Home rss national malayalam പുതിയ വാർത്ത പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ്: എ ജെ യു പി സ്ഥാപക നേതാവും എം എല്‍ എയുമായ...

പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ്: എ ജെ യു പി സ്ഥാപക നേതാവും എം എല്‍ എയുമായ ഹുമയൂണ്‍ കബീര്‍ അറസ്റ്റില്‍

4
0

Source :- SIRAJLIVE NEWS

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനിടെ ആം ജനത ഉന്നയന്‍ പാര്‍ട്ടി (എ ജെ യു പി) സ്ഥാപക നേതാവും എം എല്‍ എയുമായ ഹുമയൂണ്‍ കബീറിനെ അറസ്റ്റ് ചെയ്ത് പോലീസ്. വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍, വിവിധ പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് പ്രക്രിയയില്‍ പോലീസ് ഇടപെടുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മുര്‍ഷിദാബാദ് ജില്ലയിലെ റെജിനഗറില്‍ നിന്നുള്ള എ ജെ യു പി സ്ഥാനാര്‍ഥിയായി കബീറിന്റെ മകന്‍ ഗുലാം നബി ആസാദ് ജനവിധി തേടുന്നുണ്ട്.

ഹുമയൂണ്‍ കബീറിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ച മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗ സബ്-ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ് ഡി പി ഒ) ആനന്ദജിത് ഹോറെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു.

രാവിലെ എട്ടോടെ റെജിനഗറിലെ പാര്‍ട്ടി ഓഫീസിലെത്തിയ ഹുമയൂണ്‍ കബീര്‍, അവിടെ വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നടപടികളെ ചോദ്യം ചെയ്യുകയായിരുന്നു. കബീര്‍ പോളിംഗ് ബൂത്തുകള്‍ക്ക് അടുത്തേക്ക് നീങ്ങിയപ്പോള്‍ സ്ഥാനാര്‍ഥിയോ പോളിംഗ് ഏജന്റോ അല്ലാത്തതിനാല്‍ അത് പാടില്ലെന്ന് പറഞ്ഞ് പോലീസ് വിലക്കുകയായിരുന്നു. തുടര്‍ന്ന്, പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് എം എല്‍ എ ആരോപിച്ചു. ‘പോലീസ് ഞങ്ങളുടെ പ്രവര്‍ത്തകരെയും ബൂത്ത് ഏജന്റുമാരെയും വോട്ടര്‍മാരെയും ഭീഷണിപ്പെടുത്തുകയാണ്. ഞങ്ങള്‍ ബൂത്തുകളില്‍ നിന്ന് മാറില്ല. പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ തന്നെ ഉണ്ടാകും. പോലീസ് വോട്ടുകള്‍ തട്ടിയെടുക്കുകയാണ്. ഇത് ഞാന്‍ അനുവദിക്കില്ല.’- കബീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനുശേഷം പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ബലംപ്രയോഗിച്ച് പോലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചു കയറ്റി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തനിക്കെതിരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും പോലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ വീട്ടിലിരുന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്ന് കബീര്‍ അറിയിച്ചു.

വിവിധ കാരണങ്ങളാല്‍ ഒഴിവ് വന്ന നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഈ വര്‍ഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച സുവേന്ദു അധികാരി, നന്ദിഗ്രാം സീറ്റില്‍ നിന്ന് ഒഴിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നവോദ മണ്ഡലത്തിലും വിജയിച്ചതിനെ തുടര്‍ന്ന് കബീര്‍ രാജിവെച്ചതോടെയാണ് റെജിനഗര്‍ സീറ്റ് ഒഴിവ് വന്നത്.

റെജിനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ മുഹമ്മദ് സയീദ്, കോണ്‍ഗ്രസിന്റെ അബ്ദുല്ലാഹില്‍ കാഫി, വിമത തൃണമൂല്‍ വിഭാഗമായ ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സഫിയുസ്സമാന്‍ ഷെയ്ഖ് എന്നിവരും മത്സരിക്കുന്നുണ്ട്. സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ട ചന്ദ്രനാഥ് രാത്തിന്റെ മാതാവ് ഹന്‍സിറാണി രാത്തിനെയാണ് നന്ദിഗ്രാമില്‍ ബി ജെ പി മത്സരിപ്പിക്കുന്നത്. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ ഒമ്പതിന് നടക്കും.

Content Highlights: Aam Janata Unnayan Party founder and MLA Humayun Kabir was arrested during the West Bengal Assembly by-election voting process. Police detained him following heated disputes and allegations of election rule violations during polling. The incident has intensified political tensions across the region.