Home rss national malayalam പുതിയ വാർത്ത അബൂദബിയില്‍ ആഗോള ഭക്ഷ്യവാരത്തിന് തുടക്കം

അബൂദബിയില്‍ ആഗോള ഭക്ഷ്യവാരത്തിന് തുടക്കം

4
0

Source :- SIRAJLIVE NEWS

അബൂദബി | ആഗോള ഭക്ഷ്യവാരത്തിന് അബൂദബി ദേശീയ പ്രദര്‍ശന കേന്ദ്രത്തില്‍ (അഡ്‌നെക്) തുടക്കമായി. ഒക്ടോബര്‍ എട്ട് വരെ നീളുന്ന പ്രദര്‍ശനം ഭക്ഷ്യസുരക്ഷ, കൃഷി, ഭക്ഷ്യനിര്‍മാണം, സാങ്കേതികവിദ്യ, സുസ്ഥിരത, നിക്ഷേപം എന്നീ സുപ്രധാന മേഖലകളെ ഒരൊറ്റ വേദിയില്‍ സംയോജിപ്പിച്ച് ഇതുവരെ സംഘടിപ്പിച്ചതില്‍ വെച്ച് ഏറ്റവും വലിയ പതിപ്പായാണ് അരങ്ങേറുന്നത്.

ഇന്ത്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. ഇന്ത്യന്‍ കാര്‍ഷിക-ഭക്ഷ്യോത്പാദന കമ്പനികള്‍ക്കും കയറ്റുമതിക്കാര്‍ക്കും യു എ ഇ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളിലെ ഉപഭോക്താക്കളുമായും വിതരണക്കാരുമായും നേരിട്ട് ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ മേളയില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതാദ്യമായി പ്രദര്‍ശന നഗരിയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നേരിട്ട് ഭക്ഷ്യോത്പന്നങ്ങള്‍, പാനീയങ്ങള്‍, തേന്‍, ഈന്തപ്പഴം, മറ്റ് കാര്‍ഷിക വിഭവങ്ങള്‍ എന്നിവ വാങ്ങാനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്.

ഭക്ഷ്യവാരത്തിന്റെ ഭാഗമായി നടക്കുന്ന രണ്ടാമത് ആഗോള ഭക്ഷ്യസുരക്ഷാ ഉച്ചകോടിയില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും നയരൂപവത്കരണ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. അബൂദബി ഹണി ഫോറം, രാജ്യാന്തര ഈന്തപ്പഴ പ്രദര്‍ശനം, മൃഗത്തീറ്റ വികസന സമ്മേളനം, പ്രാദേശിക കര്‍ഷകര്‍ക്കായി ഒരുക്കുന്ന പ്രത്യേക നിക്ഷേപ സംഗമങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും. യു എ ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനും അബൂദബി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Content Highlights:
The Global Food Week has officially commenced in Abu Dhabi, gathering world leaders, policymakers, and industry experts. The event focuses on addressing international food security challenges and promoting sustainable agricultural practices. Innovative solutions and technologies for global food production are being showcased during the summit.