Home LATEST NEWS malyalam പുതിയ വാർത്ത Chat GPT 5.6 മോഡൽ നാളെ എത്തും; ശക്തമായ ഫീച്ചറുകൾ, കൂടുതൽ ചിന്തിച്ച് കൃത്യമായ മറുപടി...

Chat GPT 5.6 മോഡൽ നാളെ എത്തും; ശക്തമായ ഫീച്ചറുകൾ, കൂടുതൽ ചിന്തിച്ച് കൃത്യമായ മറുപടി നൽകും

4
0

Source :- SIRAJLIVE NEWS

വാഷിംഗ്ടൺ | ഓപ്പൺഎഐ തങ്ങളുടെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാതൃകകളായ ജിപിടി 5.6 മോഡലുകൾ ജൂലൈ ഒമ്പത് മുതൽ പുറത്തിറക്കിത്തുടങ്ങും. കൂടുതൽ മികച്ച ചിന്താശേഷി, കോഡിങ് മികവ്, വേഗതയേറിയ മറുപടികൾ, ശക്തമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവയോടെയാണ് പുതിയ പതിപ്പുകൾ ചാറ്റ്ജിപിടി ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും ലഭ്യമാകുക. വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സോൾ (GPT-5.6 Sol), ടെറ (Terra), ലൂണ (Luna) എന്നിവയാണ് മോഡലുകൾ.

നേരത്തെ ജൂൺ അവസാനത്തോടെ ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം തിരഞ്ഞെടുത്ത ചില പങ്കാളികൾക്ക് മാത്രമായി ഇതിന്റെ ആക്സസ് പരിമിതപ്പെടുത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എഐ സൈബർ സെക്യൂരിറ്റി ഓർഡർ അനുസരിച്ച് ശക്തമായ പുതിയ മോഡലുകൾ പുറത്തിറക്കുന്നതിന് 30 ദിവസം മുമ്പ് സർക്കാർ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതനുസരിച്ച് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ സെന്റർ ഫോർ എഐ സ്റ്റാൻഡേർഡ്സ് ആൻഡ് ഇന്നവേഷൻ നടത്തിയ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ് ട്രംപ് ഭരണകൂടം ഇതിന്റെ ആഗോള വിതരണത്തിന് അനുമതി നൽകിയത്.

ജിപിടി 5.6 സീരീസിലെ ഏറ്റവും ശക്തമായ മോഡലായ സോളിന് ഒരു മില്യൺ ഇൻപുട്ട് ടോക്കണുകൾക്ക് 5 ഡോളറും ഔട്ട്പുട്ട് ടോക്കണുകൾക്ക് 30 ഡോളറുമാണ് വില വരുന്നത്. സാധാരണ ദൈനംദിന ആവശ്യങ്ങൾക്കുള്ള ടെറ മോഡലിന് ഇൻപുട്ടിന് 2.50 ഡോളറും ഔട്ട്പുട്ടിന് 15 ഡോളറുമാണ് നിരക്ക്. ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന ലൂണ മോഡലിന് ഇൻപുട്ടിന് 1 ഡോളറും ഔട്ട്പുട്ടിന് 6 ഡോളറുമാണ് ഈടാക്കുക.

ഗവേഷണം, സോഫ്റ്റ്‌വെയർ വികസനം, സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഏറ്റവും ശക്തമായ പതിപ്പാണ് ജിപിടി 5.6 സോൾ. എഴുത്ത്, രേഖകൾ വിശകലനം ചെയ്യൽ, ആശയരൂപീകരണം, കോഡിങ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കാണ് ജിപിടി 5.6 ടെറ ഉപയോഗിക്കുന്നത്. ജിപിടി 5.5 മോഡലിന് സമാനമായ പ്രകടനം കാഴ്ചവെക്കുന്ന ഇതിന് പകുതി ചെലവ് മാത്രമേ വരികയുള്ളൂ. ദ്രുതഗതിയിലുള്ള സംഭാഷണങ്ങൾക്കും ചുരുക്കവിവരങ്ങൾ തയ്യാറാക്കുന്നതിനുമായി ഏറ്റവും വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ ജിപിടി 5.6 ലൂണയും ഇതിലുണ്ട്.

കഠിനമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് മുൻപ് കൂടുതൽ സമയം ചിന്തിക്കാൻ പുതിയ പതിപ്പുകൾക്ക് സാധിക്കുമെന്നതാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷത. വലിയ റിപ്പോർട്ടുകൾ വിശകലനം ചെയ്യാനും സങ്കീർണ്ണമായ കോഡുകളിലെ പിഴവുകൾ പരിഹരിക്കാനും ഇതിലൂടെ സാധിക്കും. ഒരേ സമയം ഒന്നിലധികം എഐ ഏജന്റുകൾ ചേർന്ന് പ്രവർത്തിക്കുന്ന അൾട്രാ മോഡും ഇതിലുണ്ട്. നീളമേറിയ നിർദ്ദേശങ്ങൾ മനസ്സിലാക്കാനും പിഴവുകൾ കണ്ടെത്താനും പുതിയ മാറ്റങ്ങൾ സാധാരണ ഉപയോക്താക്കളെ സഹായിക്കും. ബയോളജി, ജനറ്റിക്സ് തുടങ്ങിയ ശാസ്ത്രീയ വിവരങ്ങൾ വിശകലനം ചെയ്യാനും ഇത് മികച്ചതാണ്.

സൈബർ സുരക്ഷ ഉറപ്പാക്കുന്നതിലും പുതിയ മോഡലുകൾ മുന്നിലാണ്. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള നിർദ്ദേശങ്ങൾ നൽകാനും ഇതിന് സാധിക്കും. അതേസമയം, സൈബർ ആക്രമണങ്ങൾക്കായി എഐ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ ആവശ്യങ്ങൾ നിരസിക്കാൻ എഐ സിസ്റ്റത്തിന് പരിശീലനം നൽകിയിട്ടുണ്ട്. ജൂലൈ ഒമ്പത് മുതൽ ഘട്ടങ്ങളായി ചാറ്റ്ജിപിടി, കോഡെക്സ്, ഓപ്പൺഎഐ എപിഐ എന്നിവ വഴി ഉപയോക്താക്കൾക്ക് പുതിയ പതിപ്പുകൾ ലഭ്യമാകും.

Content Highlights
OpenAI is scheduled to begin rolling out its latest family of AI models, including GPT-5.6 Sol, Terra, and Luna, starting July 9. These new models are designed for distinct user requirements, offering improved reasoning capabilities, advanced programming assistance, and enhanced operational speed. The update also includes robust cybersecurity guardrails and rigorous safety features across ChatGPT and developer APIs.