Source :- SIRAJLIVE NEWS

ഫിലാഡല്‍ഫിയ |  അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി സ്വദേശി അന്‍ഷുല്‍ കുഞ്ച (28) ആണ്
കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പിസ ഡെലിവറിക്കിടെയായിരുന്നു ആക്രമണം. വ്യാജ ഓര്‍ഡര്‍ നല്‍കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അന്‍ഷുലിനെ അജ്ഞാതന്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അതേ സമയം സംഭവ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.

അന്‍ഷുലിന്റെ കൈയിലുണ്ടായിരുന്ന സാധനങ്ങളോ പണമോ നഷ്ടമായിട്ടില്ല. ഉപരിപഠത്തിനായി അമേരിക്കയിലേക്ക് പോയ അന്‍ഷുല്‍ വാരാന്ത്യത്തില്‍ പാര്‍ട് ടൈമായി പിസ ഡെലിവറിക്ക് പോയതാണ്.

സംഭവത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇടപെട്ടു. അന്‍ഷുലിന്റെ കുടുംബവുമായി സംസാരിച്ചതായും മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.