Source :- SIRAJLIVE NEWS
ഹാർദമായ് പുണരാനൊരു വസന്തകാലം കൂടി വിരുന്നെത്തിയിരിക്കുന്നു. പൊന്നു മുസ്ത്വഫാ(സ) യോടുള്ള പ്രണയപ്പെയ്ത്തിൽ കുളിർത്തു തളിർത്തങ്ങനെ നമ്മുടെ അകവും പുറവും ഹർഷ പുളകിതമാകുന്നു.
കൂട്ടരേ.. തിരുനബി(സ) നമുക്കാരാണ് ? ഖുർആൻ പറയുന്നത് കേൾക്കാം. സുവിശേഷകൻ, മുന്നറിയിപ്പുകാരൻ, സാക്ഷി, പ്രശോഭിതമായ വിളക്ക്, കാരുണ്യ കേദാരം, പ്രകാശം തന്നെ അങ്ങനെ പലതും പലതും വിശുദ്ധഗ്രന്ഥം പരിചയപ്പെടുത്തുന്നുണ്ട്. എല്ലാം ആലോചനകളുടെ വിശാലതയിലേക്ക് നമ്മെ നയിക്കുന്ന ചൂണ്ടുപലകകൾ. വിശദീകരിക്കാനിരുന്നാൽ എത്ര നേരമെഴുതണം?! എഴുതിയാൽ തന്നെ നമ്മുടെ പരിമിതി നമ്മെ ഒരിടത്തൊതുക്കും. നോക്കൂ.. സൂറതുൽ അഹ്‌സാബ് ഓർമപ്പെടുത്തുന്നതിങ്ങനെയാണ്.
“നിങ്ങൾക്ക് അഥവാ അല്ലാഹുവിന്റെ പ്രതിഫലത്തെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവരും ധാരാളമായി അല്ലാഹുവെ സ്മരിക്കുന്നവരുമായവർക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉത്തമ മാതൃകയുണ്ട് (സൂറ അൽ അഹ്സാബ് 21)
കൂട്ടരേ…
റസൂലിന്റെ (സ) ആഗമനം മനുഷ്യരിൽ ബൃഹത്തായ ബോധമാണ് നട്ടത്. ആ ബോധം അവരെ നന്മയെ സ്നേഹിക്കുന്നവരാക്കി, തിന്മയെ വെറുക്കുന്നവരുമാക്കി. ഗോത്രങ്ങളെയും കുലങ്ങളെയും സാമൂഹിക കൂട്ടായ്മകളെയും അതിന്റെ അടിത്തറയിളകാതെ നിലനിർത്തുകയും എന്നാൽ അവരുടെ ഹൃദയ ശുദ്ധീകരണ പ്രക്രിയകൾ തിരുനബി (സ) നിരന്തരം നടത്തുകയും ചെയ്തു. മാനുഷിക സത്ത വിമലീകരിക്കപ്പെട്ടപ്പോൾ അവരുടെ വിദ്വേഷത്തിന്റെ മതിലുകൾ അവർ തന്നെ ഇളക്കി മാറ്റി, ശരിയുടെ സന്ദേശത്തിലേക്കുള്ള മഹാ പ്രവാഹം അവിടെ സാധ്യമായി.
മനുഷ്യ ജീവിതത്തിന്റെ സർവതല സ്പർശിയായ പ്രൗഢ മാതൃകകൾ അവിടുന്ന് ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിന്റെ ലാളിത്യം മുതൽ സാമൂഹിക ജീവിതത്തിന്റെ സങ്കീർണതകൾ വരെ നീളുന്ന സർവ യിടങ്ങളിലും ഏറ്റവും മികച്ചതിനെ പാഠമായി അവശേഷിപ്പിച്ചിട്ടുണ്ട്.
അവിവേകത്തിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും മേൽ പടുത്ത കൃത്രിമ വിശ്വാസത്തെ ബൗദ്ധികമായി റസൂൽ തിരുത്തി. ഒരു സവിശേഷതയുമില്ലാത്ത സ്വമേധയാ കഴിവും സ്വന്തമായ പ്രതിരോധ ശേഷിയുമില്ലാത്ത കരിങ്കൽ ബിംബങ്ങളെ ആരാധനാ മൂർത്തികളായികണ്ട സമൂഹത്തെ അവരിൽ ആലോചനകളുടെ തീപന്തം കൊളുത്തി തിരുത്തി. മനുഷ്യരെ മാനസികമായ ചങ്ങലക്കെട്ടുകളിൽ നിന്ന് മോചിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയായിരുന്നു റസൂൽ (സ). സൃഷ്‌ടികൾക്കു മുമ്പിൽ തല കുനിക്കേണ്ടവരല്ല മനുഷ്യർ എന്ന സ്വാതന്ത്ര്യ ബോധം ജനതകൾക്കിടയിൽ അവകാശങ്ങളെ കുറിച്ചുള്ള ആലോചനകളും ചൂഷണങ്ങളെ കുറിച്ചുള്ള ബോധ്യവും പീഡനങ്ങളിൽ നിന്നുള്ള മോചനവും സാധ്യമാക്കി. രക്തരൂഷിത വിപ്ലവങ്ങളും പോരാട്ടങ്ങളുമല്ല മാനവിക വികസനത്തിന്റെ കാതൽ. മറിച്ച്, ധൈഷണികവും മാനസികവുമായ വളർച്ചക്കു വേണ്ടിയാണ് സമൂഹത്തിന്റെ നായകർ ശ്രമിക്കേണ്ടതെന്ന പാഠമാണ് റസൂൽ (സ) നൽകുന്നത്.
തിരുദൂതരുടെ പ്രബോധന പാത ചുട്ടുപൊള്ളുന്നതായിരുന്നു. നല്ലതൊന്നും പുറത്ത് പറയാൻ അനുവദിക്കാത്ത ഭീതിദ കാലം. തിരുദൂതരുടെ അനുയായി ആയതിന്റെ പേരിൽ യാസിർ (റ), അമ്മാർ (റ), സുമയ്യ (റ), ബിലാൽ (റ), സൽമാൻ (റ)… തുടങ്ങി നിരവധി സ്വഹാബിവര്യർ വേദന കുത്തുന്ന പീഡനങ്ങളുടെ കൈപ്പുനീർ കുടിച്ചു. നബിയും കുടുംബവും അനുയായിവൃന്ദവും സമൂഹത്തിന്റെ ബഹിഷ്കരണത്തിനു വിധേയരായി. അബൂത്വാലിബിന്റെ മലഞ്ചെരുവിൽ പട്ടിണി തിന്നു. പച്ചയിലയും കാട്ടു കിഴങ്ങും തിന്ന് ക്ഷുത്തടക്കേണ്ടിവന്നു.തളർത്തിയ നാളുകളേറെ നീണ്ടു. സഹന സമരം കൊണ്ട് തിരുദൂതരും സംഘവും ലോകത്തിന് മഹാമാതൃകയായി.
പ്രതിസന്ധിയുടെ കല്ലുമഴകാലത്തും ഈമാൻ ചൂടി നിൽക്കാനുള്ള ധൈര്യമാണ് അവർ വിശ്വാസികൾക്കായിനൽകിയത്. ലിബറൽ ആലോചനകൾ ധാർമികതയെയും മത വിശ്വാസത്തെയും തെരുവിൽ പരിഹസിക്കുമ്പോഴും കരുത്തുള്ള വിശ്വാസം കൊണ്ടാണ് അതിനെ പ്രതിരോധിക്കേണ്ടത്. വികല വാദങ്ങളുടെ കുത്തൊഴുക്കിൽ പെടാതിരിക്കാനുള്ള അമിത ശ്രദ്ധയുണ്ടാകണം നമുക്ക് . രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധവും ഭീതിയും വരൾച്ചയും ക്ഷാമവും പ്രളയവും തുടങ്ങി ഏതു പ്രതിസന്ധികളെയും സംയമനത്തോടെയും സഹനത്തോടെയും നേരിടണം.
അധികാരികളും സമ്പന്നരുമടക്കം തിന്മയുടെ ഉപാസകർ മുഴുക്കെ തിരുദൂതർക്കെതിരെ ശക്തമായ അക്രമങ്ങൾക്ക് കോപ്പുകൂട്ടിയിരുന്നുവല്ലോ. എങ്ങും ഉപജാപങ്ങൾ. തിരുനബി(സ)യെ വധിക്കണമെന്ന് നദ്്വത്ത് ഹൗസിൽ നിന്നും തീരുമാനമെടുത്ത് രാവിന്റെ ഇരുട്ടിൽ അവിടുത്തെ കൊച്ചു ഭവനം ആയുധധാരികൾ വളഞ്ഞു. പക്ഷേ, സൂറ: യാസീന്റെ ഒരു വരി ചേർത്തെറിഞ്ഞ ഒരു പിടി മണ്ണ് മതിയായിരുന്നു ആ ഖഡ്ഗങ്ങളെ തോൽപ്പിക്കാൻ. വിശ്വാസത്തിന്റെ ഹൃദയദാർഢ്യതയിൽ റസൂലും (സ) സുഹൃത്തും ദുർഘട പാതയിലൂടെ പലായനമാരംഭിച്ചു. സൗർ പർവത ഗഹ്വരത്തിൽ തങ്ങിയ നേരം അവിടെയും രക്ത മോഹികളായ ശത്രുക്കളെത്തി. ആ കാൽ പെരുമാറ്റം സിദ്ദീഖോരുടെ (റ) ഹൃദയമിടിപ്പ് വേഗത്തിലാക്കി. ആളുന്ന ബേജാറിൽ വെള്ളം തളിച്ച് “ഭയപ്പെടേണ്ട, അല്ലാഹു നമ്മുടെ കൂടെയുണ്ട്’ എന്ന ബോധത്തെ തിരുനബി(സ) സുഹൃത്തിന്റെ ഹൃത്തിൽ വേരു പിടിപ്പിച്ചു.
തിരുനബി (സ)യുടെ വരവ് പ്രതീക്ഷിച്ച് മദീന കാത്ത് കാത്ത് നിന്നു. അവരെത്തിയപ്പോൾ സ്വീകരിക്കാനും ആതിഥ്യമരുളാനും ആ നാട്ടുകാരോരുത്തരും വാശി പിടിച്ചു. തർക്കങ്ങളായി. റസൂലിനെ അതിരറ്റു സ്നേഹിക്കുന്ന പരശ്ശതം മനുഷ്യർ! എല്ലാവരെയും പരിഗണിക്കേണ്ടതാണ്, പക്ഷേ അതെങ്ങനെ കഴിയാനാണ്. ആ സന്ദർഭത്തെ ആർക്കും പരാതിയില്ലാത്ത വിധം റസൂൽ (സ) പരിഹരിച്ചു. “ഒട്ടകം മുട്ടുകുത്തുന്നിടത്ത്’ തീരുമാനം ഒട്ടകത്തിന് വിട്ടു. ആളുകളുടെ പരിഭവം മാറി അബൂ അയ്യൂബിൽ അൻസാരിക്ക് (റ) സ്വീകരിക്കാനുള്ള സൗഭാഗ്യമുണ്ടായി.
മദീനയിൽ ഒരു ആരാധനാ കേന്ദ്രം നിർമിക്കാനൊരുങ്ങവെ തന്റെ അനുചരർ അധ്വാനിക്കുന്നത് നോക്കി നിന്നില്ല പകരം പണികളിൽ സജീവ പങ്കാളിയായി. അതിനിടെ ഒരു കല്ലിൽ തട്ടി മുറിഞ്ഞ ചൂണ്ട് വിരലിനോട് നബി(സ) പാട്ടുപാടി “ഹോ കൈ വിരലേ ! അല്ലാഹുവിന്റെ മാർഗത്തിലാണ് നിൻ നിണം!’ കർത്തവ്യബോധത്തിന്റെയും ക്ഷമയുടെയും സ്ട്രീറ്റ് ലൈറ്റ് തിരുനബി(സ) എല്ലാ സന്ദർഭങ്ങളിലും സമൂഹമധ്യത്തിൽ സ്ഥാപിച്ചുകൊണ്ടിരുന്നു.
ചുട്ടുപൊള്ളുന്ന പകലിലെ ഒരു യാത്രക്കിടെ, റസൂൽ (സ) ഒരു മുൾമര ചോട്ടിൽ തണലു കൊള്ളാനിറങ്ങി. സഹയാത്രികർ പല വൃക്ഷച്ചുവടുകളിലേക്ക് മാറി. തന്റെ വാൾ ചില്ലയിൽ തുക്കിയിട്ട് തിരുനബി (സ) യൊന്ന് മയങ്ങി. അതിനിടെ ഒരു കാട്ടറബി റസൂലിന്റെ(സ) വാൾ കൈയിലെടുത്തു. തിരുനബി(സ) ഞെട്ടിയുണർന്നു
“ഭയമുണ്ടോ?’ പരുഷഭാവത്തിൽ അയാളുടെ ചോദ്യം.
“ഇല്ല!’ ലളിതമായ മറുപടി.
“ഇതാ നോക്കൂ! വാൾ എന്റെ കൈയിൽ! നിന്നെ എന്നിൽ നിന്നാര് സംരക്ഷിക്കും?’
“അല്ലാഹു.’
അയാളുടെ കൈ വിറച്ചു വാൾ താഴെ വീണു. ഭയചകിതമായ സന്ദർഭങ്ങളെ സുരക്ഷിതമാക്കുന്നത് ഏത് നേരത്തും അല്ലാഹു കൂടെയുണ്ടെന്ന ബോധമാണെന്ന് തിരുനബി(സ) ജനതയുടെ മനസ്സിൽ കൊത്തിയിട്ടു.
സ്‌നേഹിതരേ…, തൊട്ടു മുന്നേ പറഞ്ഞ സൂറ: അഹ്‌സാബിന്റെ തുടർച്ച കൂടി വായിക്കാം. 22-ാം സൂക്തം “സഖ്യകക്ഷികളായ ശത്രുക്കളെ കണ്ടുമുട്ടിയപ്പോൾ സത്യവിശ്വാസികൾ പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ റസൂലും ഞങ്ങൾക്ക് വാഗ്ദാനം ചെയ്തതാണ്. അല്ലാഹുവും അവന്റെ റസൂലും സത്യം പറഞ്ഞു. അതവരുടെ വിശ്വാസവും അനുസരണയും വർധിപ്പിക്കുക മാത്രമാണ് ചെയ്തത്’.
ഖൻദഖ് യുദ്ധവേളയിലാണീ ആയത്തിറങ്ങുന്നത്. ശത്രുക്കളുടെ ഉപജാപങ്ങൾക്ക് വിധേയരായ ചിലർ തങ്ങളുടെ ദൗത്യത്തിൽ നിന്ന് പിറകോട്ടടിച്ചു. പട്ടിണിയും ദാഹവും കഷ്ടപ്പാടിന്റെ തീക്ഷ്ണതയും അവരെ അസ്വസ്ഥരാക്കി. അദ്ദേഹം നബി (സ) യാണെങ്കിൽ അത്ഭുതങ്ങൾ കാണിക്കില്ലേ? എന്ന് പറഞ്ഞ് കപട വിശ്വാസികൾ പിൻവാങ്ങി. പക്ഷേ, വിശ്വാസികളുടെ കാലിടറിയില്ല. അവർ തിരുദൂതരോടൊപ്പം തന്നെ ഉറച്ചു. വിശപ്പും ദാഹവും തങ്ങളുടെ ആദർശത്തെക്കാൾ വലുതല്ലായിരുന്നു. “നബിയേ.. ഈ കൊടുംചൂടിൽ ദിവസങ്ങളായി ജനം കിടങ്ങ് കുഴിക്കുകയാണ്.
പലരും വിശന്നൊട്ടിയ വയറിൽ കല്ലുവെച്ച് കെട്ടിയിരിക്കുകയാണ്. എന്ത് ചെയ്യണം?’ ഒരു പരിഹാരം എന്തുണ്ട്? അബൂ ത്വൽഹ(റ) യുടെ പരാതി കേട്ട തിരുനബി(സ) അവിടുത്തെ വസ്ത്രം ഉയർത്തി “നോക്കൂ ഞാൻ രണ്ട് കല്ലാണ് വെച്ചു കെട്ടിയത്’. പരാതി പറഞ്ഞതിൽ അബൂത്വൽഹ(റ) ഖേദിച്ചു. പ്രതിസന്ധികൾ വിശ്വാസത്തിന്റെ വെളിച്ചതിന് തെളിച്ചം കൂട്ടിക്കൊണ്ടിരുന്നു. വിശ്വാസത്തിലെ വെളിച്ചക്കുറവ് ചിലരെ കൂറുമാറ്റത്തിന് പ്രേരിപ്പിച്ചു.
അല്ലാഹുവിലും റസൂലിലും പരലോകത്തെ അല്ലാഹുവിന്റെ വിചാരണയിലും പ്രതിഫലത്തിലും വിശ്വാസമുള്ളവർ ഒരിക്കലും കൂറുമാറുമായിരുന്നില്ല. സുഖങ്ങളുടെ പിന്നാലെ പോകാതെ തിരുനബി(സ)യുടെ മാതൃക സ്വീകരിക്കുമായിരുന്നു.
കൂട്ടരേ… യഥാർഥ വിശ്വാസം ഹൃദയത്തിലുള്ളവർക്കേ തിരുദൂതരിൽ മാതൃക കണ്ടെത്താൻ കഴിയൂ. മഹാസഖ്യ സേനയോ അവരുടെ ആയുധബലമോ തങ്ങളുടെ പട്ടിണിയോ മുസ്‌ലിംകളേ പിറകോട്ട് നയിച്ചില്ല. അവർക്ക് വിശ്വാസബലം വർധിക്കുകയാണുണ്ടായത്. പ്രക്ഷുബ്ധമായ അലകടലുകളെ ധീരമായി നേരിട്ട തിരുനബി(സ)യെയാണ് നമുക്ക് മാതൃകയാക്കാനുള്ളത്. ഓരോ കാലത്തും വിശ്വാസികൾക്ക് വ്യത്യസ്ത പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. കാലഭേദങ്ങൾക്കനുസരിച്ച് പലരീതിയിൽ അത് മുന്നിൽ പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് സാങ്കേതിക വിദ്യയുടെ അതിവേഗ മാറ്റം നടക്കുന്ന സമകാലിക സാഹചര്യങ്ങളിൽ പ്രതിസന്ധികളും ഏറി വരുന്നു. മതത്തെ വിമർശിച്ചും പരിഹസിച്ചും പല തരക്കാർ പ്രത്യക്ഷപ്പെടുന്നു. വിശ്വാസത്തിന്റെ ബലം കൊണ്ട് എല്ലാറ്റിനെയും നേരിടാനുള്ള കരുത്ത് തിരുദൂതരിൽ നിന്ന് നമ്മൾ പഠിച്ച് കൊണ്ടിരിക്കണം. സ്വല്ലള്ളാഹു അലൈഹി വസല്ലം.
Content Highlights:
The article reflects on the profound character and timeless teachings of Prophet Muhammad (PBUH) as highlighted in the Quran. It details the severe trials faced by the Prophet and his companions, emphasizing faith, patience, and resilience. It serves as a reminder to adopt his noble model.



