Home rss national malayalam പുതിയ വാർത്ത ശരീരത്തിലെ അടുക്കള

ശരീരത്തിലെ അടുക്കള

2
0

Source :- SIRAJLIVE NEWS

രു കാർ പ്രവർത്തിക്കാൻ ഇന്ധനം വേണ്ടേ. ശരീരത്തെ ഒരു വാഹനമായി സങ്കൽപ്പിച്ചാൽ ആ വാഹനത്തിന് ആവശ്യമായ ഇന്ധനമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. പക്ഷേ, കാർ ഓടാൻ പെട്രോൾ നേരിട്ട് ഒഴിച്ചാൽ പോരല്ലോ, അതിനെ എൻജിനിൽ വെച്ച് കത്തിക്കണം. അതുപോലെ, നമ്മൾ കഴിക്കുന്ന ചോറും കറിയും മുട്ടയും പഴവും അതേപോലെ കോശങ്ങൾക്ക് ഉപയോഗിക്കാൻ പറ്റില്ല. അവയെ ചെറിയ കഷണങ്ങളാക്കി, ശരീരത്തിന് ആഗിരണം ചെയ്യാൻ പറ്റുന്ന ഗ്ലൂക്കോസും അമിനോ ആസിഡും ഫാറ്റി ആസിഡും ആക്കി മാറ്റണം. ശരീരത്തിനുള്ളിൽ നടക്കുന്ന ഈ മാന്ത്രിക പ്രക്രിയാണ് ദഹനം.

ഒരു നീണ്ട യാത്രയിലൂടെ, ഓരോ അവയവവും അതിന്റേതായ ജോലി കൃത്യമായി ചെയ്ത് ഭക്ഷണത്തെ ഊർജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

വായിൽ തുടങ്ങി മലദ്വാരം വരെ നീളുന്ന ഏകദേശം ഒന്പത് മീറ്റർ നീളമുള്ള അന്നനാളം (Alimentary Canal), വിവിധ ദഹനഗ്രന്ഥികൾ (Digestive Glands) എന്നിവ ചേർന്നതാണ് മനുഷ്യന്റെ ദഹനവ്യവസ്ഥ.

വാ (Mouth)

ദഹനത്തിന്റെ തുടക്കം അഥവാ ദഹനപ്രക്രിയ ആരംഭിക്കുന്നത് വായിൽ നിന്നാണ്. പല്ലുകൾ ഭക്ഷണത്തെ ചവച്ചരച്ച് ചെറുതാക്കുന്നു (യാന്ത്രിക ദഹനം). ഈ സമയം ഉമിനീർ ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ഉമിനീര് ഭക്ഷണവുമായി കലരുന്നു. ഉമിനീരിലെ അമിലൈസ് എന്ന എൻസൈം അന്നജത്തെ മാൾട്ടോസ് ആക്കി മാറ്റുന്നു.

ഗ്രസനിയും അന്നനാളവും (Pharynx and Eosphagus)

വായിൽ വെച്ച് പാതി ദഹിച്ച ഭക്ഷണം വിഴുങ്ങുമ്പോൾ അത് ഗ്രസനി വഴി അന്നനാളത്തിൽ എത്തും. അന്നനാളത്തിന്റെ ഭിത്തികളിലെ പേശികളുടെ തരംഗരൂപത്തിലുള്ള ചലനമായ പെരിസ്റ്റാൾസിസ് മൂലമാണ് ഭക്ഷണം ഇങ്ങനെ ആമാശയത്തിലേക്ക് നീങ്ങുന്നത്.

ആമാശയം (Stomach)

ഒരു വലിയ സഞ്ചി പോലെയുള്ള അവയവമാണ് ആമാശയം. ആമാശയ ഭിത്തിയിലെ ഗാസ്ട്രിക് ഗ്രന്ഥികൾ ഗാസ്ട്രിക് ജ്യൂസ് ഉത്പാദിപ്പിക്കും. ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോ ക്ലോറിക് ആസിഡ് (എച്ച് സി എൽ) ഭക്ഷണത്തിലെ രോഗാണുക്കളെ നശിപ്പിക്കുകയും ആസിഡ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. പെപ്‌സിൻ എന്ന എൻസൈം പ്രോട്ടീനുകളെ പെപ്‌റ്റോണുകളാക്കി മാറ്റുന്നു. ആമാശയ ഭിത്തിയെ ആസിഡിൽ നിന്ന് സംരക്ഷിക്കുന്നത് ശ്ലേഷ്മമാണ്.

ചെറുകുടൽ (Small Intestine)

പൂർണ ദഹനവും ആഗിരണവും ദഹനപ്രക്രിയയുടെ ഭൂരിഭാഗവും നടക്കുന്നത് ചെറുകുടലിലാണ്. ചെറുകുടലിലേക്ക് രണ്ട് പ്രധാന ഗ്രന്ഥികളിൽ നിന്നുള്ള ദഹനരസങ്ങൾ എത്തുന്നു(കരൾ, പാൻക്രിയാസ്).
ചെറുകുടലിന്റെ ഉൾഭിത്തിയിലുള്ള വില്ലസുകൾ എന്ന വിരൽ പോലുള്ള പ്രൊജക്ഷനുകൾ വഴിയാണ് ദഹിച്ച പോഷകങ്ങൾ രക്തത്തിലേക്കും ലിംഫിലേക്കും ആഗിരണം ചെയ്യപ്പെടുന്നത്.

വൻകുടൽ (Large Intestine)

ദഹിക്കാത്ത ഭക്ഷണ അവശിഷ്ടങ്ങൾ വൻകുടലിൽ എത്തുന്നു. ഇവിടെ വെച്ച് ജലവും ലവണങ്ങളും ശരീരം പുനരാഗിരണം ചെയ്യുന്നു. ബാക്കി വരുന്ന ഖരമാലിന്യം മലമായി മാറി മലാശയത്തിൽ സംഭരിക്കുകയും മലദ്വാരം വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

Content Highlights:
The human digestive system breaks down food into essential nutrients like glucose and amino acids through a nine-meter-long alimentary canal. Key organs including the mouth, stomach, and small intestine play crucial roles in breakdown and absorption. Waste products are then eliminated through the large intestine.