Source :- SIRAJLIVE NEWS
മുംബൈ|മുംബൈയിലെ കോസ്റ്റല്‍ റോഡില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് 75 അടി താഴ്ചയിലേക്ക് പതിച്ച് അപകടം. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച പുലര്‍ച്ചെ 5.20ഓടെ ലാലാ ലജ്പത് റായ് കോളജിന് എതിര്‍വശമുള്ള ലോട്ടസ് ജെട്ടിക്ക് സമീപമാണ് അപകടം. മറൈന്‍ ഡ്രൈവില്‍നിന്ന് ഹാജി അലി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കോസ്റ്റല്‍ റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും ബാരിക്കേഡ് തകര്‍ത്ത് ഫ്‌ലൈഓവറില്‍നിന്ന് 75 അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തുകയുമായിരുന്നുവെന്ന് കോസ്റ്റല്‍ റോഡ് കണ്‍ട്രോള്‍ റൂം അധികൃതര്‍ പറഞ്ഞു.
അപകടം നടന്ന ഉടന്‍ കാറിലുണ്ടായിരുന്ന നാല് വിദ്യാര്‍ഥികളെയും സമീപത്തെ നായര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചു. ഷനായ് ഗജ്ജല്‍ (21), ധൈര്യ സേത്ത് (17), ആദിത്യ ജകമാനിയ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിത്യ ഓസ്വാള്‍ (23) നായര്‍ ആശുപത്രിയിലെ ട്രോമ വാര്‍ഡില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാലുപേരും വിദ്യാര്‍ഥികളാണെന്നാണ് ലഭിക്കുന്ന വിവരം. അമിതവേഗതയാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമെന്ന് വ്യക്തമാക്കാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights:
Three students were killed when a high-speed BMW lost control and plunged 75 feet off the Mumbai Coastal Road near Lotus Jetty. Another student sustained severe injuries and is currently receiving treatment at Nair Hospital. Mumbai Police have launched an investigation to determine the exact cause of the crash.




