Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഇരുട്ടടിയായി ഇ ഡി യുടെ നടപടി. 440 കോടി രൂപയോളം നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് എച്ച് ഡി എഫ് സി ബാങ്ക് അക്കൗണ്ടുകളിലായി 440.42 കോടി രൂപ ഉണ്ടായിരുന്നതായി ഇ ഡി പ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും ഇതില്‍ അന്വേഷണം നടക്കുകയാണെന്നും ഇ ഡി വ്യക്തമാക്കി. വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘കെയര്‍വെല്‍’ ഗ്രൂപ് എന്ന കമ്പനികളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലും മറ്റിടങ്ങളിലുമായി അഞ്ച് കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ച ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നേതാക്കളുടെ യാത്രാചെലവുകള്‍ക്കായി ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന കേസിലാണ് ഈ നടപടി. കെയര്‍വെല്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലേക്കും ഏകദേശം 160 കോടി രൂപ കൈമാറിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇ ഡി പ്രസ്താവനയില്‍ പറയുന്നു. 2023 ഏപ്രിലിനും 2026 ജൂണിനുമിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഇത്തരമൊരു പണക്കൈമാറ്റം നടന്നത്. ഈ തുക ഉപയോഗിച്ച് എംബ്രയര്‍ ലെഗസി 600 വിമാനവും അഗസ്റ്റ 109 ഗ്രാന്‍ഡ് ന്യൂ ഹെലികോപ്റ്ററും വാങ്ങിയതായാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഹെലികോപ്റ്റര്‍ വാങ്ങുന്നതിനായി കേമാന്‍ ഐലന്‍ഡ്സ് കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തില്‍നിന്ന് 1.7 ദശലക്ഷം യു എസ് ഡോളര്‍ സുരക്ഷിതമല്ലാത്ത വായ്പയായി സംഘടിപ്പിച്ചതായും ഇ ഡി ആരോപിക്കുന്നു.
പണത്തിന്റെ ഉറവിടം, ഫണ്ടിന്റെ ഉപയോഗം, വിദേശ ധനസഹായം, ബന്ധപ്പെട്ട എല്ലാ കമ്പനികളും തമ്മിലുള്ള ഇടപാടുകള്‍ എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇഡി അറിയിച്ചു.
Content Highlights:
The Enforcement Directorate has frozen three HDFC Bank accounts of the Trinamool Congress containing 440.42 crore rupees under the PMLA. The central agency’s action followed extensive raids at five locations in Kolkata linked to Carewell Aviation group. Investigations revealed that about 160 crore rupees were allegedly transferred to purchase a private jet and a helicopter.




