Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പുഴകളിൽ ജലനിരപ്പ് ആശങ്കയേറുന്ന രീതിയിൽ ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ചെമ്പുകടവിലെ പഴയ പാലത്തിനു മുകളിൽ വെള്ളം കയറി. കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. റോഡിലൂടെയുള്ള യാത്ര അസുരക്ഷിതമായതിനാൽ ഈ ഭാഗത്തേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളിൽ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്.
ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. കൂടാതെ മട്ടിക്കുന്ന് ഭാഗത്ത് ചെറിയ രീതിയിൽ മണ്ണിടിച്ചിലും വള്ളിയാട്-മണൽവയൽ റൂട്ടിൽ പുഴ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അറിയിച്ചു.
യാത്രക്കാരുടെ സൗകര്യാർത്ഥം ബദൽ പാതകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ-നോളജ് സിറ്റി-കോടഞ്ചേരി വഴി തിരിച്ചുവിട്ടു. അതേസമയം, കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

