Source :- SIRAJLIVE NEWS
കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ വിമത വിഭാഗം. നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങളിലെ സാരഥികളെയാണ് റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പ്രഖ്യാപിച്ചത്. ഇതോടെ ഒക്ടോബര്‍ ആറിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ഇരുവിഭാഗങ്ങളും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങി.
പൂര്‍ബ മേദിനിപൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ നിന്ന് വിമത ടി എം സി സ്ഥാനാര്‍ഥിയായി മുഹമ്മദ് എതെഷാമുല്‍ ഹഖും മുര്‍ഷിദാബാദിലെ റെജിനഗറില്‍ നിന്ന് സഫിയുദ്ദീന്‍ ഷെയ്ഖും മത്സരിക്കും. ഇന്നലെ മമതയുടെ നേതൃത്വത്തിലുള്ള വിഭാഗം നന്ദിഗ്രാമില്‍ നിന്ന് പുതിയ മുഖമായ സഞ്ജിത പ്രധാന്‍ (ഡേ)-യെയും റെജിനഗറില്‍ നിന്ന് മുന്‍ എം എല്‍ എ. റാബിയുല്‍ ആലം ചൗധരിയെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരുന്നു. മത്സരിക്കുന്നില്ലെന്ന് മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. മമത നേരിട്ട് മത്സരിക്കുകയാണെങ്കില്‍ നന്ദിഗ്രാമില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് റിതബ്രതയുടെ നേതൃത്വത്തിലുള്ള വിഭാഗം പറഞ്ഞിരുന്നു.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗവുമായുള്ള വിമതരുടെ പോരാട്ടം ഈ നീക്കത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. പാര്‍ട്ടി പേര്, സംഘടനാ നിയന്ത്രണം, തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെയാണിത്. 2026-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ടി എം സി പിളര്‍ന്നതിനു ശേഷം വിമത വിഭാഗത്തിന്റെ ആദ്യ പ്രധാന തിരഞ്ഞെടുപ്പ് പരീക്ഷണമാണിത്. പ്രതിപക്ഷ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് മുതലെടുക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
ടി എം സിയുടെ പേര്, സംഘടനാ സംവിധാനം, ആസ്തികള്‍, ‘ജോര ഘാസ് ഫൂല്‍’ (ഇരട്ടപ്പൂവ്) ചിഹ്നം എന്നിവയിലുള്ള അവകാശവാദങ്ങളെക്കുറിച്ച് ഇരുവിഭാഗങ്ങളുടെയും പ്രതിനിധികളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം തന്നെ വിവരങ്ങള്‍ തേടിയിട്ടുണ്ട്.
Content Highlights: The rebel faction of the Trinamool Congress has announced its candidates for the upcoming West Bengal assembly by-elections. This move comes amid an ongoing dispute with party leadership over official recognition and candidate selection. The decision further intensifies the internal political conflict within the party ahead of the voting process.



