Source :- SIRAJLIVE NEWS
വിശാഖപട്ടണം | ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ഉരുക്ക് പ്ലാന്റില്‍ വന്‍ ദുരന്തം. ഉരുക്കിയ ഇരുമ്പ് ദേഹത്ത് പതിച്ച് ഒമ്പത് തൊഴിലാളികള്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലരയോടെയാണ് ‘രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡ്’ എന്ന പ്ലാന്റില്‍ ദുരന്തം സംഭവിച്ചത്.
ബക്കറ്റില്‍ നിറച്ചിരുന്ന 1,600 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള ഉരുക്കിയ ഇരുമ്പാണ് തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചതെന്നാണ് വിവരം. ബക്കറ്റ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. എന്നാല്‍, ഉരുക്കിയ നിലയിലുള്ള സ്റ്റീല്‍ വഹിച്ചിരുന്ന ലാഡില്‍ പ്രവര്‍ത്തനരഹിതമായെന്നും ഇതിലുണ്ടായിരുന്ന തിളച്ച സ്റ്റീല്‍ തൂവിയാണ് അപകടമെന്നും പറയുന്നു.
ഒമ്പത് പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും നിരവധി തൊഴിലാളികള്‍ മരിച്ചതായാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസ് പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ദുരന്തത്തില്‍ മുഖ്യമന്ത്രി കടുത്ത വേദന രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനവും സഹായവും ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിര്‍ദേശിച്ചിട്ടുണ്ട്.







