍ മൊഴിമാറുന്നത് സാധാരണമാണ്. ഭയം, ഓര്‍മക്കുറവ്, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കൊണ്ട് അങ്ങനെ സംഭവിക്കാം. എന്നാല്‍ 92 പേര്‍ ഒന്നിച്ച് മൊഴിമാറുമ്പോള്‍ ഓര്‍മക്കുറവ് കൊണ്ടല്ല, വ്യവസ്ഥാപിതമായ ഭയപ്പെടുത്തല്‍മൂലമോ സ്വാധീനംമൂലമോ ആണെന്ന് അനുമാനിക്കാവുന്നതാണ്. സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു കേസില്‍, അവര്‍ക്കെതിരെ മൊഴിനല്‍കാന്‍ സാധാരണക്കാരായ സാക്ഷികള്‍ക്ക് ഭയമുണ്ടാകുക സ്വാഭാവികം. കുറ്റാരോപിതരായ വ്യക്തികള്‍ക്ക് അധികാരമേഖലയിലെ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ നിശബ്ദരാക്കാന്‍ സാധിക്കും.
എന്താണ് കൂട്ടത്തോടെ മൊഴിമാറാന്‍ കാരണം, സാക്ഷികളെ സ്വാധീനിക്കാന്‍ ഉന്നതതലത്തില്‍ നിന്ന് സ്വാധീനമുണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്താതെ “സാക്ഷികളെല്ലാം കൂറുമാറിയതുകൊണ്ട് തെളിവില്ലെ’ന്ന ഹൈക്കോടതിയുടെ ലളിതമായ നിഗമനം നീതിന്യായ വ്യവസ്ഥയുടെ അന്തസ്സത്തക്ക് യോജിച്ചതല്ല. ഇതാണ് പ്രധാനപ്പെട്ട സാക്ഷികളുടെ മൊഴി പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിനു പിന്നില്‍. കൂറുമാറിയ സാക്ഷികളുടെ മൊഴികളിലെ വിശ്വസനീയമായ ഭാഗങ്ങള്‍ കോടതികള്‍ക്ക് നിയമാനുസൃതമായി പരിഗണിക്കാമെന്നത് ഇന്ത്യന്‍ തെളിവുനിയമത്തിലെ സ്ഥാപിതമായ തത്ത്വവുമാണ്.
കീഴ്‌ക്കോടതികള്‍ക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് തിരുത്താന്‍ മേല്‍ക്കോടതികള്‍ക്ക് അധികാരമുണ്ടെന്നു മാത്രമല്ല, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസം നിലനിര്‍ത്താന്‍ അതാവശ്യവുമാണ്. ഈ ഉത്തരവാദിത്വമാണ് സുപ്രധാന സാക്ഷികളെ വീണ്ടും വിചാരണക്ക് വിധേയരാക്കുന്നതിലൂടെ സുപ്രീം കോടതി നിര്‍വഹിക്കുന്നത്. വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജുഡീഷ്യറിയുടെ വിശ്വാസം വീണ്ടെടുക്കാനും ഇത് സഹായകമാകും. സുഹ്‌റാബുദ്ദീന്‍ കേസിലെ വിചാരണാ നടപടികളെക്കുറിച്ച് സുപ്രീം കോടതി രേഖപ്പെടുത്തിയ ആശങ്കകളും അതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങളും രാജ്യത്ത് നിയമവാഴ്ച ഇപ്പോഴും ജീവനോടെയുണ്ടെന്നതിനു തെളിവാണ്.
രാജ്യത്ത് ശക്തമായ ഒരു സാക്ഷി സംരക്ഷണ നിയമത്തിന്റെ ആവശ്യകതയിലേക്കുകൂടി വിരല്‍ ചൂണ്ടുന്നുണ്ട് സുഹ്‌റാബുദ്ദീന്‍ കേസ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ സാക്ഷികള്‍ സുരക്ഷാഭീഷണി നേരിട്ടാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സംവിധാനങ്ങള്‍ (വിറ്റ്‌നസ്സ് പ്രൊട്ടക്്ഷന്‍ പ്രോഗ്രാം) ഉണ്ട്. തീവ്രവാദം, മാഫിയാ ഗ്രൂപ്പുകള്‍, ഭരണകൂടത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട അഴിമതി തുടങ്ങിയ കേസുകളില്‍ സാക്ഷിപറയുന്നവര്‍ക്കും കുടുംബത്തിനും ഭീഷണിയുണ്ടാകുമ്പോള്‍ നല്‍കുന്ന സമഗ്രസുരക്ഷാ പദ്ധതിയാണിത്. യു എസ് മാര്‍ഷല്‍ സര്‍വീസിനു കീഴില്‍ 1970ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം പതിനായിരത്തിലധികം സാക്ഷികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷ നല്‍കിയിട്ടുണ്ട്.
ഈ പദ്ധതിക്കു കീഴില്‍ അഭയം തേടുന്ന സാക്ഷികളെയും കുടുംബത്തെയും ആര്‍ക്കും കണ്ടെത്താനാകാത്ത രഹസ്യസങ്കേതത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും അവരുടെയെല്ലാം പേരും പശ്ചാത്തലവും പൂര്‍ണമായി മാറ്റുകയും ചെയ്യുന്നു.
പുതിയ സ്ഥലത്തേക്ക് മാറുന്നതോടെ സാക്ഷിക്ക് തന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ നേരില്‍ കാണാനോ ഫോണില്‍ ബന്ധപ്പെടാനോ സാധിക്കില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും കര്‍ശന വിലക്കുണ്ട്. മാധ്യമങ്ങള്‍ക്കോ പ്രതികള്‍ക്കോ പുതിയ പേരോ വിവരങ്ങളോ അറിയാനാകില്ല. പുതിയ ജോലി കണ്ടെത്തുന്നതിന് സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങള്‍ മാര്‍ഷല്‍ സര്‍വീസ് നല്‍കുകയും ജോലി ലഭിക്കുന്നത് വരെ ജീവിതച്ചെലവുകളും ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുകയും ചെയ്യുന്നു. കോടതിയില്‍ വിചാരണാവേളയില്‍ മൊഴിക്ക് ഹാജരാകുമ്പോള്‍ യു എസ് മാര്‍ഷലുകള്‍ അവര്‍ക്ക് ചുറ്റും കവചമായി നില്‍ക്കും. കോടതി മുറിയിൽ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് മൊഴിയെടുപ്പ് നടത്തുന്നത്.
ഇന്ത്യയിലും സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 2018ല്‍ “വിറ്റ്‌നസ്സ് പ്രൊട്ടക്്ഷന്‍ പ്രോഗ്രാം’ തയ്യാറാക്കിയിട്ടുണ്ടെങ്കിലും വേണ്ടത്ര കാര്യക്ഷമമായി നടപ്പാക്കുന്നില്ല. സാക്ഷികള്‍ക്ക് പോലീസ് കാവല്‍ നല്‍കുന്നതിലൊതുങ്ങുന്നു അത്. പ്രതികള്‍ ശക്തരോ ഭരണകൂടത്തിന്റെ ഭാഗമോ ആകുമ്പോള്‍ പോലീസിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയുന്നില്ല. അമേരിക്കയിലെപ്പോലെ സാക്ഷിയുടെ വ്യക്തിത്വം സമൂഹത്തിനിടയില്‍ പൂര്‍ണമായി മറച്ചുപിടിക്കാനും സുരക്ഷിതമായ ഒരു സ്ഥലത്ത് ഭയലേശമന്യേ ജീവിക്കാനും നിയമപരവും സാങ്കേതികവുമായ സംവിധാനം നിലവില്‍ വന്നെങ്കില്‍ മാത്രമേ പ്രമാദ കേസുകളില്‍ കോടതി മുമ്പാകെ സത്യം തുറന്നുപറയാന്‍ സാക്ഷികള്‍ സന്നദ്ധമാകുകയുള്ളൂ. എങ്കില്‍ സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ പോലെയുള്ള പല കേസുകളുടെയും തീര്‍പ്പ് മറ്റൊന്നാകുമായിരുന്നു.




