Home rss national malayalam പുതിയ വാർത്ത വഖ്ഫ് ബോര്‍ഡ് പുനഃസംഘടന വഞ്ചനാപരം

വഖ്ഫ് ബോര്‍ഡ് പുനഃസംഘടന വഞ്ചനാപരം

2
0

Source :- SIRAJLIVE NEWS

കേരള മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗം വരുന്ന സുന്നികളെ അത്യധികം വേദനിപ്പിക്കുന്നതും അവഹേളിക്കുന്നതുമാണ് വഖ്ഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഘട്ടത്തില്‍ വഖ്ഫ് ബോര്‍ഡ്, ഹജ്ജ് കമ്മിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പുനഃസംഘടനയില്‍ സുന്നികളെ പ്രതിനിധീകരിക്കുന്ന സമസ്തക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പ് നല്‍കിയതാണ്. ഈ വാഗ്ദത്തം കാറ്റില്‍ പറത്തിയിരിക്കുകയാണ് സര്‍ക്കാര്‍. പുതിയ വഖ്ഫ് ബോര്‍ഡിന്റെ ഘടന പരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്റെ കപടമുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനോ പരിപാലിക്കാനോ അര്‍ഹതയില്ലാത്ത മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകള്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കിക്കൊണ്ടാണ് വഖ്ഫ് സ്വത്തിന്റെ ബഹുഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഇരു സമസ്ത വിഭാഗങ്ങളെയും പുറത്തുനിര്‍ത്തിയത്. ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങളെ നിഷ്‌കരുണം ചവിട്ടിമെതിച്ച് ന്യൂനപക്ഷമായ ചില തീവ്രതാത്പര്യക്കാരുടെ കൈകളില്‍ വഖ്ഫ് സ്വത്തുകളെ ഏല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്?

കേരളത്തിന്റെ മുസ്‌ലിം സാമൂഹിക ചരിത്രത്തില്‍ സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കും അതിനിര്‍ണായക പങ്കുണ്ട്. പതിനായിരക്കണക്കിന് മദ്‌റസകളും ആയിരക്കണക്കിന് പള്ളികളും മഹല്ലുകളും നൂറുകണക്കിന് ഉന്നത മതകലാലയങ്ങളും സ്ഥാപിച്ച് മാതൃകാപരമായി നടത്തിക്കൊണ്ടുപോകുന്നത് ഇരു സമസ്തകളുടെ നേതൃത്വത്തിലാണ്. ഈ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടച്ചാണ് സര്‍ക്കാര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. ഇത് കേവലം പ്രാതിനിധ്യ നിഷേധമല്ല, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ അപമാനിക്കലാണ്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദാനം ചെയ്യപ്പെട്ടതാണ് കേരളത്തിലെ വഖ്ഫ് സ്വത്തുക്കളില്‍ ബഹുഭൂരിഭാഗവും. ഇസ്്ലാമിലെ തിരുത്തല്‍വാദികള്‍ക്ക് അതിലൊരവകാശവുമില്ല. അവര്‍ രംഗത്തുവന്ന ശേഷമുള്ള ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രമെടുത്ത് പരിശോധിച്ചാലും വഖ്ഫ് സ്വത്തുക്കളുടെ പത്ത് ശതമാനത്തിൽ പോലും നവസലഫി ചിന്താഗതിക്കാര്‍ക്ക് അവകാശമില്ലെന്ന് വ്യക്തമാകും. ഇക്കാലയളവിലെ മിക്ക വഖ്ഫ് ആധാരങ്ങളിലും നവസലഫികളില്‍പ്പെട്ട വഹാബി, മൗദൂദി, തബ്‌ലീഗ് തുടങ്ങിയവര്‍ക്ക് ഉപകാരമെടുക്കാനോ അവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്താനോ പാടില്ലെന്ന് വ്യക്തമായി എഴുതിവെച്ചതായി കാണാം. മാത്രമല്ല, വഖ്ഫുകളില്‍ നല്ലൊരു പങ്കും ഈ വിഭാഗങ്ങള്‍ അംഗീകരിക്കാത്ത മൗലിദിനും റാത്തീബിനും ആണ്ടടിയന്തിരങ്ങള്‍ക്കും ഖബറിനരികിലെ ഖുര്‍ആന്‍ പാരായണത്തിനും മറ്റും നീക്കിവെച്ചതാണ്. ഇത്തരം വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ മതപരമായോ ധാര്‍മികമായോ ജനാധിപത്യപരമായോ പുത്തനാശയ പ്രസ്ഥാനങ്ങള്‍ക്ക് അര്‍ഹതയില്ല.

കേരളത്തില്‍ നവസലഫി പ്രസ്ഥാനക്കാരുടെ കൈവശമുള്ള പള്ളികളിലും മദ്‌റസകളിലും മറ്റു വഖ്ഫ് സ്വത്തുക്കളിലും ഭൂരിഭാഗവും വ്യാജപ്രമാണമുണ്ടാക്കി സുന്നികളില്‍ നിന്ന് പിടിച്ചെടുത്തതാണ്. രാഷ്ട്രീയക്കാരെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചുമായിരുന്നു അവരുടെ കൈയേറ്റം. കോഴിക്കോട്ടെ മുഹ്‌യിദ്ദീന്‍ പള്ളി, പട്ടാളപ്പള്ളി, മുഖദാര്‍ പള്ളി തുടങ്ങി നൂറുകണക്കിന് പള്ളികള്‍ക്കും വാഴക്കാട് ദാറുല്‍ ഉലൂം പോലെയുള്ള മതസ്ഥാപനങ്ങള്‍ക്കും പറയാനുള്ളത് ഇത്തരം വഞ്ചനയുടെ കഥകളാണ്. വഖ്ഫ് ബോര്‍ഡുകളിലെ തങ്ങളുടെ സാന്നിധ്യം ഇത്തരം കാര്യങ്ങള്‍ക്കാണ് അവര്‍ വിനിയോഗിക്കുന്നത്. വഖ്ഫ് സ്വത്തുക്കള്‍ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായി കൈകാര്യം ചെയ്യുന്ന ഇത്തരക്കാരെ ബോര്‍ഡില്‍ തിരുകിക്കയറ്റുന്നതെന്തിനാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മതസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താനും പരിപാലിക്കാനും ജീവകാരുണ്യമാര്‍ഗ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിശ്വാസപൂര്‍വം മാറ്റിവെക്കപ്പെട്ട വിശുദ്ധ സ്വത്താണ് വഖ്ഫ്. ആ അമാനത്ത് കൈകാര്യം ചെയ്യാന്‍ ഏറ്റവും അര്‍ഹതയുള്ളവരെ മാറ്റിനിര്‍ത്തി ബോര്‍ഡിനെ രാഷ്ട്രീയ താത്പര്യങ്ങളുടെ മേച്ചില്‍പ്പുറമാക്കി മാറ്റുന്നത് വഖ്ഫ് നിയമങ്ങളുടെ അന്തസ്സത്തക്ക് കടകവിരുദ്ധമാണ്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യം സംരക്ഷിക്കാനുള്ള സംവിധാനമല്ല വഖ്ഫ് ബോര്‍ഡ്. വഖ്ഫ് സ്വത്തുക്കളുടെ പരിപാലനം, അവയുടെ നിയമപരമായ സംരക്ഷണം, വരുമാനം ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, അനധികൃത കൈയേറ്റങ്ങളും ദുരുപയോഗങ്ങളും തടയല്‍ തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കാനുള്ളതാണ് ബോര്‍ഡ്. ബോര്‍ഡിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെയോ മറ്റൊരു വിഭാഗത്തോടുള്ള വിരോധത്തിന്റെയോ പ്രതിഫലനമായി മാ
റരുത്.

മുസ്‌ലിം ലീഗാണ് നിലവില്‍ വഖ്ഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നത്. സമുദായാംഗങ്ങളുടെ ക്ഷേമത്തിനും സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്കുമായി രൂപവത്കരിക്കപ്പെട്ട പാര്‍ട്ടിയാണ് ലീഗ്. സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ ഒരു പോലെയും നീതിപരമായും പരിഗണിക്കുന്നതിനു പകരം ചില പ്രത്യേക വിഭാഗങ്ങളെ അവഗണിക്കുന്നത് കടുത്ത അനീതിയാണ്. തങ്ങളുടെ അനുയായികള്‍ക്കും താത്പര്യക്കാര്‍ക്കും ഭരണപരമായ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ നേടിക്കൊടുക്കുന്നതിനു പകരം എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുകയും വിശ്വാസം നേടിയെടുക്കുകയും പൊതുസ്വത്തുക്കളുടെ ശരിയായ സംരക്ഷണം ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയുമാണ് പാര്‍ട്ടി നേതൃത്വം ചെയ്യേണ്ടത്.
വഖ്ഫ് ബോര്‍ഡ് പുനഃസംഘടനയിലെ അനീതിക്കെതിരെ കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ് തുടങ്ങിയ സുന്നി സംഘടനകള്‍ രംഗത്തുവന്നിരിക്കുകയാണ്. നിയമപരമായ വഴികളിലൂടെയും ജനകീയ സമരങ്ങളിലൂടെയും ഈ അനീതിക്കെതിരെ പോരാടുമെന്ന് സുന്നി നേതാക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഈ മാസം 22ന് വ്യാഴാഴ്ച ബഹുജന പ്രക്ഷോഭം അരങ്ങേറും. വഖ്ഫ് സ്വത്തിന്റെ പവിത്രത സംരക്ഷിക്കാനും സുന്നി വിഭാഗത്തിന്റെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാനുമുള്ള ഈ പോരാട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ആദര്‍ശ വിശ്വാസികളും അണിനിരക്കേണ്ടതുണ്ട്. തിരുത്തല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കില്‍ തുടര്‍ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും.