Source :- SIRAJLIVE NEWS
ചണ്ഡീഗഡ് | മരുന്ന് നിയമങ്ങള് ലംഘിക്കുന്നവര്ക്കെതിരെ പഞ്ചാബിലെ ഭഗവന്ത് മാന് സര്ക്കാര് നടപടികള് ശക്തമാക്കിയതിനെ തുടര്ന്ന് കോടിക്കണക്കിന് രൂപയുടെ മരുന്നുകള് പിടിച്ചെടുത്തു. ലൈസന്സുള്ളതും ഇല്ലാത്തതുമായ 214 സ്ഥാപനങ്ങളില് നിന്ന് 20.64 കോടി രൂപ വിലമതിക്കുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്. ഫുഡ് ആന്ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് ഡ്രഗ്സ് വിഭാഗം 2025 ഏപ്രില് ഒന്ന് മുതല് 2026 സെപ്റ്റംബര് 30 വരെ നടത്തിയ 16,788 പരിശോധനകളെ തുടർന്നാണ് നടപടി.
ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ് ആക്റ്റ് 1940, ഡ്രഗ്സ് റൂള്സ് 1945 എന്നിവ ലംഘിച്ചതിന് 520 കെമിസ്റ്റുകളുടെ ലൈസന്സുകള് സസ്പെന്ഡ് ചെയ്യുകയും 22 പേരുടേത് റദ്ദാക്കുകയും ചെയ്തു. പഞ്ചാബിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ.ബല്ബീര് സിങ്ങിന്റെ നിര്ദ്ദേശപ്രകാരം നടപടികള് കര്ശനമാക്കുന്നതിനും മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുമായി തുടര്ച്ചയായ പരിശോധനകള് നടന്നുവരുന്നു. പരിശോധന നടന്ന കാലയളവില് കോടതി 54 കേസുകള് ഫയല് ചെയ്തതില് 35 കേസുകളില് പ്രതികള്ക്ക് ശിക്ഷയും പിഴയും ലഭിച്ചു. നിലവില് സംസ്ഥാനത്തെ വിവിധ ജില്ല കോടതികളിലായി 650 കേസുകളില് വിചാരണ നടന്നുവരുന്നു.
ആസക്തിയുണ്ടാക്കുന്ന മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള നടപടിയായി ഡ്രഗ്സ് റൂള്സ് 1945ലെ ഷെഡ്യൂള് എച്ച് വണ്ണില് പ്രീഗബാലിന് ഉള്പ്പെടുത്തിക്കൊണ്ട് ഇന്ത്യ ഗവണ്മെന്റ് വിജ്ഞാപനം പുറപ്പെടീച്ച നിയമം 2026 നവംബര് 12 മുതല് പ്രാബല്യത്തില് വരും. ഇ-ഫാര്മസികള് വഴി മരുന്നുകള് ഓണ്ലൈനായി വില്ക്കുന്നത് നിയന്ത്രിക്കാന് കൃത്യമായ ചട്ടങ്ങള് ഇല്ലാത്തതിനെക്കുറിച്ചും സര്ക്കാര് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്.
പഞ്ചാബ് സര്ക്കാര് സംസ്ഥാനത്ത് എട്ട് തരം മരുന്ന് കൂട്ടുകള് വില്പ്പനക്ക് വേണ്ടി സൂക്ഷിക്കുന്നതിന് നിയന്ത്രണങ്ങള് ഏര്പ്പെടുത്തീട്ടുണ്ടങ്കിലും ഓണ്ലൈന് മരുന്ന് വില്പ്പനയെ നിയന്ത്രിക്കാന് കൃത്ത്യമായ ചട്ടക്കൂടുകള് ഇല്ലാത്തത് നിയമങ്ങള് ഫലപ്രദമായി നടപ്പിലാക്കുന്നതിന് വെല്ലുവിളികളാകുന്നു. ഒരേ മരുന്നുകള്ക്ക് കമ്പനികള് വ്യത്യസ്ത വില ഈടാക്കുന്നതും മരുന്നുകളുടെ അമിതമായ വിലയും സര്ക്കാര് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
സുപ്രീം കോടതിയുടെ ഇടപെടലുകളും നിര്ദ്ദേശങ്ങളും ഉണ്ടാകുന്നതുവരെ ഈ വിഷയങ്ങളില് കേന്ദ്രസര്ക്കാര് കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും പഞ്ചാബ് സര്ക്കാര് വ്യക്തമാക്കി.
Content Highlights:
Punjab Food and Drug Administration seized medicines worth over Rs 20 crore and suspended 520 chemist licenses for violating regulations. Officials inspected thousands of establishments to crack down on illegal drug distribution and misuse. The state government is also pushing for strict regulations on online pharmacies and high medicine pricing.



