Home rss national malayalam പുതിയ വാർത്ത മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് നിയമനം; മുസ്‍ലിം ലീഗിൽ മുറുമുറുപ്പ്

മന്ത്രി ഷംസുദ്ദീന്റെ സ്റ്റാഫില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് നിയമനം; മുസ്‍ലിം ലീഗിൽ മുറുമുറുപ്പ്

3
0

Source :- SIRAJLIVE NEWS

മലപ്പുറം | വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്‍ലാമി നേതാവിന് നിയമനം നൽകിയതിനെച്ചൊല്ലി വലിയ വിവാദവും പ്രതിഷേധവും ഉയരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ് ഐ ഒ) മുൻ മലപ്പുറം ജില്ലാ പ്രസിഡന്റായ കെ കെ അഷ്റഫിനെയാണ് സ്റ്റാഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഫീസ് അറ്റൻഡന്റ് പദവിയിലാണ് കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയായ അഷ്റഫിന്റെ ഈ നിയമനം. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന അഷ്റഫ് നിലവിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.

ജമാഅത്തെ ഇസ്‌ലാമി നേതൃത്വം നേരിട്ട് ഇടപെട്ടാണ് ഈ നിയമനം നേടിയെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു ഡി എഫിനെ സഹായിച്ചതിനുള്ള ഉപകാരസ്മരണ എന്ന നിലയ്ക്കാണ് സ്റ്റാഫിൽ നിയമനം നൽകിയതെന്നാണ് വിവരം. വിദ്യാഭ്യാസ വകുപ്പിൽ തന്നെ നിയമനം വേണമെന്ന് ജമാഅത്തെ ഇസ്‌ലാമി ശക്തമായി ആവശ്യപ്പെട്ടിരുന്നു.

അതേസമയം നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനകത്ത് കടുത്ത വിമർശനമാണ് ഉയരുന്നത്. കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ്, മുൻസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിച്ചു. പാർട്ടിക്കെതിരെ ശക്തമായി പ്രവർത്തിക്കുകയും എസ് ഐ ഒ നേതാവായിരുന്ന സമയത്ത് ക്യാമ്പസുകളിൽ എം എസ് എഫ് പ്രവർത്തകർക്കെതിരെ നിലകൊള്ളുകയും ചെയ്ത അഷ്‌റഫിനെ സ്റ്റാഫിലെടുത്തതിലുള്ള അമർഷം ഭാരവാഹികൾ പി എം എ സലാമിനെ കണ്ട് അറിയിക്കുകയായിരുന്നു.

പേഴ്സണൽ സ്റ്റാഫിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് പറഞ്ഞ് യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം പുറത്തുവന്നത്. യു ഡി എഫ് സർക്കാറിൽ മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അകത്ത് വലിയ തോതിലുള്ള അതൃപ്തി നിലനിൽക്കുന്നുണ്ട്. യൂത്ത് ലീഗ്, എം എസ് എഫ് തുടങ്ങിയ പോഷക സംഘടനകളിൽ നിന്ന് ആരെയും പരിഗണിക്കുന്നില്ലെന്ന പരാതിയുമായി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് ചേർന്ന യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ ലീഗ് മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു.

പോഷക സംഘടനകൾ നൽകിയ പട്ടിക പൂർണ്ണമായി മറികടന്നാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് നിയമനങ്ങൾ നടന്നത്. വിദ്യാഭ്യാസ വകുപ്പിൽ എം എസ് എഫ് നൽകിയ പട്ടികയിൽ നിന്നും ഒരാളെ പോലും നിയമിക്കാതെയാണ് ജമാഅത്ത് ഇസ്‌ലാമിയുടെ വിദ്യാർഥി നേതാവായിരുന്ന വ്യക്തിക്ക് നിയമനം നൽകിയത് എന്നത് ശ്രദ്ധേയമാണ്.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ ഷരീഫ് സാഗർ, മലപ്പുറം ജില്ലാ കമ്മിറ്റി നൽകിയ അബ്ദുല്ല വാവൂർ, അഡ്വ ആരിഫ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നൽകിയ ഗഫൂർ കോൽക്കളത്തിൽ, കെ സി ശിഹാബ്, സംസ്ഥാന ഓഫീസ് സെക്രട്ടറി സക്കീർ, മലപ്പുറം ജില്ലാ ഓഫീസ് സെക്രട്ടറി റിയാസ്, എം എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകിയ നൗഫൽ കുളപ്പട, ഫിറോസ് പള്ളത്ത്, വി എ വഹാബ്, കെ യു ഹംസ, കെ എസ് ടി യു സംസ്ഥാന കമ്മിറ്റി നൽകിയ അബ്ദുല്ല, സി CKCT സംസ്ഥാന കമ്മിറ്റി നൽകിയ ഡോ അൻവർ ശാഫി തുടങ്ങിയ പോഷക സംഘടനാ നേതാക്കളെ വെട്ടിനിരത്തിയാണ് ജമാഅത്തെ ഇസ്‌ലാമി നേതാവിന് തസ്തിക നൽകിയത്.

പ്രവർത്തകർ പരസ്യമായി തന്നെ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരുന്നുണ്ട്. അധികാരത്തിൽ എത്തിയപ്പോൾ സമരവഴിയിൽ കേസുകളിൽ അകപ്പെട്ട പ്രവർത്തകരെ മറന്ന് ജമാഅത്തെ ഇസ്ലാമി നേതാവിനെ കൂടെ കൂട്ടുകയാണ് വിദ്യാഭ്യാസ മന്ത്രിയെന്ന് മുസ്ലിം യൂത്ത് ലീഗ് മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഷെരീഫ് ഫേസ്ബുക്കിൽ വിമർശിച്ചു. അതിനിടെ രണ്ട് കോൺഗ്രസ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ കൂടി ജമാഅത്ത് ഇസ്‌ലാമി നേതാക്കൾക്ക് നിയമനം നൽകാൻ നീക്കം നടക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി നടന്ന ധാരണയുടെ ഭാഗമായാണ് ഈ നിയമനങ്ങളെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights:
The appointment of former SIO leader KK Ashraf to the personal staff of Education Minister N Shamsudheen has sparked intense controversy and backlash within the Muslim League and Youth League. Leaders expressed dissatisfaction over bypassing recommended candidates from party feeder organizations. Moves are also reportedl