Home rss business malayalam രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം; തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം; തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ആരോപണം ഉന്നയിച്ച് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരോപണം സാധൂകരിക്കുന്നതിന് ആവശ്യമായ വിശ്വസനീയമായ തെളിവുകൾ ഹർജിക്കാർ ഹാജരാക്കാൻ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതി നടപടി. ജസ്റ്റിസ് ശേഖർ ബി. സറാഫും ജസ്റ്റിസ് അവധേഷ് കുമാർ ചൗധരിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ലഖ്നൗവിലെ അഭിഭാഷകരായ അശോക് പാണ്ഡെയും രജനീഷ് കുമാർ സിംഗും സമർപ്പിച്ച ഹർജിയിൽ, രാഹുൽ ഗാന്ധി ഇന്ത്യൻ പൗരനല്ലെന്നും അതിനാൽ റായ്ബറേലി എം.പി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ‘ക്വോ വാറന്റോ’ റിട്ട് പുറപ്പെടുവിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

എന്നാൽ ഇതേ വിഷയത്തിൽ 2015-ലും 2019-ലും സമാന ഹർജികൾ സമർപ്പിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ പൗരത്വ നിയമം, 1955-ലെ സെക്ഷൻ 9(2) പ്രകാരം പൗരത്വം നഷ്ടപ്പെട്ടുവെന്ന പരാതികൾ കേന്ദ്ര സർക്കാരിന് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നുവെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.

ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ‘ബാക്ക്ഓപ്സ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ രേഖകളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ടുവെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ ഈ ആരോപണത്തെ പിന്തുണയ്ക്കുന്ന ഔദ്യോഗിക രേഖകളോ ബ്രിട്ടീഷ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ നിന്നുള്ള രേഖകളോ കോടതിയിൽ സമർപ്പിക്കപ്പെട്ടില്ല.

കേംബ്രിഡ്ജ് സർവകലാശാലയുമായി ബന്ധപ്പെട്ടതായി അവകാശപ്പെട്ട ഒരു കത്ത് മാത്രമാണ് ഹർജിക്കാർ ഹാജരാക്കിയത്. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ അത് പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി.

തെളിവുകളുടെ അഭാവത്തിൽ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജിക്കാർ തന്നെ ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അത് അനുവദിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.