Home rss national malayalam പുതിയ വാർത്ത സ്വാതന്ത്ര്യത്തിന്റെ ആകാശം

സ്വാതന്ത്ര്യത്തിന്റെ ആകാശം

3
0

Source :- SIRAJLIVE NEWS

“Freedom is not given – it is won.’
– Nikos Kazantzakis

2026 ആഗസ്റ്റ് 13, വ്യാഴം. ഡൽഹി. രാവിലെ നടക്കാൻ ഇറങ്ങിയതാണ്. മഹാത്മാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘാട്ടിലേക്ക്. അസാധാരണമായ കാഴ്ചകളാണ് വഴിയിലുടനീളം കാണാൻ കഴിയുന്നത്. ദരിയാ ഗഞ്ചിൽ നിന്ന് രാജ്ഘട്ടിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ കൂട്ടങ്ങൾ. കൈയിൽ തോക്കേന്തി നൂറു കണക്കിന് പോലീസുകാരും പട്ടാളക്കാരും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മിക്ക റോഡുകളും അടച്ചിരിക്കുന്നു. പരിസരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്. റെഡ് ഫോർട്ടിലേക്കുള്ള റോഡുകളുടെ ഇരുവശവും വർണശബളമായി അലങ്കരിച്ചിട്ടുണ്ട്. ദേശീയ പതാകയുടെ നിറങ്ങൾ. പ്രകാശം പരത്തുന്ന വിളക്കുകൾ. ദീപാലംകൃതമായ രാജവീഥികൾ. ത്രിവർണ ശോഭയിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ.

ആഗസ്റ്റ് പതിനഞ്ചിന് രാവിലെ ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരിക്കുന്ന സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന്റെ മുന്നൊരുക്കങ്ങളാണ് എല്ലാം. അൽപ്പ സമയം കഴിഞ്ഞപ്പോൾ ഇന്ത്യൻ പട്ടാളത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ മോക്ക് ഡ്രിൽ അരങ്ങേറി. തലങ്ങും വിലങ്ങും പോലീസ് വാഹനങ്ങൾ. ഡൽഹിയിൽ എങ്ങും ആഘോഷത്തിന്റെ ആരവമാണ്. രാജ്യം എൺപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ കാഴ്ചകൾ.

വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ, യുവശക്തി വിക്‌സിത് ഭാരത് 2047 എന്നീ പ്രമേയങ്ങളിലാണ് ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. നിരവധി വെല്ലുവിളികൾ നിലനിൽക്കുമ്പോഴും രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളും പദ്ധതികളും ഈ സ്വാതന്ത്ര്യ ദിനത്തിൽ ശ്രദ്ധേയമായ കാര്യങ്ങളാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

എന്താണ് യഥാർഥ സ്വാതന്ത്ര്യം എന്നതും അതെങ്ങനെയാണ് രാജ്യത്തെ പൗരന്മാർക്ക് അനുഭവപ്പെടുന്നതെന്നുമുള്ള ചർച്ചകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സജീവമായി നടക്കുന്നതിനിടയിലാണ് ഇത്തവണ നാം സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. പുതുതലമുറയിലെ യുവാക്കൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്നിരിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥി പ്രതിഷേധങ്ങൾ ഇപ്പോഴും ശക്തമായി നടന്നുവരുന്നു. വിദ്യാഭ്യാസരംഗം അടിമുടി മാറണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിൽ, ദേശീയ രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഇത്തരമൊരു നിർണായക സമയത്ത് നമ്മുടെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസന മുന്നേറ്റം നടത്താൻ ഇന്ത്യക്ക് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.

യഥാർഥ വികസിത രാഷ്ട്രം സാധ്യമാകണമെങ്കിൽ ഭരണകർത്താക്കളും പ്രതിപക്ഷ പാർട്ടികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൗരന്മാരുമെല്ലാം അവരുടേതായ ഭാഗധേയം കൃത്യമായി നിർവഹിക്കേണ്ടതുണ്ട്.
ഏകദേശം 5,000 വിശിഷ്ടാതിഥികളാണ് ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തുമ്പോൾ “വന്ദേമാതരം’ ആലപിക്കും. തുടർന്ന് അദ്ദേഹം ദേശീയ പതാക ഉയർത്തി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.

2047-നുള്ളിൽ ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യയിലെ യുവാക്കളുടെ സംഭാവനകൾ അംഗീകരിച്ചുകൊണ്ട്, ഈ വർഷത്തെ ആഘോഷങ്ങൾ യുവശക്തിയെ ഉൾക്കൊണ്ടായിരിക്കുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജന്തർ മന്ദറിലെ ന്യൂജൻ പ്രതിഷേധത്തിന്റെ കൂടി പാശ്ചാത്തലത്തിൽ ഇക്കാര്യം നോക്കിക്കാണുമ്പോൾ രാജ്യത്ത് പുതിയ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. യുവാക്കളുടെ ശബ്ദം കേൾക്കാൻ രാജ്യം തയ്യാറാകുന്നു എന്നത് കൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം.

പ്രധാന ആഘോഷങ്ങൾ ആരംഭിക്കുന്നത് ചെങ്കോട്ടയിലാണ്. ഭീമാകാരമായ പുഷ്പാലങ്കാരത്തിൽ “വന്ദേമാതരം’ പ്രദർശിപ്പിക്കും. എൻ‌ സി‌ സി, മൈ ഭാരത് വളണ്ടിയർമാരിൽ നിന്നുള്ള 2,500 ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന് റാമ്പാർട്ടിന് എതിർവശത്തുള്ള ജ്ഞാനപഥിൽ “വന്ദേ മാതരം’ എഴുതും. ഇന്ത്യൻ വ്യോമസേനയുടെ എം ഐ-17 ഹെലികോപ്റ്റർ “വന്ദേമാതരം 150′ വർഷത്തെ അനുസ്മരിക്കുന്ന ബാനർ വഹിക്കുകയും ചെങ്കോട്ടയിൽ ഒത്തുകൂടിയ ആളുകളുടെ മേൽ പുഷ്പവൃഷ്ടി നടത്തുകയും ചെയ്യും.

സൈനിക ബാൻഡ് പ്രകടനങ്ങളാണ് ഏറ്റവും ശ്രദ്ധേയമായ കാഴ്ച. സ്വാതന്ത്ര്യസമരകാലത്ത് തലമുറകളെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ദേശീയഗാനത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, 2026 ആഗസ്റ്റ് 08 മുതൽ ഇന്ത്യയിലുടനീളം നിരവധി ബാൻഡ് പ്രകടനങ്ങൾ നടന്നു കഴിഞ്ഞു. ഒപ്പം കശ്മീർ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പതാകയാത്രകളും നടന്നു. കരസേന, നാവികസേന, വ്യോമസേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, എൻ സി സി, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി ആർ പി എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ ടി ബി പി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി ഐ എസ് എഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി എസ് എഫ്), ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഐ ഡി എസ്), റെയിൽവേ പ്രൊട്ടക്്ഷൻ ഫോഴ്‌സ് (ആർ പി എഫ്), അസം റൈഫിൾസ് എന്നിവയുടെ ബാൻഡ് പ്രകടനങ്ങൾ രാജ്യത്തെ 343 പ്രമുഖ സ്ഥലങ്ങളിൽ നടക്കും. ഇത് ആഗസ്റ്റ് പതിനഞ്ചിന് ഡൽഹിയിൽ നടക്കുന്ന സൈനിക പ്രകടനത്തോടെ സമാപിക്കും. പൗരന്മാർക്കിടയിൽ ദേശസ്നേഹം വളർത്തുന്നതിനായും ആഘോഷങ്ങളുടെ നേരിട്ടുള്ള അനുഭവം സ്വന്തമാക്കാനും ഈ ബാൻഡ് പ്രകടന വേദികളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഔദ്യോഗിക ആഘോഷ പരിപാടികളുടെ മുന്നേറ്റം യുവാക്കളുടെ സാധ്യതകൾ മനസ്സിലാക്കിയാണ് നടക്കുന്നത്. പ്രത്യേകിച്ച്, യുവശക്തി: വിക്ഷിത് ഭാരത് 2047 ലേക്കുള്ള യാത്ര എന്ന സങ്കൽപ്പം. അതിന്റെ ഭാഗമായാണ് ഈ ആഘോഷ പരിപാടികളിലെ ശ്രദ്ധേയമായ പദ്ധതിയായി യുവാക്കളെ രാജ്യം ആദരിക്കുന്നത്. വ്യത്യസ്ത മേഖലകളിലെ യുവാക്കളുടെ നേട്ടങ്ങളെയും വിജയങ്ങളെയും രാജ്യം ആദരിക്കും.

2026ലെ അന്താരാഷ്ട്ര ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ഒളിമ്പ്യാഡ് എന്നിവയിൽ മെഡൽ നേടിയ 19 വിദ്യാർഥികളുടെ നേട്ടങ്ങൾ ശാസ്ത്ര മേഖലയിലെ യുവശക്തിയുടെ വിജയത്തിന്റെ ഉദാഹരണമാണ്. അവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്, അവരെ പ്രധാനവേദിയിൽ ഇരുത്തും. ഒപ്പം, വിവിധ പാശ്ചാത്തലങ്ങളിൽ നിർമിച്ച വ്യൂ കട്ടറുകൾ ആണവ, ബഹിരാകാശ സാങ്കേതികവിദ്യകളിലെ ഇന്ത്യയുടെ പുരോഗതി പ്രദർശിപ്പിക്കും. ഗാർഡ് ഓഫ് ഓണർ ഏരിയയിലെ പുഷ്പാലങ്കാരം ഇന്ത്യയുടെ വിക്സിത് ഭാരത് @ 2047 ലേക്കുള്ള യാത്രയും ചിത്രീകരിക്കും. വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നേട്ടങ്ങൾ കൈവരിച്ചവരും, വിക്സിത് ഭാരത് യാത്രയിൽ രാജ്യത്തെ നയിക്കുന്നവരുമായ വിശിഷ്ടാതിഥികളെയും രാജ്യം ആദരിക്കും.

ദേശീയ ഇന്നൊവേഷൻ പ്രോഗ്രാമുകൾക്ക് കീഴിലുള്ള യുവ ഇന്നൊവേറ്റർമാർ, പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട മികച്ച ഇന്റേണുകൾ, വിവിധ പദ്ധതികൾക്ക് കീഴിൽ പിന്തുണക്കുന്ന മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്റ്റാർട്ടപ്പുകൾ, പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരം പരിശീലനം നേടിയ മികച്ച യുവാക്കൾ, സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ടിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്റ്റാർട്ടപ്പുകൾ, മികച്ച പ്രകടനം കാഴ്ചവെച്ച മൈ ഭാരത് വളണ്ടിയർമാർ, നമസ്തെ, പി എം അജയ്, സീഡ് എന്നീ പദ്ധതികൾക്ക് കീഴിലുള്ള ഗുണഭോക്താക്കൾ, വിവിധ ക്വിസ് മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ, വിക്‌സിത് ഭാരത്@2047 ലേക്കുള്ള സംരംഭകർ, കർഷകരും തൊഴിലാളികളും അടങ്ങുന്ന പ്രതിനിധികൾ തുടങ്ങിയവരാണ് ഈ വർഷത്തെ അതിഥികൾ. ഇതിൽ ഡൽഹിയിലെ ടാക്സി ഡ്രൈവർമാരും ഉൾപ്പെടും. കുട്ടികൾക്കുള്ള മത്സര പരിപാടികളും നടക്കും.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ആഘോഷ പരിപാടികൾ നടക്കുമ്പോഴും നമ്മുടെ രാജ്യം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന ആലോചന ഓരോ ഇന്ത്യൻ പൗരന്റെയും മനസ്സിലുണ്ട്. സ്വാതന്ത്ര്യം പലപ്പോഴും രാജ്യം പൗരന്മാർക്ക് നൽകുന്ന ഒരനുഭവമല്ലെന്നും അതെപ്പോഴും പോരാടി നേടിയെടുക്കേണ്ടതാണെന്നും ഗ്രീക്ക് ചിന്തകൻ നിക്കോസ് കസാൻസാക്കിസ് എഴുതിയിട്ടുണ്ട്. സ്വാതന്ത്ര്യം നേടിയതിന്റെ എൺപത് വർഷങ്ങൾ നാം ആഘോഷിക്കുമ്പോഴും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം ഈ ചിന്തയുടെ നേർസാക്ഷ്യമാണ്. സമീപകാലത്തെ സാമൂഹിക, രാഷ്ട്രീയ സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്.

വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഓരോ ഇന്ത്യൻ പൗരനും സ്വാതന്ത്ര്യം ചോദിച്ചു വാങ്ങുന്നു. നേടിയെടുക്കുന്നു. വ്യവസ്ഥിതി എപ്പോഴും അങ്ങനെയാണ് ഘടനാപരമായി പ്രവർത്തിക്കുന്നത്. ഒന്നുകിൽ ശബ്ദിക്കുക. അല്ലെങ്കിൽ മൗനം പാലിക്കുക. ഈ രണ്ട് തിരഞ്ഞെടുപ്പുകൾക്കിടയിലാണ് ഓരോ ഇന്ത്യക്കാരനും.
ഇന്ത്യയുടെ ഏറ്റവും വലിയ പത്ത് നേട്ടങ്ങൾ എന്തൊക്കെയാണെന്ന് “ക്ലൗഡ് എ ഐ’യോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം ചുരുക്കി ഇങ്ങനെ വായിക്കാം:

യു പി ഐ (UPI), ഇന്ത്യ സ്റ്റാക്ക് (India Stack), ഡിജിലോക്കർ (DigiLocker) തുടങ്ങിയ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ഇന്ത്യ വലിയ മുന്നേറ്റം കാഴ്ച വെച്ചിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റിൽ ഇന്ത്യ ആഗോളതലത്തിൽ ഒരു മാതൃകയാണ്. 2026 ജൂലൈ വരെ 24 രാജ്യങ്ങളുമായി ഇന്ത്യ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സഹകരണ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രകടനത്തിൽ അമേരിക്ക, ചൈന, സിംഗപ്പൂർ എന്നിവക്ക് തൊട്ടുപിന്നിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ജർമനി, ഫ്രാൻസ്, ജപ്പാൻ, യുകെ, കാനഡ എന്നീ രാഷ്ട്രങ്ങളേക്കാൾ എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും ഗവേഷണത്തിലും മുന്നിലാണ് ഇന്ത്യ. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എ ഐ ടാലന്റ് പൂൾ ഇന്ത്യയിലുണ്ട്.

ഡിജിറ്റൽ സാമ്പത്തിക കുതിപ്പിലും രാജ്യം അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഡിജിറ്റലായി കൈമാറുന്ന വ്യാപാരമാണ് മറ്റൊരു നേട്ടം. സേവന കയറ്റുമതി, സോഫ്റ്റ്‌വെയർ കയറ്റുമതി, ഐ ടി സേവനങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഓൺലൈൻ ബിസിനസ്സ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡിജിറ്റൽ വ്യാപാരത്തിലൂടെ ഏകദേശം 328 ബില്യൺ യു എസ് ഡോളർ ഇന്ത്യ നേടിയതായി കണക്കാക്കപ്പെടുന്നു. കൂടാതെ ഐ സി ടി (ICT) സേവന കയറ്റുമതിയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഡിജിറ്റൽ സേവനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ ഫലങ്ങൾ, നോളജ് ക്രിയേഷൻ എന്നിവയിലെ വളർച്ചയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ ഇന്ത്യ 38-ാം സ്ഥാനത്താണ്. ബഹിരാകാശവും പ്രതിരോധ നിർമാണവുമാണ് മറ്റൊരു മേഖല.

ഒരു സ്വകാര്യ ബഹിരാകാശ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതും, പ്രതിരോധ നിർമാണ രംഗത്തെ നേട്ടങ്ങളും എൻജിനീയറിംഗ് കയറ്റുമതിയും 2026ലെ പ്രധാന നാഴികക്കല്ലുകളാണ്. ഇന്ത്യയുടെ പ്രധാന നേട്ടങ്ങളിൽ ക്ലീൻ എനർജിയും ഉൾപ്പെടുന്നു. ഇതിനൊപ്പം റെക്കോർഡ് കയറ്റുമതിയും വർധിച്ചുവരുന്ന സാമ്പത്തിക സുസ്ഥിരതയും മറ്റ് നേട്ടങ്ങളാണ്. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ഇൻസോൾവൻസി ആൻഡ് ബാർക്രപ്റ്റ്സി കോഡ്, ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തലുകൾ എന്നിവയുടെ ഫലമായി കോംപറ്റീർ ഫൗണ്ടേഷന്റെ ഗ്ലോബൽ റിഫോം റാങ്കിംഗിൽ ഇന്ത്യ 82-ാം സ്ഥാനത്ത് നിന്ന് 57ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിലെ പ്രകടനം 2026 ലെ യഥാർഥ നാഴികക്കല്ലുകളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്നു.

ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉത്പാദക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റമാണ് മറ്റൊന്ന്. കേവലം ഒരു ഉപഭോക്തൃവിപണി എന്ന നിലയിൽ നിന്ന് സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ആഗോളതലത്തിൽ പ്രസക്തമായ ആശയങ്ങൾ എന്നിവയുടെ ഉത്പാദക രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു.

ഇന്ത്യ ഏറെ പിന്നിൽ നിൽക്കുന്ന പത്ത് മേഖലകൾ തിരഞ്ഞപ്പോൾ ലഭിച്ചത് ഇങ്ങനെ: പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പിന്നിലാണ് രാജ്യം. എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ 177 രാജ്യങ്ങളിൽ 176-ാം സ്ഥാനത്താണ് ഇന്ത്യ. അഴിമതി ധാരണാ സൂചികയിൽ (Corruption Perceptions Index) ഇന്ത്യ 96-ാം സ്ഥാനത്താണ്. രാജ്യത്തെ ജനങ്ങളുടെ സന്തോഷവും ക്ഷേമവും വളരെ പിന്നിൽ തന്നെ. വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 118-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്സ്പോർട്ടിന്റെ കാര്യം കഷ്ടമാണ്. ഹെൻലി പാസ്സ്പോർട്ട് ഇൻഡക്സിൽ ഇന്ത്യ 75-ാം സ്ഥാനത്താണ്. എ ഐ രംഗത്തെ നേതൃത്വമുണ്ടെങ്കിലും, ICT ഡെവലപ്‌മെന്റ് ഇൻഡക്സിൽ 176 രാജ്യങ്ങളിൽ 130-ാം സ്ഥാനത്താണ് ഇന്ത്യ.

ജനങ്ങളിൽ ഭൂരിഭാഗത്തിനും കണക്റ്റിവിറ്റിയിലും ICT ശേഷിയിലും വലിയ അന്തരം നിലനിൽക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. പട്ടിണിയും പോഷകാഹാരക്കുറവും വളരെക്കൂടുതലാണ്. 2026-ലെ സൂചികകളിൽ ലിംഗസമത്വം, പത്രസ്വാതന്ത്ര്യം, സമാധാനം എന്നിവക്കൊപ്പം ആവർത്തിച്ച് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് പട്ടിണി. പത്രസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 157. ഓരോ വർഷവും ഇത് താഴേക്ക് പോകുന്നു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ പരിമിതമായ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ, കുറഞ്ഞ റിസ്ക് ക്യാപിറ്റൽ, ദുർബലമായ സ്റ്റാർട്ടപ്പ്-യൂനിവേഴ്സിറ്റി ബന്ധങ്ങൾ, മിതമായ സൈബർ സുരക്ഷാ ചെലവുകൾ എന്നിവ ഈ മേഖല നേരിടുന്ന വെല്ലുവിളികളാണ്. തൊഴിൽ, വരുമാന വളർച്ച, ഊർജ സുരക്ഷ, വിദ്യാഭ്യാസം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശേഷി വളരെ ദുർബലമാണെന്നും കണക്കുകൾ പറയുന്നു.

ഈ വെല്ലുവിളികൾക്കിടയിലൂടെ വേണം രാജ്യത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യത്തിന്റെ സന്തോഷം പങ്കുവെക്കാൻ. തീർച്ചയായും ഓരോ ഇന്ത്യക്കാരനും ഇതിലേറെ അർഹിക്കുന്നുണ്ട്. വെല്ലുവിളികൾ മറികടന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് നടന്നെത്താൻ നമുക്കിനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്.

Content Highlights:
India is finalizing preparations for its 80th Independence Day celebrations at the Red Fort in Delhi. Prime Minister Narendra Modi will unfurl the national flag and address the nation under themes focusing on Vande Mataram and youth. The event highlights key national progress alongside existing challenges.

.