Home rss national malayalam പുതിയ വാർത്ത ജങ്ക് ഫുഡ് വില്‍പന നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുണ്ടാകും: മന്ത്രി കെ മുരളീധരന്‍

ജങ്ക് ഫുഡ് വില്‍പന നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുണ്ടാകും: മന്ത്രി കെ മുരളീധരന്‍

5
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ നിയന്ത്രിക്കുന്നതിനും ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയുന്നതിനും നിയമപരമായ നടപടികള്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ എച്ച് എഫ് എസ് എസ് ഭക്ഷ്യവസ്തുക്കളുടെ നിര്‍വചനത്തിലും വില്‍പന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളിലും വ്യക്തത തേടി കേരളം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിക്കും.

ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിര്‍വചനമില്ലാത്തതിനാല്‍ ഏതൊക്കെ ഭക്ഷ്യവസ്തുക്കളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം, അവയുടെ വില്‍പന എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളെ എച്ച് എഫ് എസ് എസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെങ്കിലും അവയുടെ അളവ് നിര്‍ണയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ആവശ്യമാണ്. ഇതിന്റെ അഭാവം സ്‌കൂള്‍ പരിസരങ്ങളിലെ വില്‍പന നിയന്ത്രിക്കുന്നതിനും ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും തടസ്സമാകുന്നുണ്ട്. 2026 ആഗസ്റ്റ് ഏഴിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇതുസംബന്ധിച്ച് കരട് റെഗുലേഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.

കരടില്‍ ഖരഭക്ഷണത്തില്‍ 100 ഗ്രാമിന് 4.2 ഗ്രാമില്‍ കൂടുതല്‍ കൊഴുപ്പ്, മൂന്ന് ഗ്രാമില്‍ കൂടുതല്‍ പഞ്ചസാര, 0.625 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് എന്നിവയും ദ്രാവകരൂപത്തിലുള്ള ഭക്ഷണത്തില്‍ 100 മില്ലിലിറ്ററിന് യഥാക്രമം 1.5 ഗ്രാം കൊഴുപ്പ്, രണ്ട് ഗ്രാം പഞ്ചസാര, 0.175 ഗ്രാം ഉപ്പ് എന്നിവയില്‍ കൂടുതലും അടങ്ങിയാല്‍ ഉയര്‍ന്ന അളവായി കണക്കാക്കാനുള്ള നിര്‍ദേശങ്ങളുണ്ട്. കരട് റെഗുലേഷന്‍ അന്തിമമാക്കി നിയമപരമായ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും സ്‌കൂള്‍ പരിസരങ്ങളിലെ വില്‍പന നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായ നിയമാടിത്തറ ലഭിക്കൂ. ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അതോറിറ്റിക്ക് സംസ്ഥാനം കത്ത് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സ്‌കൂളുകളില്‍ സുരക്ഷിതവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനും കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതിനും ഈറ്റ് റൈറ്റ് സ്‌കൂള്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പദ്ധതിയുണ്ട്. സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും കാന്റീനുകളില്‍ ശുചിത്വം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

Content Highlights: Kerala health minister K Muraleedharan announced that strict measures will be implemented to regulate the sale of junk food. The state will seek clarity from central food safety authorities regarding high-fat, sugar, and salt products. These initiatives aim to curb unhealthy eating habits among children and ensure nutritional standards.