Source :- SIRAJLIVE NEWS
മലപ്പുറം | സംസ്ഥാനത്ത് ജില്ലകളുടെ പുനഃക്രമീകരണം വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു. ജനസംഖ്യാനുപാതികമായി വികസനമെത്തിക്കുന്നതിനും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പരമിതികള്‍ മറികടക്കാനും ജില്ലകളുടെ പുനഃക്രമീകരണം അടിയന്തര ആവശ്യമായി വിവിധ തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നു.
മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ ജില്ല രൂപവത്കരിക്കുന്നത് പരിഗണിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ മറ്റ് ജില്ലകളെയും ഉള്‍ക്കൊണ്ട്, ജനസാന്ദ്രതയും ഭൂവിസ്തൃതിയും കണക്കാക്കി പുനഃക്രമീകരണം വേണമെന്ന ആവശ്യത്തിന് ശക്തിയേറിയത്. ഇതിലേറ്റവും പ്രധാനമായി ഉയര്‍ന്നുവന്നത് ജനസംഖ്യ കൂടിയ മലപ്പുറം ജില്ലയുടെ പുനഃക്രമീകരണ ആവശ്യമാണ്. ജനബാഹുല്യം സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നത് വൈകിപ്പിക്കുന്നുണ്ടെന്നും സന്തുലിത വികസനം അസാധ്യമാക്കുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മലപ്പുറത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മലപ്പുറം ജില്ലാ പുനഃക്രമീകരണ ആവശ്യം ശക്തമായി ഉന്നയിച്ചത് കേരളയാത്രാ വേളയില്‍ കാന്തപുരം ഉസ്താദും കേരള മുസ്ലിം ജമാഅത്ത് നേതൃത്വവുമായിരുന്നു. വികസന രംഗത്തെ അസന്തുലിതാവസ്ഥക്ക് പരിഹാരം എന്ന നിലയിലാണ് മലപ്പുറം ജില്ലാ വിഭജന ആവശ്യം വിവിധ സംഘടനകള്‍ മുന്നോട്ടുവെക്കുന്നത്.
ഉയര്‍ന്ന ജനസംഖ്യാ നിരക്കും ഭൂമിശാസ്ത്രപരമായ പ്രത്യേക സാഹചര്യവും കാരണം പല മേഖലയിലും മലപ്പുറം ജില്ല പിന്നാക്കാവസ്ഥയിലാണ്. മലപ്പുറം ജില്ലാ രൂപവത്കരണ സമയത്ത് ജനസംഖ്യ 13,94,000 ആയിരുന്നു. 2011ലെ സെന്‍സസ് വിവരങ്ങളനുസരിച്ച് ഇത് 41,12,920 ലെത്തിയിട്ടുണ്ട്. മലപ്പുറത്തെ ജനസംഖ്യാ വര്‍ധന നിരക്ക് കണക്കിലെടുക്കുന്‌പോള്‍ ജനസംഖ്യ ഇപ്പോള്‍ അരക്കോടിക്ക് അരികെയെത്തിയിട്ടുണ്ടാകും. പത്തനംതിട്ടയില്‍ 11,97,412ഉം ഇടുക്കിയില്‍ 11,08,974ഉം കോട്ടയത്ത് 19,74,551ഉം ആണ് ജനസംഖ്യ. ഈ മൂന്ന് ജില്ലകളിലെ ആകെ ജനസംഖ്യ 43 ലക്ഷത്തിനടുത്ത് വരും. എന്നാല്‍, മലപ്പുറത്ത് മാത്രം 45 ലക്ഷത്തിന് മുകളിലാണ് ജനസംഖ്യ. ഈ അന്തരം വികസനരംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന വികസന ഫണ്ടുകള്‍ ജില്ലയിലെ ജനസംഖ്യയുടെ കണക്ക് പറഞ്ഞല്ല പലപ്പോഴും എത്തുന്നത്. ഒരു ജില്ല എന്ന പൂളില്‍ ഉള്‍പ്പെടുത്തി വരുമ്പോള്‍ മലപ്പുറത്തിന് ജനസംഖ്യാനുപാതികമായി വികസന വിഹിതം കിട്ടുന്നില്ല. 1984ല്‍, കാസര്‍കോടാണ് കേരളത്തില്‍ രൂപവത്കൃതമായ അവസാനത്തെ ജില്ല. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്നത് മലബാര്‍ മേഖലയിലാണ്. എന്നാല്‍ തെക്കന്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ മലബാര്‍ മേഖല ഏറെ പിന്നിലാണ്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് മലപ്പുറം ജില്ല പുനഃക്രമീകരണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.
Content Highlights:
Demands for district reorganization in Kerala are gaining strong momentum. Various organizations and public committees are urging the government to restructure boundaries to ensure better administrative efficiency. Protesters highlight population growth and geographic challenges as key reasons.



