Home rss business malayalam വിദ്യാർഥികൾക്കെതിരായ പൊലീസ് നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും: പിണറായി വിജയൻ

വിദ്യാർഥികൾക്കെതിരായ പൊലീസ് നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും: പിണറായി വിജയൻ

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എസ്എഫ്ഐ മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയാണ് പിണറായി വിജയന്റെ പ്രതികരണം. ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു.

കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാരിന്റെ നടപടി തുടരുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. വിദ്യാർഥികളുടെ ജീവനുതന്നെ അപകടമുണ്ടാകുന്ന തരത്തിലും അംഗഭംഗം സംഭവിക്കാവുന്ന വിധത്തിലുമാണ് പൊലീസ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വരികൾ ഉൾപ്പെടുന്ന വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും ആലപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇതിന് നിയമപരമായ യാതൊരു നിർബന്ധവുമില്ലെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കുന്നതിനായി മാത്രമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ ഇക്കാര്യം അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദില്ലി പൊലീസിന്റെ പെല്ലറ്റ് ഗൺ പ്രയോഗങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ വിദ്യാർഥികൾക്കൊപ്പം നിന്ന കോൺഗ്രസ്, കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ മോദി സർക്കാരിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായി മാറുകയാണെന്നും പിണറായി വിജയൻ വിമർശിച്ചു.

ധാരാളം പെൺകുട്ടികൾ പങ്കെടുക്കുന്ന സമരമായിട്ടും വനിതാ പൊലീസിനെ നിയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നെയിംബോർഡ് ധരിക്കാതെ എത്തുന്ന പുരുഷ പൊലീസുകാരാണ് പ്രകോപനത്തിനും അക്രമത്തിനും കാരണമാകുന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.