Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കേന്ദ്രകഥാപാത്രമാക്കി ബുചി ബാബു സന സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 304.95 കോടി രൂപ സ്വന്തമാക്കി 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.

രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.ആന്ധ്ര പ്രദേശ്, നൈസാം (തെലങ്കാന) മേഖലകളിൽ നിന്ന് മാത്രമായി ചിത്രം 196.10 കോടി രൂപ കളക്ട് ചെയ്തിട്ടുണ്ട്. കേവലം നാല് കോടി രൂപ കൂടി നേടിയാൽ ആന്ധ്ര-നൈസാം മേഖലകളിൽ നിന്ന് മാത്രം 200 കോടി നേടുന്ന ചിത്രമെന്ന മാന്ത്രിക സംഖ്യയിലേക്കും പെദ്ധി എത്തും. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.

ഗംഭീര കളക്ഷൻ നേടുമ്പോഴും ചിത്രത്തിലെ നായികയെ ഉപഭോഗവസ്തുവായി ചിത്രീകരിച്ചു എന്ന പേരിൽ സംവിധായകനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. സിനിമാ രംഗത്തെ പ്രമുഖ നടിമാർ ഉൾപ്പെടെയുള്ളവർ നായിക കഥാപാത്രത്തിന്റെ ചിത്രീകരണത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’യെ അവതരിപ്പിക്കാൻ വമ്പൻ ശാരീരിക പരിവർത്തനം നടത്തിയ രാം ചരണിന്റെ പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരൺ – ശിവരാജ് കുമാർ കോമ്പോ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്.ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമ്മിച്ചിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. തിങ്ക് സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ തമിഴ്, മലയാളം പതിപ്പുകൾ കേരളത്തിലും തമിഴ്നാട്ടിലും തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.