Home rss national malayalam പുതിയ വാർത്ത ‘ഭൂപരിഷ്‌കരണം 2.0’ വഴി ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കില്ല: ഭൂഅവകാശ സമിതി

‘ഭൂപരിഷ്‌കരണം 2.0’ വഴി ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കില്ല: ഭൂഅവകാശ സമിതി

4
0

Source :- SIRAJLIVE NEWS

കൊച്ചി | യു ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത പരിപാടിയായ ‘ഭൂപരിഷ്‌കരണം 2.0’ വഴി ഭൂരഹിതരായ ദളിതര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭൂമി ലഭിക്കില്ലെന്ന് ഭൂഅവകാശ സമിതി. സര്‍ക്കാരിന്റെ അവകാശവാദം പോലെ വികസന ആവശ്യങ്ങള്‍ക്കായുള്ള ഭൂമി സമാഹരണവും (ലാന്‍ഡ് പൂളിംഗ്) നടപ്പിലാകില്ലെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

‘ഭൂപരിഷ്‌കരണം 2.0’ പദ്ധതി നടപ്പാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ പഠനസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തോട്ടം ഭൂമി ബഹുവിളകളാക്കി മാറ്റാനും ഭൂപരിധി പുനര്‍നിര്‍ണയിക്കാനും പൊതുആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് എളുപ്പമാക്കാനുമുള്ള നിയമസാധ്യതകള്‍ ആരായുക എന്നതാണ് പഠനസംഘത്തിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വ്യാജരേഖകളിലൂടെ കൈവശം വെച്ചിരിക്കുന്ന വിദേശ തോട്ടങ്ങള്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുമെന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്നുള്ള പിന്മാറ്റമാണിത്.

മധ്യതിരുവിതാംകൂറില്‍ മാത്രം അഞ്ചര ലക്ഷത്തോളം ഏക്കര്‍ ഭൂമി വിദേശ തോട്ടങ്ങളായുണ്ടെന്നും അത് സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുമെന്നും ഡോ. രാജമാണിക്യം ഐ എ എസിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടങ്ങള്‍ ബഹുവിളകളാക്കാന്‍ അനുമതി നല്‍കുകയും ഭൂപരിധിയില്‍ ഇളവ് നല്‍കുകയും ചെയ്താല്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന തോട്ടങ്ങള്‍ തരംമാറ്റാനും മുറിച്ചുവില്‍ക്കാനും നിയമസാധുത ലഭിക്കും. ഇത് ഭൂപരിധി ലംഘിച്ചവര്‍ക്ക് അനുകൂലമാവുകയും വ്യവഹാരങ്ങള്‍ പരാജയപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഭൂപരിധി എടുത്തു കളയുന്നത് പുത്തന്‍ ഭൂപ്രമാണിത്തത്തിനും കോര്‍പറേറ്റ് ലാന്‍ഡ് ലോഡിസത്തിനും വഴിതുറക്കും. ടൂറിസത്തിനായി തണ്ണീര്‍ത്തട നിയമം പരിഷ്‌കരിക്കാനുള്ള നീക്കം മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും പ്രതികൂലമായി ബാധിക്കും.

ലക്ഷക്കണക്കിന് ഏക്കര്‍ വിദേശ തോട്ടങ്ങള്‍ ഏറ്റെടുത്ത് ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വികസനാവശ്യങ്ങള്‍ക്ക് ഭൂമി മാറ്റിവെക്കാനുമുള്ള സാധ്യതയാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. അതിനാല്‍ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വിദേശ തോട്ടങ്ങള്‍ ഏറ്റെടുക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്നും ഭൂഅവകാശ സമിതി ആവശ്യപ്പെട്ടു.

ഭൂപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ഏഴ് മുതല്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ‘ഭൂഅവകാശയാത്ര’ നടത്തും. നവംബര്‍ അവസാനവാരം തിരുവനന്തപുരത്ത് ‘ലാന്‍ഡ് കോണ്‍ക്ലേവ്’ സംഘടിപ്പിച്ച് സമഗ്ര ഭൂപരിഷ്‌കരണത്തിനുള്ള ബദല്‍ രേഖ തയ്യാറാക്കും. ഇതിന്റെ മുന്നോടിയായി ഒക്ടോബര്‍ 17-ന് എറണാകുളം ഗാന്ധിഭവനില്‍ സംസ്ഥാന സമിതി യോഗം ചേരും.

വാര്‍ത്താസമ്മേളനത്തില്‍ സി പി ഐ എം എല്‍ റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്‍, എ ഡിഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ കെ അംബുജാക്ഷന്‍, ജനറല്‍ കണ്‍വീനര്‍ എം ഗീതാനന്ദന്‍, ചെയര്‍മാനും കെസി എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഐ ആര്‍ സദാനന്ദന്‍, എ ഡി എഫ് ഭാരവാഹികളായ എ കെ ഭാസ്‌കരന്‍, കെ കെ ജയന്തന്‍ പങ്കെടുത്തു.

Content Highlights:
The Land Rights Committee has criticized the ongoing Land Reform 2.0 initiative in Kerala. They stated that the policy fails to address the core needs of landless citizens. Further protests and discussions are expected regarding land distribution policies.