Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനായി വയോജന ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷൻ പദ്ധതിക്ക് തുടക്കമാകുന്നു. രാജ്യത്ത് ആദ്യ മായാണ് സർക്കാർ ഓഫീസുകൾക്കായി ഇത്തരമൊരു സമഗ്ര സർട്ടിഫിക്കേഷൻ സംവിധാനം നടപ്പാക്കുന്നത്.
വില്ലേജ്, താലൂക്ക് ഓഫീസുകൾ മുതൽ ആശുപത്രികൾ, ബേങ്കുകൾ, ഗതാഗത കൗണ്ടറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും പദ്ധതി ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓഫീസുകളിൽ പരിശോധന നടത്തി ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിലായി സർട്ടിഫിക്കറ്റുകൾ നൽകും. നിശ്ചിത കാലയളവിന് ശേഷം സർട്ടിഫിക്കേഷൻ പുതുക്കണം. സർട്ടിഫിക്കറ്റ് നേടിയ ഓഫീസുകളിൽ മുന്നറിയിപ്പില്ലാതെയും പരിശോധന നടത്തും.
രാജ്യത്ത് ഏറ്റവുമധികം മുതിർന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരും വർഷങ്ങളിൽ വയോജന ജനസംഖ്യ ഇനിയും വർധിക്കുമെന്നാണ് കണക്ക്. സർക്കാർ ഓഫീസുകളിലെത്തുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന നീണ്ട ക്യൂ, പ്രവേശനത്തിന് പടികൾ മാത്രമുള്ള സംവിധാനം, ചെറിയ അക്ഷരത്തിലുള്ള ഫോമുകൾ, ഗോവണി കയറി എത്തേണ്ട കൗണ്ടറുകൾ തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അഞ്ച് മേഖലകളിലായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതക്ക് 30 ശതമാനം, സേവനരീതിക്ക് 25 ശതമാനം, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനം, വിവരവിനിമയത്തിന് 15 ശതമാനം, പങ്കാളിത്തത്തിന് പത്ത് ശതമാനം എന്നിങ്ങനെയാണ് സ്‌കോർ നിശ്ചയിക്കുക. പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയിൽ ശൗചാലയം, മുതിർന്നവർക്ക് മുൻഗണനാ ക്യൂ, മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്കായി പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥൻ തുടങ്ങിയവ നിർബന്ധിത മാനദണ്ഡങ്ങളായിരിക്കും. ഇവയിലേതെങ്കിലും ഇല്ലെങ്കിൽ മൊത്തം സ്‌കോർ എത്രയായാലും സർട്ടിഫിക്കേഷന് അർഹതയുണ്ടാകില്ല.
85 ശതമാനത്തിന് മുകളിൽ ആകെ സ്‌കോറും ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്‌കോറും നേടുന്ന ഓഫീസുകൾക്ക് അഞ്ച് വർഷത്തേക്ക് ഗോൾഡ് സർട്ടിഫിക്കറ്റ് ലഭിക്കും. 70 മുതൽ 84 ശതമാനം വരെ സ്‌കോർ നേടുന്നവർക്ക് അഞ്ച് വർഷത്തേക്ക് സിൽവർ സർട്ടിഫിക്കറ്റും 60 മുതൽ 69 ശതമാനം വരെ സ്‌കോർ നേടുന്നവർക്ക് താത്കാലിക ബ്രോൺസ് സർട്ടിഫിക്കറ്റും നൽകും. ബ്രോൺസ് സർട്ടിഫിക്കറ്റിന് രണ്ട് വർഷമാണ് കാലാവധി. തുടർന്ന് പുനഃപരിശോധന നടത്തിയ ശേഷമേ ഇത് സ്ഥിരപ്പെടുത്തൂ. സർട്ടിഫിക്കറ്റുള്ള ഓഫീസുകളിൽ പത്ത് ശതമാനത്തിലും ഓരോ വർഷവും അപ്രതീക്ഷിത പരിശോധന നടത്തും. ഓഫീസ് സന്ദർശിച്ച് സ്‌കോർ നിശ്ചയിക്കുന്നത് ബന്ധപ്പെട്ട ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത എംപാനൽ ചെയ്ത സ്വതന്ത്ര ഏജൻസികളാണ്. വയോജന വകുപ്പിനു കീഴിലെ നോഡൽ സെല്ലാണ് രജിസ്ട്രി കൈകാര്യം ചെയ്യുക.
മാനദണ്ഡങ്ങൾക്ക് അംഗീകാരം നൽകുന്നതും ഗോൾഡ് പുരസ്‌കാരങ്ങൾ തീരുമാനിക്കുന്നതും സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയാണ്. യു എ ഇയിലെ ഷാർജയിലെ വയോജനസൗഹൃദ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്ഫ്രണ്ട്‌ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സർട്ടിഫൈഡ് ഏജ്ഫ്രണ്ട്‌ലി എംപ്ലോയർ പദ്ധതി എന്നിവയാണ് വയോജന സൗഹൃദ ഓഫീസ് സർട്ടിഫിക്കേഷന് മാതൃകയാക്കുന്നത്. 2021ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറപ്പെടുവിച്ച ദേശീയ മാർഗരേഖ അനുസരിച്ചാണ് റാംപ്, സൈൻ ബോർഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
Content Highlights:
Kerala has introduced India’s first age-friendly certification scheme for government offices. The initiative awards Gold, Silver, and Bronze ratings based on parameters like wheelchair ramps, priority queues, and trained staff. Independent agencies will conduct audits to ensure implementation.



