Home rss national malayalam പുതിയ വാർത്ത വേരുകളുടെ കാവലാള്‍: പച്ചമരുന്നുകളുടെ സുഗന്ധവുമായി കുഞ്ഞുമുഹമ്മദിന്റെ ഔഷധഗാഥ

വേരുകളുടെ കാവലാള്‍: പച്ചമരുന്നുകളുടെ സുഗന്ധവുമായി കുഞ്ഞുമുഹമ്മദിന്റെ ഔഷധഗാഥ

2
0

Source :- SIRAJLIVE NEWS

കൊളത്തൂർ | ആയുർവേദത്തിന് പ്രകൃതി നൽകുന്ന അമൃതാണ് പച്ചമരുന്നുകൾ. ഈ ഔഷധച്ചെടികളുടെ സുഗന്ധവും ഗുണവും ചോർന്നുപോകാതെ ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഒരു പരമ്പരാഗത സംരംഭത്തിന്റെ കഥ പറയുകയാണ് കൊളത്തൂർ കുറുപ്പത്താൽ സ്വദേശിയായ 68 വയസ്സുകാരൻ മേലേതിൽ കുഞ്ഞുമുഹമ്മദ്. ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുമ്പോൾ വർത്തമാനകാലത്തും പാരമ്പര്യത്തിന്റെ തനിമ ചോരാതെ പച്ചമരുന്ന് ശേഖരണവും വിതരണവും നടത്തുന്ന ഈ വയോധികന്റെ ജീവിതം ആയുർവേദ ലോകത്തിന് ഒരു വേറിട്ട ഏടാണ്. പിതാവ് പരേതനായ മൊയ്തുണ്ണി പടുത്തുയർത്തിയ ഔഷധസാമ്രാജ്യത്തിന്റെ തുടർച്ചയാണ് കുഞ്ഞുമുഹമ്മദ് ഇന്ന് മുന്നോട്ട് നയിക്കുന്നത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ കുടുംബ സംരംഭം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അപൂർവമായൊരു ബന്ധത്തിന്റെ സാക്ഷ്യപത്രമാണ്.

വീടിനോട് ചേർന്നുള്ള വിശാലമായ ഷെഡിൽ ഉണക്കി സൂക്ഷിച്ചിരിക്കുന്ന ഔഷധച്ചെടികളിൽ നിന്ന് ഉയരുന്ന സുഗന്ധം കേവലം മരുന്നിന്റേതല്ല, മറിച്ച് ഒരു തലമുറയുടെ സമർപ്പണത്തിന്റേതാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി മകൻ അബ്ദുല്ലത്തീഫും പിതാവിന് കൂട്ടായി ഈ രംഗത്തുണ്ട്. കൊടുവേലി, കുറുന്തോട്ടി, ഓരില, ആടലോടകം, അടപതിയൻ തുടങ്ങി വൈദ്യശാസ്ത്രത്തിൽ അത്യന്താപേക്ഷിതമായ ഒട്ടുമിക്ക പച്ചമരുന്നുകളും ഇവിടെ ലഭ്യമാണ്. കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ടെത്തിയും, കർഷകർ ഇങ്ങോട്ട് എത്തിച്ചുനൽകുന്നതുമായ ഔഷധച്ചെടികൾ കൃത്യമായി ഉണക്കി ഈർപ്പം തട്ടാതെ സംരക്ഷിക്കുകയാണ്.

വാഹനസൗകര്യങ്ങൾ കുറവായിരുന്ന പഴയകാലത്ത് ജീപ്പുകളുടെ മുകളിലും സ്വകാര്യ ബസുകളിലുമൊക്കെ കിലോമീറ്ററുകളോളം യാത്ര ചെയ്ത് അതിസാഹസികമായാണ് കുഞ്ഞുമുഹമ്മദ് ഇവ ശേഖരിച്ചിരുന്നത്. ഇന്ന് കോട്ടക്കൽ ആര്യവൈദ്യശാല, ചങ്ങമ്പള്ളി വൈദ്യശാല തുടങ്ങി പ്രശസ്തമായ വലിയ വൈദ്യശാലകൾ മുതൽ ചെറിയ നാട്ടുവൈദ്യശാലകൾ വരെ വിശ്വസ്തതയോടെ കുഞ്ഞുമുഹമ്മദിൽ നിന്ന് മരുന്നുകൾ വാങ്ങുന്നു. പിതാവിൽ നിന്ന് പകർന്നു കിട്ടിയ അറിവും അനുഭവസമ്പത്തും മാത്രമാണ് തങ്ങളുടെ വിജയമന്ത്രമെന്ന് ഇദ്ദേഹം ഓർമ്മിപ്പിക്കുന്നു.

എന്നാൽ, കാലം മാറുന്നതിനനുസരിച്ച് ഈ രംഗം നേരിടുന്ന വെല്ലുവിളികളും ചെറുതല്ല. കാലാവസ്ഥാ വ്യതിയാനവും പച്ചമരുന്നുകളുടെ ലഭ്യതക്കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒരുകാലത്ത് സമൃദ്ധമായി ലഭിച്ചിരുന്ന കൊടുവേലി ഉൾപ്പെടെയുള്ള പല അപൂർവ ഔഷധച്ചെടികളും ഇന്ന് നാടിന്റെ മണ്ണിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുവെന്നും, പച്ചമരുന്ന് ശേഖരിക്കാൻ തൊഴിലാളികളെ കിട്ടാനില്ലാത്തതും, പുതിയ തലമുറ ഇത്തരം കഠിനാധ്വാനം ആവശ്യമായ മേഖലകളിലേക്ക് തിരിഞ്ഞുനോക്കാത്തതും ഈ രംഗത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നുവെന്ന് ഇവർ പറയുന്നു.

പ്രതിസന്ധികളുടെ പേമാരി പെയ്തിറങ്ങുമ്പോഴും, പ്രകൃതിയുടെ ഈ പച്ചപ്പ് നിലനിർത്തണമെന്ന ദൃഢനിശ്ചയത്തിലാണ് കുഞ്ഞുമുഹമ്മദും മകൻ അബ്ദുല്ലത്തീഫും. മണ്ണിനെയും മരുന്നിനെയും സ്നേഹിക്കുന്ന ഇവർക്ക് ആയുർവേദ ദിനത്തിൽ പറയാനുള്ളത് പ്രകൃതിയെയും പാരമ്പര്യത്തെയും തൊട്ടറിഞ്ഞ ഒരു അതിജീവനത്തിന്റെ കഥയാണ്.

Content Highlights:
On National Ayurveda Day, 68-year-old Kunjumohammed from Kolathur continues his century-old family legacy of collecting and supplying traditional medicinal herbs. Alongside his son Abdullatheef, he supplies vital herbs to major institutions like Kottakkal Arya Vaidya Sala despite facing challenges.