Source :- SIRAJLIVE NEWS
തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ റവന്യൂ വകുപ്പില്‍ നടത്തിയ കൂട്ട സ്ഥലം മാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ സ്റ്റേ ചെയ്തു. സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും ട്രിബൂണല്‍ ചൂണ്ടിക്കാട്ടി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവാണ് ട്രിബൂണലിലെ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ എന്‍ വാസുദേവന്‍ സ്റ്റേ ചെയ്തത്.
181 തഹസീല്‍ദാര്‍, സീനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരെയാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലം മാറ്റ ഉത്തരവെന്ന് ട്രിബൂണല്‍ നിരീക്ഷിച്ചു. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെ തിടുക്കപ്പെട്ടാണ് ഉത്തരവ് ഇറക്കിയത്.
മഴക്കെടുത്തി കണക്കിലെടുത്ത് ദുരന്തനിവാരണത്തിന്റെ ഭാഗമായുള്ള ദുരിതാശ്വാസം, രക്ഷാപ്രവര്‍ത്തനം എന്നിവ ഏകോപിപ്പിക്കുവാനും കാര്യക്ഷമമാക്കുവാനുമാണ് തിടുക്കപ്പെട്ട് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല.




