Source :- SIRAJLIVE NEWS
വന്ദേ മാതരത്തെ ചരിത്രത്തിന്റെ ഭാഗമായി കാണുമ്പോഴും, അതിലെ മതപരമായ പ്രതീകങ്ങളോട് വ്യക്തിപരമായോ താത്വികമായോ വിയോജിക്കാനുള്ള അവകാശം ഒരാള്‍ക്ക് ഉണ്ടാകാം. ഈ അടിസ്ഥാന വ്യത്യാസം അംഗീകരിക്കാതെ ദേശസ്‌നേഹത്തെ അനുസരണയുടെയും ഏകാഭിപ്രായത്തിന്റെയും അളവുകോലാക്കി മാറ്റുമ്പോഴാണ് “വന്ദേ മാതരം’ ഒരു ദേശീയ പ്രതീകത്തില്‍ നിന്ന് രാഷ്ട്രീയ പരീക്ഷണത്തിന്റെ ഉപകരണമായി മാറുന്നത്.
ഒരു ഹിന്ദു മതവിശ്വാസിയുടെ കാഴ്ചപ്പാടില്‍ വന്ദേ മാതരം മാതൃഭൂമിയുടെ മഹത്വത്തെ ദേവീസങ്കല്‍പ്പങ്ങളിലൂടെ അവതരിപ്പിക്കുന്ന ശക്തമായ കാവ്യരൂപകമായിരിക്കാം. എന്നാല്‍ മറ്റൊരു മതവിശ്വാസിയുടെ കാഴ്ചപ്പാടില്‍ രാജ്യത്തെ ഒരു പ്രത്യേക ദൈവസങ്കല്‍പ്പവുമായി ഐക്യപ്പെടുത്തുന്ന ഈ ഭാഷ മതപരമായ അസ്വസ്ഥത സൃഷ്ടിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഈ ഭാഗത്തെക്കുറിച്ചുള്ള വിയോജിപ്പിനെ രാജ്യവിരുദ്ധതയായി ചിത്രീകരിക്കുന്നത് ചരിത്രത്തെയും മതസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും തെറ്റായി വായിക്കുന്ന സമീപനമാണ്.
“വന്ദേ മാതര’ത്തിന്റെ മതപരമായ പ്രതീകങ്ങളെക്കുറിച്ചുള്ള പ്രശ്‌നം പെട്ടെന്ന് ഉണ്ടായതല്ല. 1937ല്‍ തന്നെ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി ഗാനത്തിന്റെ മതപരമായ ഭാഗങ്ങള്‍ ദേശീയ വേദികളില്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഗണിച്ചിരുന്നു. ദേശീയ പ്രസ്ഥാനം എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളേണ്ടതാണെന്നും ഒരു പ്രത്യേക മതപരമായ ദേവീസങ്കല്‍പ്പവുമായി ദേശീയതയെ ബന്ധിപ്പിക്കുന്നത് ചില വിഭാഗങ്ങള്‍ക്ക് അംഗീകരിക്കാന്‍ പ്രയാസമാകുമെന്നും അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ ഇന്ന് “വന്ദേ മാതരം’ സംബന്ധിച്ച് മതപരമായ ആശങ്ക ഉയര്‍ത്തുന്നവരെ ചരിത്രബോധമില്ലാത്തവരായി ചിത്രീകരിക്കുന്നത് യാഥാര്‍ഥ്യത്തെ നിരാകരിക്കലാണ്. ഈ പ്രശ്‌നം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിനുള്ളില്‍ തന്നെ ഉണ്ടായിരുന്നതാണ്.
1950 ജനുവരി 24ന് ഭരണഘടനാ അസംബ്ലി “ജന ഗണ മന’യെ ദേശീയ ഗാനമായി അംഗീകരിക്കുകയും “വന്ദേ മാതരം’ ദേശീയ ഗീതമായി അംഗീകരിക്കുകയും ചെയ്തു. “വന്ദേ മാതരം’ സംബന്ധിച്ച ഔദ്യോഗിക അംഗീകാരം അതിന്റെ ആദ്യ രണ്ട് പദ്യങ്ങളോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ഇന്ന് “ദേശീയ ഗീതം’ എന്ന പേരില്‍ പൂര്‍ണഗാനം നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം ചോദിക്കേണ്ടത് ചരിത്രപരമായും ഔദ്യോഗികമായും അംഗീകരിക്കപ്പെട്ടത് ഏത് ഭാഗമാണെന്നതാണ്. ചരിത്രത്തെ മറികടന്ന് രാഷ്ട്രീയ ആവേശം മാത്രം മുന്നില്‍വെച്ച് ദേശീയ പ്രതീകങ്ങളുടെ അര്‍ഥം പുനര്‍നിര്‍വചിക്കാനാകില്ല.
ഇന്നത്തെ ഏറ്റവും അപകടകരമായ രാഷ്ട്രീയ പ്രവണതകളിലൊന്നാണ് ദേശസ്‌നേഹത്തെ ഒരു പരീക്ഷയാക്കി മാറ്റുന്നത്. ഒരു മുദ്രാവാക്യം വിളിച്ചാല്‍ ദേശസ്‌നേഹിയും വിളിച്ചില്ലെങ്കില്‍ സംശയാസ്പദനും, ഒരു ഗാനം മുഴുവന്‍ പാടിയാല്‍ രാജ്യത്തോട് കൂറുള്ളവനും പാടാന്‍ വിസമ്മതിച്ചാല്‍ രാജ്യവിരുദ്ധനും എന്ന യുക്തിക്ക് ജനാധിപത്യത്തില്‍ യാതൊരു അടിസ്ഥാനവുമില്ല. രാജ്യസ്‌നേഹം ഒരു വാക്കിന്റെ ഉച്ചാരണത്തില്‍ അളക്കാന്‍ കഴിയില്ല. ഒരു മനുഷ്യന്‍ “വന്ദേ മാതരം’ എത്ര തവണ വിളിച്ചു എന്നതിനേക്കാള്‍ പ്രധാനപ്പെട്ടത് അവന്‍ തന്റെ രാജ്യത്തിലെ മറ്റൊരു മനുഷ്യന്റെ അവകാശത്തെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതാണ്. ഒരു പൗരന്‍ തന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് മറ്റൊരു പൗരന്റെ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ അവന്‍ തയ്യാറാണോ എന്നതിലാണ്.
ബിജോ ഇമ്മാനുവല്‍ കേസ് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇന്ത്യന്‍ ഭരണഘടനാ ചരിത്രത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ പ്രസക്തമായ വിധിയാണ് ബിജോ ഇമ്മാനുവല്‍ കേസ്. യഹോവയുടെ സാക്ഷികളെന്ന വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഗാനം ആലപിക്കാന്‍ തയ്യാറായിരുന്നില്ല. അവരുടെ വിശ്വാസപ്രകാരം ഭക്തി ദൈവത്തോട് മാത്രമാണെന്നും ദേശീയ ഗാനത്തിലെ വരികള്‍ ഭക്തിയാണെന്നും അതിനാല്‍ ദൈവത്തിന് നല്‍കേണ്ട ഭക്തി മറ്റൊന്നിനും നല്‍കാനാകില്ലെന്നുമായിരുന്നു അവരുടെ വാദം. ദേശീയഗാനം ആലപിക്കാത്തതിന്റെ പേരില്‍ കോട്ടയം ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്ന് ചില യഹോവ സാക്ഷി വിദ്യാര്‍ഥികളെ പുറത്താക്കുകയും തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ നീതി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. കേരള ഹൈക്കോടതി ഈ വിഷയത്തില്‍ ദേശീയ ഗാനം ആലപിക്കാത്തവര്‍ സ്‌കൂളില്‍ അധ്യയനം നടത്തേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ വിഷയം 1986ല്‍ സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ സുപ്രീം കോടതി വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിച്ചു. ദേശീയ ഗാനം ആലപിക്കാത്തത് മാത്രം രാജ്യവിരുദ്ധതയുടെ തെളിവല്ലെന്നും ഒരാളുടെ മനസ്സാക്ഷിയുടെയും മതവിശ്വാസത്തിന്റെയും സ്വാതന്ത്ര്യം ഭരണഘടന സംരക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ വിധിയുടെ മഹത്വം ഒരു പ്രത്യേക മതവിഭാഗത്തെ സംരക്ഷിച്ചതിലല്ല; ഭൂരിപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കിയേക്കാവുന്ന ഒരു ന്യൂനപക്ഷ വിശ്വാസത്തെയും ഭരണഘടന സംരക്ഷിക്കണം എന്ന മഹത്തായ ജനാധിപത്യ തത്ത്വം സ്ഥാപിച്ചതിലാണ്. ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പോലും ഒരു പൗരന്റെ മനസ്സാക്ഷിയും മതവിശ്വാസവും ഭരണഘടന സംരക്ഷിക്കുമ്പോള്‍, ഒരു പ്രത്യേക മതപരമായ ദേവീസങ്കല്‍പ്പങ്ങളുള്ള ഗാനത്തിന്റെ മുഴുവന്‍ ഭാഗങ്ങളും നിര്‍ബന്ധമായി ആലപിക്കാത്തതിനെ രാജ്യസ്‌നേഹത്തിന്റെ കുറവായി ചിത്രീകരിക്കുന്നത് എത്രത്തോളം ഭരണഘടനാപരമാണ്?
“ഞങ്ങള്‍ നിര്‍വചിക്കുന്ന ദേശീയത അംഗീകരിക്കുന്നവനാണ് യഥാര്‍ഥ ദേശസ്‌നേഹി’ എന്ന നിലപാട് ജനാധിപത്യത്തിന്റെ നിലപാടല്ല. കാരണം ഇന്ത്യയുടെ ദേശീയതയുടെ സൗന്ദര്യം തന്നെ “ഞങ്ങള്‍’ എന്ന വാക്കിന്റെ വിശാലതയിലാണ്. ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവനും ബുദ്ധനും ജൈനനും മതവിശ്വാസമില്ലാത്തവനും എല്ലാവരും ഇന്ത്യക്കാരാണ്. ഒരാള്‍ക്ക് ദുര്‍ഗയെ ആരാധിക്കാം, മറ്റൊരാള്‍ക്ക് ദുര്‍ഗയെ ആരാധിക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് “വന്ദേ മാതരം’ പൂര്‍ണമായി പാടാനും മറ്റൊരാള്‍ക്ക് പാടാതിരിക്കാനും അധികാരമുണ്ട്. ഇതാണ് ഭരണഘടനയുടെ അടിസ്ഥാനബോധമെന്നിരിക്കെ ദേശീയതയെ മതത്തിന്റെ തടവറയിലാക്കുന്ന സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല.
ഒരു രാഷ്ട്രത്തെ സ്‌നേഹിക്കുന്നതിന് ആ രാഷ്ട്രത്തിലെ ഭൂരിപക്ഷ മതത്തിന്റെ ദൈവങ്ങളെ ആരാധിക്കണമെന്ന നിബന്ധന മുന്നോട്ടുവെക്കുന്നത് ദേശീയതയെ മതത്തിന്റെ തടവറയില്‍ അടയ്ക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം ഒരു മതഗ്രന്ഥമോ ഒരു ദേവതയോ ഒരു മതാചാരമോ അല്ല; ഭരണഘടനയാണ്. അതിനാല്‍ ഒരാളുടെ ദേശസ്‌നേഹം അളക്കേണ്ടത് അവന്‍ ഏത് ദേവതയെ അംഗീകരിക്കുന്നു എന്നതനുസരിച്ച് അല്ല; അവന്‍ ഭരണഘടനയുടെ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, മതസ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെ എത്രത്തോളം അംഗീകരിക്കുന്നു എന്നതനുസരിച്ചാണ്.
ദേശീയ പ്രതീകങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കാനാണ്; ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ നിര്‍ത്താനല്ല. അതുകൊണ്ട് “വന്ദേ മാതരം’ എന്ന ഗാനത്തെ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ആയുധമാക്കാതെ, അതിന്റെ ചരിത്രവും സാഹിത്യവും രാഷ്ട്രീയ പശ്ചാത്തലവും മതപരമായ പ്രതീകങ്ങളും ഭരണഘടനാപരമായ ചര്‍ച്ചകളും ഉള്‍ക്കൊള്ളുന്ന ഒരു വിമര്‍ശനാത്മക ബോധത്തോടെ സമീപിക്കുകയാണ് വേണ്ടത്.
ഇന്ത്യയുടെ മഹത്വം ഒരേ ദൈവത്തെ വിശ്വസിക്കുന്നതിലോ ഒരേ മുദ്രാവാക്യം വിളിക്കുന്നതിലോ ഒരേ രീതിയില്‍ ചിന്തിക്കുന്നതിലോ അല്ല; വ്യത്യസ്തമായി വിശ്വസിക്കുന്ന മനുഷ്യര്‍ക്ക് ഒരേ ഭരണഘടനയുടെ കീഴില്‍ തുല്യരായി ജീവിക്കാന്‍ കഴിയുന്നതിലാണ്. അതിനാല്‍ “വന്ദേ മാതരം’ പാടുന്നവന്റെയോ പാടാന്‍ തയ്യാറാകാത്തവന്റെയോ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യേണ്ടതില്ല. കാരണം ദേശഭക്തിയുടെ അളവുകോല്‍ ഒരു മനുഷ്യന്‍ എത്ര ഉച്ചത്തില്‍ “വന്ദേ മാതരം’ വിളിക്കുന്നു എന്നതല്ല, മറ്റൊരാള്‍ക്ക് തന്റെ മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ അവന്‍ എത്രത്തോളം തയ്യാറാണ് എന്നതാണ്.
Content Highlights:
An article discussing the Vande Mataram controversy and the fundamental right to dissent in a democracy. It highlights the historical context from 1937, the landmark Supreme Court ruling in the Bijo Emmanuel case, and emphasizes that true patriotism lies in upholding constitutional values.




