Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | സമാധാനപരമായി ഒത്തുകൂടുന്നവരെ തടഞ്ഞുവെക്കരുതെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി. ഡല്‍ഹിയില്‍ വ്യാപകമായി ഏര്‍പ്പെടുത്തിയ കരുതല്‍ തടങ്കലുകളും ഗതാഗത നിയന്ത്രണങ്ങളും സംബന്ധിച്ച പ്രത്യേക വാദം കേള്‍ക്കുന്നതിനിടെയാണ് പരമോന്നത കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെങ്കില്‍ മെട്രോ, റെയില്‍ സേവനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ക്ക് വിധേയമായി ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുമതി നല്‍കണം. ബാരിക്കേഡുകള്‍ സ്ഥാപിച്ചത് പുനഃപരിശോധിക്കണമെന്നും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ തുടരണമെന്നും കോടതി ഉത്തരവിട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (ഇഖജ) ഉള്‍പ്പെടെ നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് നടപടികളെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങുന്ന ബഞ്ച് ഇക്കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. വിദ്യാര്‍ഥി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, നാല് മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിവരടക്കം ആയിരക്കണക്കിന് പ്രതിഷേധക്കാരെ കരുതല്‍ തടങ്കലിലാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി സമര്‍പ്പിച്ച ‘ഹേബിയസ് കോര്‍പസ്’ ഹരജിയും ഇതില്‍ ഉള്‍പ്പെടുന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, ഡി എം ആര്‍ സി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജിയും കോടതി പരിഗണിച്ചു. പൊതുഗതാഗത സംവിധാനങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഒക്ടോബര്‍ ഒമ്പതിലെ ഉത്തരവ് മനഃപൂര്‍വം ലംഘിച്ചുകൊണ്ടാണ് ശനിയാഴ്ച പൊതുഗതാഗതം വ്യാപകമായി തടസ്സപ്പെടുത്തിയതും ട്രെയിനുകള്‍ റദ്ദാക്കിയതും 45 ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടതുമെന്ന് ഹരജിയില്‍ വാദിക്കുന്നു.
Content Highlights:
The Supreme Court ruled that authorities must not obstruct peaceful assemblies and must ensure citizens’ freedom of movement. The court emphasized that the right to gather and move freely are vital democratic rights protected by law. This directive stresses strict adherence to safeguarding constitutional liberties during protests.




