Source :- SIRAJLIVE NEWS

ദുബൈ | ഭൂമധ്യരേഖാ പ്രദേശത്തെ പസഫിക് സമുദ്രത്തിലുണ്ടാകുന്ന അന്തരീക്ഷ വ്യതിയാനമായ ‘എല്‍ നിനോ’ പ്രതിഭാസം യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലെ കാലാവസ്ഥയെ സാരമായി ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. വരുന്ന ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്ത് എല്‍ നിനോ പ്രഭാവത്തിന് 98 ശതമാനം സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) വ്യക്തമാക്കി. പസഫിക് സമുദ്രോപരിതലത്തിലെ താപനില സാധാരണ പരിധിയേക്കാള്‍ ഉയര്‍ന്നതാണ് ഇതിന് കാരണം.

രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള ഇടവേളകളില്‍ പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കന്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമുദ്രജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണിത്. ഇത് ആഗോളതലത്തില്‍ കാറ്റിന്റെ ഗതിയെയും മഴയുടെ അളവിനെയും താപനിലയെയും വലിയ തോതില്‍ സ്വാധീനിക്കാറുണ്ട്.

എല്‍ നിനോ രൂപപ്പെടുന്നത് അറബിക്കടലില്‍ നിന്ന് ഏറെ അകലെയാണെങ്കിലും ഗള്‍ഫ് മേഖലയില്‍ ഇതിന്റെ പരോക്ഷമായ പ്രതിഫലനങ്ങള്‍ പ്രകടമാകും. എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്‌റാഹിം അല്‍ ജര്‍വാന്‍ വ്യക്തമാക്കുന്നതനുസരിച്ച്, എല്‍ നിനോ സ്വാധീനമുള്ള വര്‍ഷങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാറുണ്ട്. ഒപ്പം തീരദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം ഗണ്യമായി വര്‍ധിക്കുകയും ചെയ്യും.

2026ന്റെ രണ്ടാം പകുതിയില്‍ യു എ ഇയില്‍ താപനിലയും മഴയുടെ അളവും സാധാരണയേക്കാള്‍ ഉയര്‍ന്ന നിലയിലാകാന്‍ സാധ്യതയുണ്ടെന്നാണ് എന്‍ സി എം സൂചന നല്‍കുന്നത്. ചരിത്രപരമായി നോക്കിയാല്‍, എല്‍ നിനോ വര്‍ഷങ്ങളില്‍ ശരത്കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കാറുണ്ട്. എന്നാല്‍ ഈ മഴ നീണ്ടുനില്‍ക്കുന്നതിന് പകരം ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിശക്തമായ മഴയായിരിക്കാനാണ് സാധ്യത.

ശരത്കാലത്ത് അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെയും ന്യൂനമര്‍ദങ്ങളുടെയും സാന്നിധ്യം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒമാന്‍, യമന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളെയും ചിലപ്പോള്‍ യു എ ഇ ഉള്‍പ്പെടെയുള്ള വിശാലമായ ഗള്‍ഫ് മേഖലയെയും ബാധിച്ചേക്കാം.

ലോക കാലാവസ്ഥാ സംഘടനയുടെ കണക്കനുസരിച്ച് ഈ വര്‍ഷം എല്‍ നിനോ ശക്തിപ്രാപിക്കാനും 2027ലേക്ക് നീളാനും സാധ്യതയുണ്ട്. ഇതിന്റെ തീവ്രത കൂടിയാല്‍ ഇതൊരു ‘സൂപ്പര്‍ എല്‍ നിനോ’ ആയി മാറാനുള്ള സാധ്യത 67 ശതമാനമാണെന്ന് യു എസിലെ ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍ വ്യക്തമാക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ആഗോള താപനില ഇനിയും ഉയരുകയും 2027 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറുകയും ചെയ്യും.

ജലക്ഷാമം നേരിടുന്ന മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഇത് ഊര്‍ജ-കാര്‍ഷിക മേഖലകളില്‍ സമ്മര്‍ദം ചെലുത്തിയേക്കാം. എങ്കിലും സമുദ്രജല ശുദ്ധീകരണ പ്ലാന്റുകളും ശക്തമായ ഇന്‍ഫ്രാസ്ട്രക്ചറുമുള്ള യു എ ഇക്ക് ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Content Highlights:
The meteorological department has warned of an extreme heat wave this year due to the El Nino phenomenon. Temperatures are expected to soar well above normal levels across various regions. Public health advisories emphasize taking necessary precautions against sunstroke and dehydration.