Home rss national malayalam പുതിയ വാർത്ത സി എം ആർ എല്‍ ഉന്നതര്‍ മൊഴി പിന്‍വലിച്ചു; എക്‌സാലോജിക് കേസില്‍ ഇ ഡിക്ക് പ്രഹരം

സി എം ആർ എല്‍ ഉന്നതര്‍ മൊഴി പിന്‍വലിച്ചു; എക്‌സാലോജിക് കേസില്‍ ഇ ഡിക്ക് പ്രഹരം

4
0

Source :- SIRAJLIVE NEWS

കൊച്ചി | സി എം ആർ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്്ഡയറക്ടറേറ്റിന് കടുത്ത തിരിച്ചടി. കേസില്‍ തങ്ങളില്‍ നിന്ന് ഇ ഡി രേഖപ്പെടുത്തിയ മൊഴികള്‍ പിന്‍വലിക്കുന്നതായി സി എം ആർ എല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ പി സുരേഷ് കുമാര്‍ എന്നിവരാണ് മൊഴി പിന്‍വലിച്ച് ഇ ഡി ഡയറക്ടര്‍ക്ക് കത്തയച്ചത്.

ഇ ഡി ചോദ്യംചെയ്യലിനിടെ തങ്ങള്‍ക്ക് കടുത്ത ശാരീരിക, മാനസിക പീഡനങ്ങള്‍ നേരിടേണ്ടിവന്നതായും ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്നും ഇ ഡി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി അയച്ച റിട്രാക്്ഷന്‍ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. 2024 ഏപ്രിലില്‍ നടന്ന ചോദ്യംചെയ്യലിനെക്കുറിച്ച് മേയില്‍ ആയിരുന്നു ഇ ഡി ഡയറക്ടര്‍ക്ക് കത്തയച്ചത്. ഇത് സത്യവാങ്മൂലമായി ഹൈക്കോടതിയിലും നല്‍കിയിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഏപ്രിലില്‍ ഇ ഡി നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിന് ഹാജരായപ്പോൾ തങ്ങള്‍ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിേടണ്ടിവന്നു. എക്‌സാലോജിക് കമ്പനി സി എം ആർ എല്ലിന് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്‍കിയപ്പോള്‍ അത് തിരുത്തിപ്പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് പി സുരേഷ് കുമാര്‍ ആരോപിക്കുന്നു.

ഇത് നിരസിച്ചതോടെ ഇ ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ അറസ്റ്റ് ചെയ്യുമെന്നും മകനെ ആസ്ത്രേലിയയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്നും ബേങ്ക് അക്കൗണ്ടുകളും വസ്തുവകകളും കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി.

അര്‍ധരാത്രിയില്‍ മറ്റൊരു മുറിയിലേക്ക് മാറ്റി 45 മിനുട്ടോളം നിര്‍ബന്ധിച്ച് നിര്‍ത്തിയതായും പിന്നീട് തറയില്‍ ഇരുത്തിയതായും കുടിവെള്ളം പോലും നിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതുപോലെ മൊഴി നല്‍കാന്‍ നിര്‍ബന്ധിതനായെന്നുമാണ് അദ്ദേഹം പറയുന്നത്.
ചോദ്യംചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇ ഡി ഓഫീസില്‍ തടഞ്ഞുവെച്ച് രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായി സി എഫ് ഒ. കെ എസ് സുരേഷ് കുമാറും പറയുന്നു. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുള്ള 63കാരനായ തനിക്ക് കൃത്യസമയത്ത് ഭക്ഷണവും മരുന്നും നിഷേധിച്ചു.

എക്‌സാലോജിക് കമ്പനിക്ക് സി എം ആർ എല്‍ സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് നല്‍കാന്‍ കമ്പനി വ്യാജ ചെലവുകള്‍ കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കടുത്ത ക്ഷീണവും മാനസിക സംഘര്‍ഷവും കാരണം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രസ്താവനകളില്‍ ഒപ്പിടേണ്ടി വന്നതെന്ന് അദ്ദേഹം പറയുന്നു.

സി എംആർ എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്തയുടെ വസതിയില്‍ നടന്ന ചോദ്യംചെയ്യലില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ള വയോധികനായ എം ഡിയെ കിടക്കയില്‍ ഇരുത്തി, വിരലടയാളം ബലമായി രേഖകളില്‍ പതിപ്പിക്കുകയായിരുന്നുവെന്നും ഇരുവരും ആരോപിച്ചു. നിലവില്‍ കടുത്ത ഭയത്തിലും മാനസികാഘാതത്തിലുമാണ് തങ്ങളും കുടുംബങ്ങളും കഴിയുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥരുടെ ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കെതിരെ അടിയന്തര ഇടപെടലുണ്ടാകണമെന്നും ഇ ഡി ഡയറക്ടര്‍ക്ക് നല്‍കിയ മൊഴി പിന്‍വലിക്കല്‍ പ്രസ്താവനയില്‍ ഇരുവരും പറയുന്നു.

പിണറായി വിജയന്‍, മകള്‍ ടി വീണ, മരുമകന്‍ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഇ ഡി സംസ്ഥാന ഡി ജി പിക്ക് കൈമാറിയ കത്തില്‍ പ്രധാന തെളിവായി കാണിച്ചിരുന്നത് സി എം ആർ എല്‍ ഉദ്യോഗസ്ഥരുടെ മൊഴികളായിരുന്നു. എന്നാല്‍, ഈ മൊഴികള്‍ തങ്ങളെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് ഇരുവരും വ്യക്തമാക്കിയതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യംചെയ്യപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Content Highlights:
CMRL senior officials retracted their statements given to the Enforcement Directorate in the Exalogic financial case. In a letter to the ED Director and High Court affidavit, officials alleged severe physical torture and coercion. The statement withdrawal poses a major setback to the ED investigation involving high profile political figures.