Home rss national malayalam പുതിയ വാർത്ത ഹസാരെ സമരത്തിന്റെ പിന്നിലാരായിരുന്നു?

ഹസാരെ സമരത്തിന്റെ പിന്നിലാരായിരുന്നു?

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് 2011-12 കാലത്ത് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിവിരുദ്ധ സമരത്തിനു പിന്നില്‍ ആര്‍ എസ് എസും ബി ജെ പിയുമായിരുന്നുവെന്ന സോണിയാ ഗാന്ധിയുടെ വിലയിരുത്തല്‍ രാഷ്ട്രീയമായി ഏറെ ഗൗരവമുള്ളതാണ്. തന്റെ ആത്മകഥ ‘ബിലോഗിംഗ്: എ ജേര്‍ണി ഓഫ് ലൗ’ എന്ന പുസ്തകത്തിലാണ് സോണിയ ഈ ആരോപണം ഉന്നയിച്ചത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അന്നത്തെ യു പി എ സര്‍ക്കാറിനെ താഴെയിറക്കുകയായിരുന്നു സമരത്തിന്റെ ലക്ഷ്യമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

അണ്ണാ ഹസാരെ ഈ ആരോപണം പൂര്‍ണമായി തള്ളിക്കളയുകയും ബി ജെ പിയും ആര്‍ എസ് എസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും ആണയിടുകയും ചെയ്യുന്നുണ്ട്. ‘ഞാന്‍ ചെയ്യുന്നതെല്ലാം രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി എനിക്കൊരു ബന്ധവുമില്ല’ എന്നും ഹസാരെ പറയുന്നു. എന്നാല്‍ സോണിയാ ഗാന്ധി മാത്രമല്ല, ഈ ആരോപണമുന്നയിച്ചത്. അന്നത്തെ സമരത്തില്‍ അണ്ണാ ഹസാരെയുടെ വലംകൈയായി പ്രവര്‍ത്തിച്ച പ്രശാന്ത് ഭൂഷണും ഇത് നേരത്തേ വെളിപ്പെടുത്തിയതാണ്. 2020 സെപ്തംബറില്‍ ‘ഇന്ത്യ ടുഡേ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹസാരെയുടെ സമരത്തിന് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും പിന്തുണയുണ്ടായിരുന്നുവെന്നും അന്നത്തെ യു പി എ സര്‍ക്കാറിനെ താഴെയിറക്കി അധികാരത്തിലെത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും പ്രശാന്ത് ഭൂഷണ്‍ തുറന്നു പറഞ്ഞത്. ഇക്കാര്യം നേരത്തേ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ അദ്ദേഹം ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

മാത്രമല്ല, 2011 ആഗസ്റ്റ് 20ന് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഇക്കാര്യം അറിയിച്ചു കൊണ്ട് അദ്ദേഹം അണ്ണാ ഹസാരെക്ക് കത്തെഴുതുകയും ചെയ്തു. ആര്‍ എസ് എസ് വക്താവ് റാംമാധവാണ് ഭയ്യാജി ജോഷിയുടെ കത്ത് ഹസാരെക്ക് നേരിട്ടു കൈമാറിയത്. സമരത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരോട് സംഘടന നിര്‍ദേശിച്ച കാര്യം ഭയ്യാജി ജോഷി പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. 2011 ഒക്ടോബറില്‍ ആര്‍ എസ് എസ് നേതൃത്വം സമരത്തിനുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു. സമരത്തിന് ആര്‍ എസ് എസ്- ബി ജെ പി പിന്തുണ നിഷേധിച്ച് ഹസാരെ കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗിനു കത്തെഴുതിയതിനു പിന്നാലെയാണ് ആര്‍ എസ് എസ് നേതൃത്വം പിന്തുണയുണ്ടെന്ന കാര്യം പിന്നെയും തുറന്നു പറഞ്ഞത്.

അണ്ണാ ഹസാരെയുടെ സമരത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ബി ജെ പിയായിരുന്നുവെന്നതും അനിഷേധ്യമാണ്. അഴിമതിക്കഥകളും വിലക്കയറ്റവും മൂലം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പ്രതിരോധത്തിലായ ഘട്ടത്തിലായിരുന്നു ഹസാരെ സമര പരിപാടിയുമായി രംഗത്ത് വന്നത്. അന്നത്തെ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അഴിമതിവിരുദ്ധ സമരം ക്രമേണ കേന്ദ്രത്തിലെ മന്‍മോഹന്‍ സര്‍ക്കാര്‍ ഭരണത്തിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുകയും ബി ജെ പി അത് നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ അഴിമതി, ദുര്‍ഭരണം എന്നിവ ബി ജെ പിയുടെ മുഖ്യപ്രചാരണ വിഷയങ്ങളായി മാറുകയും യു പി എ സര്‍ക്കാറിനെ താഴെയിറക്കി ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തു. അണ്ണാ ഹസാരെ സമരം മാത്രമാണ് ബി ജെ പിയുടെ വിജയത്തിനു കാരണമെന്ന് പറയാനാകില്ലെങ്കിലും യു പി എ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ അത് വലിയ പങ്കുവഹിച്ചുവെന്ന കാര്യം നിഷേധിക്കാനാകില്ല.

സോണിയയുടെ വിമര്‍ശത്തില്‍ പ്രസക്തമായ മറ്റൊരു വിഷയമുണ്ട്; ലോക്പാല്‍ നിയമം അട്ടിമറിക്കപ്പെട്ട കാര്യം. അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിലാണ് 2013 ഡിസംബറില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ലോക്പാല്‍ നിയമം പാസ്സാക്കിയത്. 2014 ജനുവരിയില്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. പിന്നീട് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ ലോക്പാല്‍ നിയമം ഫലപ്രദമായി നടപ്പാക്കാതെ വിഷയം ഉഴപ്പിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ലോക്പാല്‍ അധ്യക്ഷനെ നിയമിക്കാതെ നീട്ടിക്കൊണ്ടുപോയി. പിന്നീട് തികച്ചും നിഷ്പ്രഭമായ ഒരു സംവിധാനമായി അതിനെ മാറ്റി. ഹസാരെയുടെ സമരകാലത്തെ ബി ജെ പിയുടെ ‘അഴിമതിവിരുദ്ധ വീര്യം’ ഇപ്പോള്‍ എവിടെ പോയി എന്ന ചോദ്യം പ്രസക്തമാണ്.

അഴിമതിയുടെ കാര്യത്തില്‍ അണ്ണാ ഹസാരെ ഇപ്പോള്‍ പുലര്‍ത്തുന്ന മൗനവും സന്ദേഹത്തിന് ഇടനല്‍കുന്നതാണ്. യു പി എ ഭരണകാലത്തേക്കാള്‍ ഒട്ടും കുറവല്ല ഭരണതലത്തിലെ അഴിമതി ഇന്ന്. എസ് ഐ ആറിന്റെ മറവിലെ വോട്ടുകൊള്ള ജനാധിപത്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ലോക്പാല്‍ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിലെ കാലതാമസവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അഴിമതിക്കെതിരെ യു പി എ ഭരണകാലത്ത് പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ അണ്ണാ ഹസാരെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളൊന്നും കാണാതിരിക്കാന്‍ ന്യായമില്ല. സോണിയയുടെ ആത്മകഥയില്‍ തനിക്കെതിരെയുള്ള ആരോപണത്തിന് ഉടനടി മറുപടിയുമായെത്തിയ ഹസാരെ കണ്ണുതുറന്നിരിക്കുകയാണെന്നു വ്യക്തം. അഴിമതിക്കെതിരായ പോരാട്ടം അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ നിറം നോക്കിയാണോ സംഘടിപ്പിക്കേണ്ടത്? യു പി എ സര്‍ക്കാറിനെതിരെ തെരുവിലിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ധാര്‍മികരോഷം ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ എവിടെപ്പോയി? അണ്ണാ ഹസാരെ പൊതുസമൂഹത്തിനു മുമ്പില്‍ വിശദീകരിക്കേണ്ടതുണ്ട്.