Source :- SIRAJLIVE NEWS
റിയാദ്| സഊദി അറേബ്യയുടെ സമുദ്ര സംരക്ഷണ ശ്രമങ്ങൾക്കും ബ്ലൂ ഇക്കോണമി വികസനത്തിനും പുതിയ ദിശാബോധം നൽകിക്കൊണ്ട് ചെങ്കടലിലെ സമുദ്ര ഗവേഷണ പഠനങ്ങളിൽ വൻ മുന്നേറ്റം രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ വൈൽഡ്ലൈഫ്, കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ഓഷ്യൻഎക്സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അത്യാധുനിക സമുദ്ര ഭൂപട നിർമ്മാണവും ജൈവവൈവിധ്യ പഠനങ്ങളുമാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടുന്നത്.
സഊദി ഭൗമശാസ്ത്രജ്ഞരും അന്താരാഷ്ട്ര ഗവേഷകരും ഉൾപ്പെട്ട വിപുലമായ സംഘം 62,758 ചതുരശ്ര കിലോമീറ്റർ കടൽത്തറയുടെ ഉയർന്ന റെസല്യൂഷനിലുള്ള ഭൂപടം ഇതിനകം വിജയകരമായി തയ്യാറാക്കി കഴിഞ്ഞു. കടലിന്റെ ആഴങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കാനും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സമുദ്രമേഖലകളെ സംരക്ഷിക്കാനും ഈ പഠനങ്ങൾ നിർണ്ണായക അടിത്തറയായി മാറും.
ഈ വിപുലമായ ഭൂപട നിർമ്മാണത്തിന്റെ ഭാഗമായി സഊദി തീരത്തെ 860 കിലോമീറ്ററോളം വരുന്ന തീരപ്രദേശം രണ്ട് മീറ്റർ മുതൽ 2,460 മീറ്ററിലധികം ആഴമുള്ള കടൽത്തറ വരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ നാലാമത്തെ വലിയ പവിഴപ്പുറ്റ് ശൃംഖല നിലനിൽക്കുന്ന ചെങ്കടലിൽ 251 ഇനം പവിഴപ്പുറ്റുകളെ കണ്ടെത്താൻ ഈ പര്യവേക്ഷണത്തിലൂടെ ഗവേഷകർക്ക് സാധിച്ചു. ഇതിൽ 25 എണ്ണം ചെങ്കടലിൽ മാത്രം കാണപ്പെടുന്നവയും 54 എണ്ണം വംശനാശഭീഷണി നേരിടുന്നവയുമാണ്. കൂടാതെ ഇതുവരെ രേഖപ്പെടുത്താത്ത 4 പുതിയ പവിഴപ്പുറ്റ് ഇനങ്ങളെക്കൂടി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പര്യവേക്ഷണത്തിനിടയിൽ 358 ഇനം സമുദ്രമത്സ്യങ്ങളെ കണ്ടെത്തുകയും, സമുദ്രസംരക്ഷണ മേഖലയായ ‘ബ്ലൂ ഹോൾസ്’ പരിധിയിൽ അതീവ വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് കടലാമകളെ കണ്ടെത്തുകയും ചെയ്തത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഫരാസൻ ദ്വീപുകളുടെ പരിധിയിൽ ബ്രൈഡ്സ് തിമിംഗലങ്ങളുടെ തുടർച്ചയായ സാന്നിധ്യവും സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
മനുഷ്യൻ നിയന്ത്രിക്കുന്ന ആഴക്കടൽ അന്തർവാഹിനികളും സ്വയം നിയന്ത്രിത റോബോട്ടിക് വാഹനങ്ങളും വിന്യസിച്ചാണ് ഈ അത്യാധുനിക ഗവേഷണം സാധ്യമാക്കിയത്. പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്താതെ ജീവികളുടെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഇ-ഡിഎൻഎ സാങ്കേതികവിദ്യയും ഇതിനായി ഉപയോഗിച്ചു. പവിഴപ്പുറ്റുകളുടെ ചിത്രങ്ങൾ വിശകലനം ചെയ്യാനും സ്പീഷിസുകളെ വേഗത്തിൽ തിരിച്ചറിയാനും ‘റീഫ് നെറ്റ് എ.ഐ ‘ എന്ന കൃത്രിമബുദ്ധി പ്ലാറ്റ്ഫോമും സഖ്യം ഉപയോഗപ്പെടുത്തുന്നുണ്ട്.
സഊദി അറേബ്യയുടെ നാഷണൽ റെഡ് സീ സസ്റ്റൈനബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായുള്ള ഈ കണ്ടെത്തലുകൾ വഴി 2030-ഓടെ സമുദ്രസംരക്ഷണ മേഖല നിലവിലുള്ള 3 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഈ മാപ്പിങ് ഡാറ്റയിലൂടെ ടൂറിസം വികസനം, മത്സ്യബന്ധനം, അക്വാകൾച്ചർ എന്നിവ സമുദ്ര പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അതിനോടൊപ്പം തബൂക്ക് മേഖലയിലെ അമാല ഡെസ്റ്റിനേഷനിൽ റെഡ് സീ ഗ്ലോബൽ വികസിപ്പിക്കുന്ന ‘Corallium’ മരീൻ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് പൊതുജനങ്ങൾക്ക് സമുദ്രസംരക്ഷണ ബോധവൽക്കരണം നൽകാനും ഭാവി ഗവേഷണങ്ങൾക്കുമായി വലിയ പങ്കുവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Saudi Arabia achieved a major breakthrough in Red Sea marine research by mapping over 62,000 sq km of seabed. Researchers identified 251 coral species, including four new ones, alongside rare marine life. The initiative supports Saudi Vision 2030 to expand marine protection to 30 percent.




