Source :- SIRAJLIVE NEWS
തിരുവനന്തപുരം | വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്ട്രേഷന് നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പല വാഹന ഉടമകളും വളരെ ലാഘവത്തോടെയാണ് നമ്പര്‍ പ്ലേറ്റ് കൈകാര്യം ചെയ്യുന്നത്. രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് അഴിച്ചുവെക്കുന്നതും നമ്പര്‍ പ്ലേറ്റ് വളച്ച് വെക്കുന്നതും നിയമലംഘനമാണെന്ന് വകുപ്പ് ഓര്‍മിപ്പിച്ചു.
ക്യാമറയില്‍ പതിയാത്ത തരം മെറ്റീരിയല്‍ കൊണ്ട് നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കുന്നതും അനാവശ്യമായ ചിത്രങ്ങള്‍, എഴുത്തുകള്‍ തുടങ്ങിയവ ഒട്ടിക്കുന്നതും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി സാധാരണ രീതിയില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. പല വാഹന ഉടമകളും വളരെ ലാഘവത്തോടെ അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചിലര്‍ മറച്ചുവെക്കുകയും മറ്റു ചിലര്‍ അഴിച്ചുവെക്കുകയും കാണാതിരിക്കാന്‍ ചെളി വാരിത്തേക്കുകയും ഒക്കെ ചെയ്യുന്നതായി കാണുന്നു. ഇതിനൊക്കെ പിഴയീടാക്കും.
നമ്പര്‍ പ്ലേറ്റ് വ്യക്തമല്ലാത്ത വാഹനങ്ങള്‍ അപകടങ്ങളില്‍ പെട്ടാല്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവും. ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളില്‍ ഉള്‍പ്പെടെ സാധാരണ നിലയില്‍ ലഭിക്കേണ്ടതായ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇരകള്‍ക്ക് കിട്ടാതിരിക്കാനും സാധ്യതയുണ്ട്. ഇത്തരം നിയമലംഘനങ്ങളെല്ലാം രജിസ്ട്രേഷന് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയും പിഴയൊടുക്കേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
Content Highlights:
The Kerala Motor Vehicles Department has announced strict action against vehicle owners using decorative or illegal number plates. Violators will face fines up to 5000 rupees for non-compliance with prescribed standards. The initiative aims to enforce standardized registration plates across the state.



