Home rss national malayalam പുതിയ വാർത്ത റെയിൽവേ ഡിവിഷൻ വിഭജനം മലബാറിലെ ട്രെയിൻ യാത്രികർക്ക് തിരിച്ചടിയാകും

റെയിൽവേ ഡിവിഷൻ വിഭജനം മലബാറിലെ ട്രെയിൻ യാത്രികർക്ക് തിരിച്ചടിയാകും

4
0

Source :- SIRAJLIVE NEWS

കണ്ണൂർ | മംഗളൂരു റെയിൽവേ മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും വേർപെടുത്തി സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത് മലബാറിലൂടെയുള്ള പുതിയ ട്രെയിൻ സർവീസുകളുടെ സാധ്യതയെ ഇല്ലാതാക്കിയേക്കും. നിലവില്‍ പ്രവർത്തനച്ചെലവ് കണ്ടെത്താന്‍ കഴിയാത്ത പാലക്കാട് ഡിവിഷന്റെ സാമ്പത്തികശേഷി കുറയുന്നത് മലബാറിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും മറ്റ് വികസനപദ്ധതികൾക്കും തടസ്സമാകും.
മംഗളൂരു തുറമുഖത്തുനിന്നുള്ള ചരക്ക് നീക്കവും മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ തുടങ്ങിയ സ്‌റ്റേഷനുകളിൽ നിന്നുള്ള വരുമാനവും നിലയ്ക്കുന്നതാണ് പാലക്കാട് ഡിവിഷനെ സാമ്പത്തികമായി തകർക്കുക. നിലവിൽ സതേൺ റെയിൽവേയുടെ ഭാഗമായ ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രദേശങ്ങളാണ് സൗത്ത് വെസ്‌റ്റേൺ റെയിൽവേയിൽ ലയിക്കുക. പ്രതിദിനം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന് പുതിയ തീരുമാനത്തിലൂടെ 1100 കോടിയോളം രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മലബാറിലേക്കുള്ള പല ട്രെയിനുകളുടെയും സർവീസുകൾ മംഗളൂരു കേന്ദ്രീകരിച്ചാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത് എന്നതിനാൽ, ഈ മേഖല വേർപെടുത്തുന്നത് ഭാവിയിൽ പുതിയ സർവീസുകൾ ആരംഭിക്കുന്നതിന് വലിയ വെല്ലുവിളിയാകും.
അതേസമയം മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തിയാൽ പകരം കാസർകോട് കുമ്പളയിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുമ്പളയിൽ 37 ഏക്കർ ഭൂമി റെയിൽവേക്ക് സ്വന്തമായുണ്ട്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് കൂടുതൽ ഭൂമി കണ്ടെത്തണമെന്നാണ് ആവശ്യം. ഭൂമി കണ്ടെത്തിയില്ലെങ്കിൽ വരുംവർഷങ്ങളിൽ മലബാറിൽ നിന്ന് എവിടേക്കും പുതിയ ട്രെയിൻ സർവീസുകൾ ലഭിക്കാതെ വരുമെന്നാണ് റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ പറയുന്നത്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്‍ഷൻ റെയിൽവേ സ്‌റ്റേഷനുകളെ ആശ്രയിച്ചാണ് പാലക്കാട് ഡിവിഷൻ ഇത്രയും കാലം വടക്കോട്ടേക്ക് ട്രെയിൻ ഓടിച്ചിരുന്നത്.
പുതിയ സർവീസുകളുടെ കാര്യത്തിലും മറ്റ് വികസന വിഷയങ്ങളിലും തഴയുന്ന നിലപാടെടുക്കുന്ന റെയിൽവേ, മംഗളൂരു പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം കെ രാഘവൻ എം പി വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ച് എം പിമാരായ കെ സുധാകരൻ, ജോൺ ബ്രിട്ടാസ് എന്നിവരും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിട്ടുണ്ട്. കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്നതാണ് നീക്കമെന്ന് ഇരുവരും കത്തിൽ ചൂണ്ടിക്കാട്ടി. ഉയർന്ന ചരക്ക് വരുമാനം ലഭിക്കുന്ന മേഖല മാറ്റുന്നതോട് കൂടി പാലക്കാട് ഡിവിഷന് നിലവിലുള്ള വരുമാനത്തിൽ 60 ശതമാനം കുറവുണ്ടാകുമെന്ന് സുധാകരൻ കത്തിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാട് ഡിവിഷൻ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രിക്കയച്ച കത്തിൽ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

Content Highlights: Separating Mangaluru from Palakkad Railway Division to Mysuru threatens Malabar train services and creates an annual loss of 1100 crore rupees. Public protests are planned while MPs demand a train maintenance facility on 37 acres at Kumbla to protect future rail expansion.