Source :- SIRAJLIVE NEWS
കൊച്ചി | നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. എഞ്ചിനിലെ ഓയില്‍ അളവ് അപകടകരമായ വിധത്തില്‍ കുത്തനെ താഴ്ന്നതിനെ തുടര്‍ന്നാണ് ബോയിങ് 737 വിമാനം അടിയന്തരമായി കൊച്ചിയില്‍ തന്നെ തിരിച്ചിറക്കിയത്
ആഗസ്റ്റ് 31-ന് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട IX 415 നമ്പര്‍ വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന് ഏകദേശം 50 മിനിറ്റ് പിന്നിട്ടപ്പോള്‍, 36,000 അടി ഉയരത്തില്‍ വെച്ചാണ് ഒന്നാം നമ്പര്‍ എഞ്ചിനിലെ ഓയില്‍ അളവ് അസാധാരണമായി കുറയുന്നത് പൈലറ്റിന്റെയും കോ-പൈലറ്റിന്റെയും ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യോമയാന പരിശോധനകള്‍ കോക്ക്പിറ്റില്‍ പൂര്‍ത്തിയാക്കി.
എന്നാല്‍ ഓയില്‍ അളവ് വീണ്ടും കുറഞ്ഞുകൊണ്ടിരുന്നതോടെ അബുദാബിയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് തന്നെ മടങ്ങാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ഓയില്‍ പ്രഷര്‍ അതീവ അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ, സുരക്ഷ മുന്‍നിര്‍ത്തി ഒന്നാം നമ്പര്‍ എഞ്ചിന്റെ പ്രവര്‍ത്തനം പൈലറ്റുമാര്‍ നിര്‍ത്തിവെച്ചു . തുടര്‍ന്ന് ഒറ്റ എഞ്ചിന്‍ ഉപയോഗിച്ചാണ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
കഴിഞ്ഞദിവസം വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലഖ്നൗവിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
Content Highlights: An Air India Express flight to Abu Dhabi made an emergency landing at Kochi airport due to a technical failure. The pilot shut down one engine after oil pressure dropped critically at 36,000 feet. All passengers and crew landed safely using a single engine.



