Home rss national malayalam പുതിയ വാർത്ത ഗ്യാനേഷ് കുമാറിന്റെ രാജി: ബെംഗളുരുവില്‍ കൂറ്റന്‍ റാലിയുമായി സിജെപി

ഗ്യാനേഷ് കുമാറിന്റെ രാജി: ബെംഗളുരുവില്‍ കൂറ്റന്‍ റാലിയുമായി സിജെപി

4
0

Source :- SIRAJLIVE NEWS

ബെംഗളുരു| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി സിജെപി. ഡല്‍ഹി ജന്തര്‍ മന്തര്‍ സമരത്തിന് മുന്നോടിയായി ബെംഗളുരുവില്‍ സിജെപി റാലി നടത്തി. യൂട്യൂബര്‍ ധ്രുവ് റാഠി, എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ്, നടന്‍ പ്രകാശ് രാജ് എന്നിവരും റാലിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്‌കെ പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും അംബേദ്കറില്‍ വിശ്വാസമില്ലെന്നും ഗോഡ്‌സെയുടെ ആശയങ്ങളോടാണ് അവര്‍ക്ക് താല്‍പര്യമെന്നും ദീപ്‌കെ വ്യക്തമാക്കി.

ഗാന്ധിയാണ് ഈ രാജ്യത്തിന്റെ ആത്മാവ്, അംബേദ്കര്‍ നട്ടെല്ലും. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. ബിജെപി ലക്ഷ്യമിടുന്നത് ‘ഒരു രാജ്യം, ഒരു പാര്‍ട്ടി’ എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്‌ലറും ഈ ലക്ഷ്യം വച്ചാണ് പ്രവര്‍ത്തിച്ചത്. ഹിറ്റ്‌ലര്‍ക്ക് എന്ത് സംഭവിച്ചു എന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. ആദ്യ വിക്കറ്റ് ധര്‍മേന്ദ്ര പ്രധാന്‍ ആയിരുന്നു. അടുത്ത വിക്കറ്റ് ഏതെന്ന് എല്ലാവര്‍ക്കും അറിയാം. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റ് ചെയ്ത് തോല്‍പ്പിക്കാമെന്ന് കരുതേണ്ടെന്ന് എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു. ഇത് രാജ്യത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നതിനെതിരായ പോരാട്ടമാണ്. ഞങ്ങള്‍ എല്ലാവരും അഭിജിത്തിനൊപ്പം ഉണ്ടാകുമെന്നും ഐഷി കൂട്ടിച്ചേര്‍ത്തു. യൂട്യൂബര്‍ ധ്രുവ് റാഠിയും റാലിയില്‍ പങ്കെടുത്ത് സംസാരിച്ചു. ഇതെന്റെ ആദ്യ പ്രതിഷേധ സമരമാണ്. ഞാന്‍ ഇവിടെ എത്തിയത് സര്‍ക്കാരിനെ മാറ്റാനല്ല. അങ്ങനെയുള്ള പ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. വോട്ട് മോഷണം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനുള്ള തെളിവുകള്‍ എന്റെ പക്കലുണ്ട്. ജീവിച്ചിരിക്കുന്നവരെ പോലും അവര്‍ മരിച്ചവരാക്കി. ഗ്യാനേഷ് കുമാറിനേക്കാള്‍ വലിയ വഞ്ചകന്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐആര്‍ കേവലമൊരു വോട്ട് മോഷണം മാത്രമല്ല. ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്നും നടന്‍ പ്രകാശ് രാജ് കുറ്റപ്പെടുത്തി. ഈ രാജ്യത്ത് ആര് ഭരിക്കണമെന്ന് ജനങ്ങളാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ എസ്‌ഐആര്‍ വന്നതോടെ ആര് വോട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയായി.

ഇതൊരു ശുദ്ധീകരണ പ്രക്രിയയല്ല. പട്ടികയില്‍ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് വെറുമൊരു സംഖ്യ മാത്രമായി കാണാനാവില്ല. ഇതിന് പിന്നില്‍ കൃത്യമായ ഒരു പാറ്റേണുണ്ട്. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, മുസ്ലിംകള്‍ എന്നിവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കം ചെയ്യപ്പെടുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

ഒക്ടോബര്‍ പത്തിന് ഡല്‍ഹി ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി സംഘടനകളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചേര്‍ന്നും സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും.

Content Highlights:
CJP organized a massive rally in Bengaluru demanding the resignation of CEC Gyanesh Kumar. Prominent figures including Dhruv Rathee, Prakash Raj, and Aishi Ghosh addressed the rally targeting election irregularities. CJP announced a larger joint protest at Jantar Mantar on October 10.