Source :- SIRAJLIVE NEWS
കേന്ദ്ര സർക്കാർ ജീവനക്കാരുടെയും മറ്റ് ശമ്പള വരുമാനക്കാരുടെയും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളിൽ വലിയ മാറ്റങ്ങളുമായി പുതിയ ഇ പി എഫ് ഒ (EPFO) നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (Employees’ Provident Fund Organisation) വരിക്കാർക്ക് ഇനിമുതൽ വേഗത്തിൽ പണം പിൻവലിക്കാനും മൂന്ന് ദിവസത്തിനകം ക്ലെയിമുകൾ തീർപ്പാക്കാനും സഹായിക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
മൂന്ന് ദിവസത്തെ ക്ലെയിം സെറ്റിൽമെന്റ്
പുതിയ ഇ പി എഫ് ഒ ചട്ടങ്ങൾ പ്രകാരം എല്ലാ വിവരങ്ങളും കൃത്യമായി സമർപ്പിച്ചിട്ടുള്ള പ്രോവിഡന്റ്ഫണ്ട് (Provident Fund) പിൻവലിക്കൽ അപേക്ഷകൾ മൂന്ന് ദിവസത്തിനകം തീർപ്പാക്കണം. പെൻഷൻ, ഇൻഷുറൻസ് ക്ലെയിമുകൾ എന്നിവ 20 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യേണ്ടതുണ്ട്. അനാവശ്യമായി ക്ലെയിമുകൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും പ്രതിവർഷം 12 ശതമാനം പിഴപ്പലിശ ഈടാക്കാനും അത് ജീവനക്കാരന്റെ പേഔട്ടിലേക്ക് ചേർക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
തൊഴിലില്ലായ്മ വേളയിലെ പണം പിൻവലിക്കൽ
ജോലി നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ വരിക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ ഇ പി എഫ് ഒ പരിഷ്കാരങ്ങൾ. ജോലി നഷ്ടപ്പെട്ടയുടൻ തന്നെ അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനം വരെ പിൻവലിക്കാൻ വരിക്കാരന് അനുവാദമുണ്ടാകും. നീണ്ട കാത്തിരിപ്പ് ഒഴിവാക്കി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാൻ ഇത് ജീവനക്കാരെ സഹായിക്കും.
പിൻവലിക്കൽ അഡ്വാൻസ് കാറ്റഗറികൾ ചുരുക്കി
അഡ്വാൻസ് പണം പിൻവലിക്കുന്നതിനുള്ള വിഭാഗങ്ങൾ മുൻപുണ്ടായിരുന്ന 13 ൽ നിന്നും മൂന്നായി കുറച്ചു. രോഗബാധ, വിദ്യാഭ്യാസം, വിവാഹം എന്നിവയാണ് ഈ പ്രധാന വിഭാഗങ്ങൾ. മുൻപ് പല ആവശ്യങ്ങൾക്കും ഏഴ് വർഷം വരെ സർവീസ് കാലാവധി വേണമെന്നുണ്ടായിരുന്നത് ഇനിമുതൽ 12 മാസമായി ചുരുക്കിയിട്ടുണ്ട്. ഭവന നിർമ്മാണം, സ്ഥലം വാങ്ങൽ, ഹോം ലോൺ (Home Loan) തിരിച്ചടവ് തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പ്രത്യേക അനുമതികൾ തുടർന്നും ലഭ്യമാകും.
പ്രായപരിധിയിലെ മാറ്റങ്ങൾ
പൂർണ്ണമായി പണം പിൻവലിക്കുന്നതിനുള്ള പ്രായപരിധി 58 വയസ്സിൽ നിന്നും 55 വയസ്സായി കുറച്ചു. വിരമിക്കലിന് പുറമെ സ്ഥിരമായ വൈകല്യം, പിരിച്ചുവിടൽ, വി ആർ എസ് (Voluntary Retirement Scheme), വിദേശത്തേക്ക് സ്ഥിരമായി കുടിയേറൽ തുടങ്ങിയ സാഹചര്യങ്ങളിലും മുഴുവൻ തുകയും പിൻവലിക്കാം.
ഡിജിറ്റൽ സംവിധാനവും യു പി ഐ ഇടപാടുകളും
ഇ പി എഫ് ഒ പൂർണ്ണമായും പേപ്പർ രഹിത ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. തൊഴിലുടമകൾ ഇനിമുതൽ ഓൺലൈൻ വഴി മാത്രമേ ക്ലെയിമുകൾ സമർപ്പിക്കാവൂ. കൂടാതെ യു പി ഐ (Unified Payments Interface) വഴി പണം പിൻവലിക്കാനുള്ള സൗകര്യവും പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി വരുന്നുണ്ട്.
Content Highlights
The central government has overhauled the EPFO rules to enable faster three-day claim settlements and simpler withdrawal procedures for over seven crore subscribers. Employees facing job loss can now immediately withdraw up to 75% of their PF balance to meet financial emergencies. Advance withdrawal categories have been reduced to illness, education, and marriage, while the full withdrawal age limit is lowered to 55 years.




