Home rss business malayalam സ്വർണത്തിനായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ഏഷ്യൻ ഗെയിംസ് ടി20 ഫൈനൽ ശനിയാഴ്ച

സ്വർണത്തിനായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ഏഷ്യൻ ഗെയിംസ് ടി20 ഫൈനൽ ശനിയാഴ്ച

2
0

Source :- EVARTHA NEWS

ഏഷ്യൻ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ബ്ലോക്ക്ബസ്റ്റർ ഫൈനൽ. ശനിയാഴ്ച രാവിലെ 10.30 മുതലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വനിതാ ടീമിന് പിന്നാലെ പുരുഷ ടീമിനും സ്വർണം നിലനിർത്താനാണ് ലക്ഷ്യം. സെമിഫൈനലിൽ ഇന്ത്യ ശ്രീലങ്കയെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും തോൽപ്പിച്ചാണ് കലാശപ്പോരിലേക്ക് മുന്നേറിയത്.

എന്നാൽ ഫൈനലിനും മഴ ഭീഷണിയുണ്ട്. നേരത്തെ നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറിയത്. രണ്ട് സെമി മത്സരങ്ങളും കൃത്യമായി നടന്നതോടെയാണ് ഫൈനലിസ്റ്റുകളുടെ ചിത്രം വ്യക്തമായത്.

ഫൈനലിലും മഴ വില്ലനായാൽ നിർണായകമാകുക മത്സരച്ചട്ടങ്ങളാണ്. ഒരു പന്തുപോലും എറിയാൻ കഴിയാതെ മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ ഇന്ത്യയെയും പാകിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ച് ഇരുടീമുകൾക്കും സ്വർണമെഡൽ നൽകും.

ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഫൈനലിൽ

സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 9.5 ഓവറിൽ 45 റൺസിൽ അവസാനിച്ചു.

വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. സഞ്ജു സാംസൺ മൂന്നാം സ്ഥാനത്തും ഇറങ്ങി. വൈഭവ് 21 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 38 റൺസെടുത്തു. അഭിഷേക് ശർമയും സഞ്ജു സാംസണും ഏഴ് റൺസ് വീതം നേടി പുറത്തായി.

ഇന്ത്യയുടെ ടോപ് സ്‌കോററായത് ഇഷാൻ കിഷനാണ്. 46 പന്തിൽ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 80 റൺസെടുത്ത ഇഷാൻ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 13 റൺസെടുത്തു.

ബൗളിങ്ങിലും ഇന്ത്യ ആധിപത്യം പുലർത്തി. ജസ്പ്രിത് ബുംറ രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. അക്ഷർ പട്ടേൽ മൂന്ന് ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടി. വെറും അഞ്ച് പന്തുകൾ എറിഞ്ഞ അഭിഷേക് ശർമ രണ്ട് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. വാഷിങ്ടൺ സുന്ദറും ഒരു വിക്കറ്റ് നേടി. ശ്രീലങ്കൻ നിരയിൽ നുവാനിദു ഫെർണാണ്ടോയാണ് രണ്ടക്കം കടന്ന ഏക ബാറ്റർ; 15 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ബംഗ്ലാദേശിനെ വീഴ്ത്തി പാകിസ്ഥാൻ

ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസിൽ ഒതുക്കാൻ പാകിസ്ഥാന് സാധിച്ചു.

മറുപടി ബാറ്റിങ്ങിൽ 11.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 112 റൺസെടുത്ത പാകിസ്ഥാൻ വിജയത്തിലെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ-പാകിസ്ഥാൻ സ്വർണപ്പോരിന് അരങ്ങൊരുങ്ങുകയായിരുന്നു.