Source :- SIRAJLIVE NEWS
കൊച്ചി | അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍മോചിതനായതിന് പിന്നാലെ ജോലിക്കായി വിദേശത്ത് പോകാന്‍ അനുമതി തേടി മുന്‍ ഡി ജി പി ടോമിന് തച്ചങ്കരി ഹൈക്കോടതിയില്‍ നല്കിയ ഹരജി പിന്‍വലിച്ചു. കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശങ്ങളും ചോദ്യങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം ഹരജിയില്‍ നിന്ന് പിന്‍വാങ്ങിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള അപേക്ഷ പിന്‍വലിച്ചാലും തച്ചങ്കരിയുടെ അസുഖത്തെ കുറിച്ച് അറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.
ശിക്ഷിച്ച് ജയിലിലേക്ക് വിട്ട തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രശ്നങ്ങളുമായി തച്ചങ്കരി ജയില്‍ ആശുപത്രിയിലേക്ക് മാറിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ വിമര്‍ശം. തച്ചങ്കരി ഡി ജി പി ആയിരുന്നപ്പോള്‍ ജയില്‍ കണ്ടിട്ടുണ്ടാകും. പക്ഷേ ശിക്ഷ ലഭിച്ചശേഷം അദ്ദേഹം ജയില്‍ കണ്ടിട്ടുണ്ടാകില്ല. കാരണം അദ്ദേഹം മുഴുവന്‍ ദിവസവും ജയില്‍ ആശുപത്രിയിലായിരുന്നു ഉണ്ടായിരുന്നതെന്ന് കോടതി വിമര്‍ശിച്ചു. എന്നാല്‍ തനിക്ക് ശ്വാസതടസ്സമുണ്ട്, ഇതിനായി പ്രത്യേകം യന്ത്രം ഉപയോഗിക്കുന്നുണ്ട്, ആ യന്ത്രം ഉപയോഗിക്കുന്നതിന് പ്ലഗ് പോയിന്റ് വേണം, അതുകൊണ്ടാണ് ആശുപത്രിയില്‍ കഴിഞ്ഞത് എന്നായിരുന്നു തച്ചങ്കരിയുടെ ന്യായീകരണം. എന്തായിരുന്നു തച്ചങ്കരിയുടെ അസുഖമെന്നും അതിന്റെ ചികിത്സ സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ആരോഗ്യപരമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തച്ചങ്കരി ജയില്‍ ആശുപത്രിയില്‍ കഴിഞ്ഞ കാര്യത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കും. ജയില്‍ ആശുപത്രിയില്‍ കിടക്കാന്‍ സഹായിച്ചത് ആരൊക്കെയാണ് എന്ന കാര്യവും അന്വേഷിക്കും.
‘ജയിലില്‍ നിന്നിറങ്ങി 10 ദിവസത്തിനുള്ളില്‍ തന്നെ വിദേശത്തേക്ക് പോകണമെന്ന ഹരജിയുമായി തച്ചങ്കരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇത്രയധികം അസുഖമുള്ള വ്യക്തി എങ്ങനെ വിദേശത്ത് പോകും. വിമാനത്തില്‍ കയറുമ്പോഴുള്ള ഇന്ബാലന്സുകളടക്കം എങ്ങനെ താങ്ങാന്‍ കഴിയും’- കോടതി ചോദിച്ചു. കള്ളം പറഞ്ഞാല്‍ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ സെപ്തംബര്‍ 17നാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന് ജെ തച്ചങ്കരിയെ നാല് വര്‍ഷം കഠിനതടവിനും 30.84 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്. ഷാര്‍ജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പില്‍ ഓപറേഷന്‍സ് മാനേജരായി ജോലി ചെയ്യുകയാണെന്നും വിദേശത്ത് ബിസിനസ്സ് പങ്കാളിത്തമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇളവ് തേടിയിരുന്നത്.
Content Highlights: Former IPS officer Tomin Thachankary withdrew his petition from the Kerala High Court. The decision followed sharp criticism from the court regarding the plea. Further details on the legal proceedings have emerged.




