Home rss national malayalam പുതിയ വാർത്ത “റേഷൻ കാർഡിന്റെ നാളുകൾ’ ഓർമിപ്പിച്ച് ശൈഖ് മുഹമ്മദ്

“റേഷൻ കാർഡിന്റെ നാളുകൾ’ ഓർമിപ്പിച്ച് ശൈഖ് മുഹമ്മദ്

3
0

Source :- SIRAJLIVE NEWS

ദുബൈ | മുത്തുച്ചിപ്പി വ്യവസായത്തിന്റെ തകർച്ചയും രണ്ടാം ലോകമഹായുദ്ധവും സൃഷ്ടിച്ച കടുത്ത സാമ്പത്തിക മാന്ദ്യത്തെയും പട്ടിണിയെയും അതിജീവിച്ച “റേഷൻ കാർഡിന്റെ നാളുകൾ’ ഓർമിപ്പിച്ച് ദുബൈയിലെ യുവതീയുവാക്കൾക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ തുറന്ന കത്ത്. ദുബൈ അനുഭവിച്ച കഠിനമായ ദുരിതപർവങ്ങളെയും അതിൽനിന്ന് ഉയിർത്തെഴുന്നേറ്റ ചരിത്രത്തെയും അനുസ്മരിച്ചാണ് അദ്ദേഹം പുതിയ തലമുറയെ അഭിസംബോധന ചെയ്തത്.

തന്റെ പ്രിയപ്പെട്ട മക്കളേ എന്ന് വാത്സല്യത്തോടെ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങിയ കത്തിൽ, ദുബൈ നേരിട്ട തുടർച്ചയായ രണ്ട് വൻ സാമ്പത്തിക പ്രഹരങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ് വിശദീകരിച്ചു. ജനങ്ങളുടെ പ്രധാന വരുമാന മാർഗമായിരുന്ന മുത്തുച്ചിപ്പി വ്യവസായത്തിന്റെ തകർച്ചയായിരുന്നു ഒന്നാമത്തേത്. ഇതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകമഹായുദ്ധം വാണിജ്യപാതകളെയും ചരക്കുനീക്കത്തെയും തടസ്സപ്പെടുത്തിയതായിരുന്നു രണ്ടാമത്തെ ആഘാതം. ഒരു നഗരം മുഴുവൻ പ്രധാനമായും ആശ്രയിച്ചിരുന്ന കടലും മുത്തും അപ്രസക്തമായതോടെ ദാരിദ്ര്യവും വിശപ്പും രോഗങ്ങളും പടർന്നുപിടിച്ച ദുരിതകാലത്തെ ജനങ്ങൾ ധീരമായി നേരിട്ടുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ആ പ്രതിസന്ധി ഘട്ടത്തിലാണ് അന്തരിച്ച ശൈഖ് സഈദിന്റെ നിർദേശപ്രകാരം അന്തരിച്ച ശൈഖ് റാശിദ് ബിൻസഈദ് അൽ മക്തൂം കുടുംബങ്ങൾക്ക് പരിമിതമായ തോതിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാൻ കാർഡുകൾ വിതരണം ചെയ്തത്. അങ്ങനെയാണ് ആ കാലഘട്ടം “റേഷൻ കാർഡിന്റെ നാളുകൾ’ എന്ന പേരിൽ പ്രാദേശിക ചരിത്രത്തിൽ അറിയപ്പെട്ടത്. ഒരൊറ്റ വിഭവത്തെ മാത്രം ആശ്രയിക്കുന്ന സമ്പദ്്വ്യവസ്ഥകൾ എങ്ങനെ തകർന്നടിയുമെന്നും ദാരിദ്ര്യം മനുഷ്യരെ എത്രത്തോളം ബാധിക്കുമെന്നും ശൈഖ് റാശിദ് അന്ന് നേരിൽ കണ്ടു. അത്തരം ഒരു ദാരിദ്ര്യവും ദുരിതവും ഇനി തന്റെ ജനങ്ങൾക്ക് വരരുതെന്ന് അദ്ദേഹം അന്ന് ദൃഢനിശ്ചയം ചെയ്തു.

ഇന്ന് വാനോളം ഉയർന്ന കെട്ടിടങ്ങളും വിസ്മയിപ്പിക്കുന്ന നഗരവികസനവും ലോകോത്തര വിമാനത്താവളങ്ങളും തുറമുഖങ്ങളുമായി തലയുയർത്തി നിൽക്കുന്ന ദുബൈയെ കാണുമ്പോൾ, ഒരുകാലത്ത് പട്ടിണിയും ദാരിദ്ര്യവും നേരിട്ട ഒരു നഗരമായിരുന്നു ഇതെന്ന് യുവതലമുറ ഓർമിക്കണം. ആ പ്രതികൂല സാഹചര്യങ്ങൾക്ക് കീഴടങ്ങാൻ വിസമ്മതിച്ച സ്ത്രീപുരുഷന്മാരായിരുന്നു അന്നത്തെ തലമുറ. പ്രതിസന്ധികൾക്ക് മുന്നിൽ തളരാതിരുന്ന ആ മഹത് വ്യക്തികളുടെ മക്കളാണ് ഇന്നത്തെ യുവത. ഭാവി നയിക്കേണ്ടത് നിങ്ങളാണ്. നമ്മൾ ഈ ചരിത്രം മറന്നുപോകാതിരിക്കാനാണ് ഈ യാഥാർഥ്യം ഞാൻ പങ്കുവെക്കുന്നത്. കാരണം വിസ്മൃതിയാണ് അഹങ്കാരത്തിന്റെ തുടക്കം, അഹങ്കാരമാണ് തകർച്ചയുടെ തുടക്കം. ദുരിതപൂർണമായ റേഷൻ കാർഡിന്റെ നാളുകളെ അതിജീവിച്ച ജനതയ്ക്ക് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സുവർണ കാലഘട്ടങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ശൈഖ് മുഹമ്മദ് കത്തിൽ വ്യക്തമാക്കി.

Content Highlights:
UAE Vice President and Ruler of Dubai Sheikh Mohammed bin Rashid Al Maktoum penned an open letter to the youth recalling Dubai’s historic economic struggles during the pearl industry collapse and WWII. He emphasized how the city overcame severe poverty through resilience, shaping modern Dubai.