Source :- SIRAJLIVE NEWS
തിരുവനന്തപുരം| വന്ദേമാതരം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ വാദം തള്ളി ലോക് ഭവന്‍. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയിട്ടില്ലെന്ന് ലോക് ഭവന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമല്ല ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്നും ലോക് ഭവന്‍ അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ നിര്‍ദേശം. ലോക് ഭവനില്‍ നിന്നോ ഗവര്‍ണറില്‍ നിന്നോ ലഭിച്ച നിര്‍ദേശം ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നായിരുന്നു മന്ത്രി എന്‍ ഷംസുദ്ദീന്റെ നേരത്തെയുള്ള പ്രതികരണം.
എന്നാല്‍ ഇത്തരമൊരു നിര്‍ദേശം ലോക് ഭവനില്‍ നിന്ന് നല്‍കിയിട്ടില്ലെന്നും അത്തരത്തിലൊരു കത്ത് നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ലോക് ഭവന്‍ വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ മന്ത്രിയുടെ വിശദീകരണം കൂടുതല്‍ വിവാദത്തിലായി.
വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ യുഡിഎഫിനുള്ളിലും ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു.
വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതായിരുന്നുവെന്നും അത് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കാനാവില്ലെന്നും യുഡിഎഫിന്റെ നയങ്ങള്‍ക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നുമായിരുന്നു അന്ന് വി ഡി സതീശന്റെ പ്രതികരണം.
Content Highlights:
Lok Bhavan rejected Education Minister N Shamsuddeen’s claim regarding the Vande Mataram directive. It clarified that no instruction was issued to the Chief Secretary for full recitation. The directive has sparked debates within the UDF and Kerala political circles.




