Source :- SIRAJLIVE NEWS
ഐ എസ് എസ് | ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ കേരളത്തിന്റെ അഭിമാനം പിന്നെയും തിളങ്ങി. പാലക്കാട്ട് കുടുംബവേരുള്ള അമേരിക്കയുടെ ഇന്ത്യന്‍ വംശജനായ നാസ ബഹിരാകാശ യാത്രികന്‍ അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നടക്കാനിറങ്ങി. പരിചയസമ്പന്നയായ ബഹിരാകാശയാത്രിക ജെസീക മെയറിനൊപ്പമാണ് അനില്‍ മേനോന്‍ തന്റെ ആദ്യ ‘സ്‌പേസ് വാക്ക്’ നടത്തിയത്. ഐ എസ് എസ് വൈദ്യുത സംവിധാനത്തിന്റെ നവീകരണമാണ് ഇരുവരുടെയും ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
നടത്തം
ഇന്ത്യന്‍ സമയം വൈകിട്ട് 5.30ഓടെ നാസ തത്സമയ സംപ്രേഷണം ആരംഭിച്ചു. ബഹിരാകാശ നടത്തത്തിന് മുന്നോടിയായുള്ള അവസാന സുരക്ഷാ പരിശോധനകളും സ്യൂട്ട് പരിശോധനകളും നടന്നു.
വൈകിട്ട് ആറ് മുതല്‍ 6.15 വരെ എയര്‍ലോക്കിന്റെ മര്‍ദം കുറച്ചശേഷം അനില്‍ മേനോനും ജെസീക മെയറും ക്വസ്റ്റ് എയര്‍ലോക്കില്‍ നിന്ന് പുറത്തുകടന്ന് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ബഹിരാകാശ നിലയത്തിന്റെ പുറംഭാഗത്തേക്ക് നീങ്ങി. ഇതോടെ, ഐ എസ് എസിന് പുറത്ത് ഇരുവരുടെയും ബഹിരാകാശ നടത്തത്തിന് ഔദ്യോഗിക തുടക്കമായി.
6.15 മുതല്‍ 7.30 വരെ ഇരുവരും ദൗത്യസ്ഥലത്തേക്ക് നീങ്ങി ഉപകരണങ്ങള്‍ ഒരുക്കുകയായിരുന്നു. സുരക്ഷാ ടെത്തറുകള്‍ ഘടിപ്പിക്കുകയും ജോലിസ്ഥലത്ത് നിലയുറപ്പിക്കുകയും ചെയ്തു.
രാത്രി 7.30 മുതല്‍ ഒന്പത് വരെ ഐ എസ് എസിന്റെ 3ബി പവര്‍ ചാനലില്‍ പുതിയ ഹാര്‍ഡ്വെയര്‍- ബ്രാക്കറ്റുകളും മോഡിഫിക്കേഷന്‍ കിറ്റും ഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിലായിരുന്നു ഇരുവരും. ഭാവിയില്‍ ഏഴാമത്തെ ഐ എസ് എസ് റോള്‍- ഔട്ട് സോളാര്‍ അറേ (ഇറോസ) ഘടിപ്പിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണിത്.
രാത്രി ഒന്പത് മുതല്‍ 10.30 വരെ കേബിളുകള്‍ ഘടിപ്പിക്കല്‍, ഹാര്‍ഡ്വെയര്‍ പരിശോധന, അന്തിമ ക്രമീകരണങ്ങള്‍ എന്നിവ തുടര്‍ന്നു.
ദൗത്യം, ലക്ഷ്യം
പുതിയ സോളാര്‍ അറേകള്‍ (പരസ്പരം ബന്ധിച്ച സോളാര്‍ പാനലുകളുടെ കൂട്ടം) സ്റ്റേഷന്റെ വൈദ്യുതോത്പാദനശേഷി ഗണ്യമായി വര്‍ധിപ്പിക്കും. ഇതിലൂടെ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സഹായകമാകും. ഭാവിയിലിത്, ഐ എസ് എസിനെ സുരക്ഷിതവും നിയന്ത്രിതവുമായി ഭ്രമണപഥത്തില്‍ നിന്ന് പുറത്തെത്തിക്കുന്ന ദൗത്യത്തിനും സഹായിക്കും.
കേരളത്തില്‍ പാലക്കാട്ട് കുടുംബ വേരുകളുള്ള ഡോക്ടറും മുന്‍ ഫ്‌ലൈറ്റ് സര്‍ജനുമായ അനില്‍ മേനോന്‍ 2021ലാണ് നാസയുടെ ബഹിരാകാശയാത്രാ സംഘത്തില്‍ ചേര്‍ന്നത്. കഴിഞ്ഞ മാസം 14നാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. റഷ്യയുടെ സോയൂസ് എം എസ്-29 പേടകത്തില്‍ കസാഖിസ്താനിലെ ബൈകനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം പേടകം ഐ എസ് എസില്‍ വിജയകരമായി ഡോക്ക് ചെയ്യുകയായിരുന്നു.
Content Highlights:
Indian-origin NASA astronaut Anil Menon, who has family roots in Palakkad, Kerala, has conducted a spacewalk outside the International Space Station. The mission marks a proud moment for India and Kerala as he performs critical operations in space. His achievement continues to inspire many worldwide.



