Source :- SIRAJLIVE NEWS
നീലേശ്വരം | നാടിന്റെ വികസനം ജനങ്ങളെ ശ്വാസം മുട്ടിച്ചാകരുതെന്ന പ്രഖ്യാപനവുമായി നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ തുടരുന്ന അനിശ്ചിതകാല ജനകീയ സമരം നൂറ് ദിവസം പിന്നിട്ടു. നൂറാം ദിനത്തോടനുബന്ധിച്ച് വേറിട്ടതും ശക്തവുമായ പ്രതിഷേധ പരിപാടികളാണ് സമരപ്പന്തലിലും ദേശീയപാതയിലുമായി അരങ്ങേറിയത്. ദേശീയപാതയില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ‘ആകാശപാത’യുടെ (ഫ്‌ളൈ ഓവര്‍) മാതൃക നിര്‍മിച്ച് നടത്തിയ പ്രതിഷേധത്തില്‍ വ്യാപാരി പ്രതിനിധികളും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ ഭാരവാഹികളും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുത്തു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ വന്‍ ജനപങ്കാളിത്തമാണ് നൂറാം ദിന സമാപന സമ്മേളനത്തിലുണ്ടായത്.
സമരത്തിന്റെ നൂറാം ദിന സായാഹ്ന സമ്മേളനം ചെറുവത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മലപ്പില്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജനകീയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നാടിനെ നെടുകെ പിളര്‍ക്കുന്ന കൂറ്റന്‍ മണ്‍മതിലുകള്‍ക്ക് പകരം നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ തൂണുകളിന്മേല്‍ ആകാശപാത നിര്‍മിക്കണമെന്നത് നാടിന്റെ അതിജീവനത്തിന്റെ പ്രശ്‌നമാണ്. ദേശീയപാതയുടെ പദ്ധതി റിപോര്‍ട്ട് (ഡി പി ആര്‍) തയ്യാറാക്കിയ സമയത്ത് അധികാരികള്‍ കാണിച്ച വീഴ്ചയാണ് ജനങ്ങളെ ഇത്തരത്തില്‍ തെരുവിലേക്ക് തള്ളിവിട്ടതെന്നും ജനകീയ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യമേകി പ്രമുഖ കലാകാരന്മാര്‍ അണിനിരന്ന സാംസ്‌കാരിക സദസ്സ് നടന്നു. പ്രശസ്ത ഗായകരായ ഉമേശന്‍ നീലേശ്വരം, ആദില്‍ അത്തു, ഫിസ്‌റ അത്തു, മുഹമ്മദാലി എന്നിവര്‍ സമരവേദിയില്‍ ഐക്യദാര്‍ഢ്യ ഗാനങ്ങള്‍ ആലപിച്ചു. തുടന്ന് ജൂനിയര്‍ മാന്ത്രികന്‍ ഹൃദയദേവ് അവതരിപ്പിച്ച മാജിക് വിസ്മയവും ആവേശം പകര്‍ന്നു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ജനകീയ പങ്കാളിത്തത്തോടെയും ശക്തമായ പ്രക്ഷോഭങ്ങളോടെയും മുന്നോട്ട് കൊണ്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. വിവിധ നഗരസഭാ പ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.
Content Highlights:
The public agitation in Nileshwaram reached its 100th day with a unique human skyway protest. Local residents formed a massive human chain to draw urgent attention to their long-pending demands. The innovative demonstration highlighted growing public dissatisfaction with official apathy.




