Source :- SIRAJLIVE NEWS
റിയാദ് | സഊദി അറേബ്യയിലെ ഇമാം അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് റോയല്‍ റിസര്‍വ്, കിംഗ് ഖാലിദ് റോയല്‍ റിസര്‍വ് എന്നീ സംരക്ഷിത മേഖലകളില്‍ വന്യജീവികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ്. 2026-ലെ മൂന്നാം പാദത്തില്‍ ഈ രണ്ട് റിസര്വുകളിലുമായി ആകെ 19 വന്യജീവി ജനനങ്ങള്‍ രേഖപ്പെടുത്തിയതായി റോയല്‍ റിസര്‍വ് ഡെവലപ്മെന്റ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.
പതിനാറ് അറേബ്യന്‍ മണല്‍ മാനുകള്‍ (Arabian Sand Gazelles), രണ്ട് അറേബ്യന്‍ ഒറിക്സുകള്‍ (Arabian Oryx), ഒരു അറേബ്യന്‍ മലമാന്‍ (Arabian Mountain Gazelle) എന്നിവയാണ് പുതുതായി ജനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വന്യജീവികളെ സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ വീണ്ടും പ്രകൃതിയിലേക്ക് കൊണ്ടുവരുന്നതിനും അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് ഈ നേട്ടമെന്നും ,മൃഗങ്ങള്‍ക്ക് അനുയോജ്യമായ സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കാന്‍ കഴിഞ്ഞത് ഇതിന് സഹായിച്ചതായും റിസര്‍വിലെ വൈല്‍ഡ് ലൈഫ് വിഭാഗം മേധാവി അബ്ദുല്ലത്തീഫ് അല്‍-അബ്ദുല്‍വഹാബ് പറഞ്ഞു.
ഫീല്‍ഡ് മോണിറ്ററിംഗിലൂടെയും റിസര്‍വുകളില്‍ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക വൈല്‍ഡ് ലൈഫ് ക്യാമറകളിലൂടെയുമാണ് പുതിയ പ്രജനന വിവരങ്ങള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്തത്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിജയകരമായി പുനരവതരിപ്പിക്കാന്‍ കഴിഞ്ഞത് പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. സൗദി വിഷന്‍ 2030-ന്റെ ജൈവവൈവിധ്യ സംരക്ഷണ ലക്ഷ്യങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നതാണ് അതോറിറ്റിയുടെ ഈ പുതിയ ചുവടുവെപ്പ്
Content Highlights:Saudi Arabia’s Imam Abdulaziz bin Muhammad and King Khalid Royal Reserves recorded 19 new wildlife births in Q3 2026. The births included 16 Arabian Sand Gazelles, two Arabian Oryxes, and one Arabian Mountain Gazelle. The success aligns with Saudi Vision 2030 biodiversity goals




