Home rss national malayalam പുതിയ വാർത്ത ദുരിതാശ്വാസ ക്യാമ്പുകളിലെ അരക്ഷിത ജീവിതം

ദുരിതാശ്വാസ ക്യാമ്പുകളിലെ അരക്ഷിത ജീവിതം

4
0

Source :- SIRAJLIVE NEWS

കൊടിയ ദുരിതത്തിന്റെ കഥകളാണ് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് നിരന്തരം കേട്ടുവരുന്നത്. അതിനിടെയാണ് ക്യാമ്പുകളില്‍ 34 അസ്വാഭാവിക മരണങ്ങള്‍ നടന്നുവെന്ന റിപോര്‍ട്ട് പുറത്തുവന്നത്. സംഭവത്തില്‍ ആശങ്കയും ഞെട്ടലും രേഖപ്പെടുത്തിയ സുപ്രീം കോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നല്‍കണമെന്നും കൃത്യമായ കാരണങ്ങള്‍ കാണിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 34 മരണങ്ങളില്‍ 20 എണ്ണത്തില്‍ മാത്രമാണ് അധികൃതര്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. എന്തുകൊണ്ട് ബാക്കിയുള്ള 14 മരണങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയില്ലെന്ന കാര്യവും വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിലെ ഓരോ അസ്വാഭാവിക മരണത്തിനും ഉടനടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ സി ബി ഐ അന്വേഷിക്കുന്ന കേസുകള്‍ക്കായി കൂടുതല്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും കോടതി ആരായുകയുണ്ടായി.
2023 മേയ് മൂന്നിന് തുടങ്ങിയ വംശീയ കലാപമാണ് അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥാപിക്കാനിടയായ സാഹചര്യം. കലാപത്തില്‍ നൂറുകണക്കിനു മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെടുകയും സ്വന്തം മണ്ണില്‍നിന്നു ആട്ടിയോടിക്കപ്പെടുകയും ചെയ്തിരുന്നു. ജീവരക്ഷാര്‍ഥം വീടുവിട്ട് ഓടിപ്പോയ സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന ആയിരക്കണക്കിന് പേര്‍ സര്‍ക്കാര്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്. ഇവര്‍ക്ക് ആവശ്യമായ ദുരിതാശ്വാസവും പുനരധിവാസവും ഉറപ്പാക്കുന്നതിനും കലാപത്തെക്കുറിച്ച് നടത്തി വരുന്ന അന്വേഷണത്തിന്റെ ഗതി നിരീക്ഷിക്കുന്നതിനും സുപ്രീം കോടതി ജമ്മു- കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ മിത്തലിന്റെ നേതൃത്വത്തില്‍ മൂന്നംഗ വനിതാ ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചിരുന്നു.

ഈ സമിതി സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് 34 പേരുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് പറയുന്നത്. ചില മരണങ്ങള്‍ ക്രൂരമായ ലൈംഗികാതിക്രമങ്ങളെ തുടര്‍ന്നാണെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. എട്ട് ജില്ലകളിലായി സ്ഥാപിച്ച 43,000 അഭയാര്‍ഥികള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇതിനകം 600 മരണങ്ങള്‍ സംഭവിച്ചതായാണ് ഔദ്യോഗിക കണക്ക്. അസ്വാഭാവിക മരണത്തില്‍ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലാണ് മണിപ്പൂര്‍ സര്‍ക്കാറിന്റെ കടുത്തവിവേചനത്തിന്റെ മുഖം കൂടുതല്‍ വെളിപ്പെടുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കിയ സര്‍ക്കാര്‍, ക്യാമ്പുകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം 20,000 രൂപ മുതല്‍ 30,000 രൂപ വരെ മാത്രം. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ വിവേചനം. മനുഷ്യജീവനും ദുരന്തങ്ങളും വംശത്തിന്റെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണുന്ന വിധം അധഃപതിച്ചിരിക്കുന്നു സംസ്ഥാന ഭരണകൂടത്തിന്റെ മനോനില.
മലിനമായ അന്തരീക്ഷം, കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, പോഷകാഹാരക്കുറവ്, വൈദ്യസഹായം ലഭിക്കാത്ത അവസ്ഥ തുടങ്ങി കടുത്ത യാതനയും അവഗണനയുമാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികള്‍ നേരിടുന്നത്.ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും നവജാത ശിശുക്കളുടെയും വയോധികരുടെയും ജീവിതമാണ് കൂടുതല്‍ ദുരിതപൂര്‍ണം. വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക അഭയം നല്‍കുക മാത്രമല്ല ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്വം. അവര്‍ക്ക് സുരക്ഷിതമായ താമസത്തോടൊപ്പം ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, തൊഴില്‍, മാന്യമായ ജീവിതം തുടങ്ങിയവയും ഉറപ്പാക്കേണ്ടതുണ്ട്. ഭരണഘടന ഉറപ്പ് നല്‍കുന്ന, ജീവിക്കാനുള്ള അവകാശത്തിന് അര്‍ഹരാണ് ക്യാമ്പുകളില്‍ കഴിയുന്ന ഓരോ വ്യക്തിയും. സര്‍ക്കാറിന്റെ ഔദാര്യമല്ല, അഭയാര്‍ഥികളുടെ അവകാശമാണ് മാന്യമായ ജീവിതം.
അഭയാര്‍ഥികള്‍ വര്‍ഷങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ തങ്ങേണ്ടി വരുന്ന സാഹചര്യം സര്‍ക്കാറിന്റെ ഭരണപരമായ പരാജയവും നാണക്കേടുമാണ്. ക്രമസമാധാനം പുനഃസ്ഥാപിച്ച് ഇവര്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള സുരക്ഷിതസാഹചര്യം ഒരുക്കുകയോ, അര്‍ഹമായ നഷ്ടപരിഹാരവും സുരക്ഷിതമായ വാസസ്ഥലവും നല്‍കി പുനരധിവസിപ്പിക്കുകയോ ചെയ്യേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യതയാണ്. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുകയും വേണം.ഉപജീവനത്തിനുള്ള സാഹചര്യം നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുകയും കുട്ടികളുടെ പഠനത്തിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കുകയും വേണ്ടതുണ്ട്.എന്നാല്‍ ഇതുവരെയും പുനരധിവാസത്തിന് ഒരു പദ്ധതി തയ്യാറാക്കാന്‍ പോലും സര്‍ക്കാറിനായിട്ടില്ല. ജനാധിപത്യത്തിനു തന്നെ കളങ്കമാണ് ഈ നിഷ്ക്രിയത്വവും അനാസ്ഥയും.

ഭരണകൂടത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. കോടതി ആവശ്യപ്പെട്ട സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനപ്പുറം ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതോടെ നിര്‍ബന്ധിതരാകും. അവരുടെ സുരക്ഷിതമായ തിരിച്ചുപോക്കിനും പുനരധിവാസത്തിനും സമയബന്ധിതമായ പദ്ധതിയും ആവിഷ്‌കരിക്കേണ്ടതുണ്ട്. അഭയാര്‍ഥികളുടെ ജീവിതം ക്യാമ്പുകളില്‍ അനന്തമായി നീളുന്ന അവസ്ഥയുണ്ടാകരുത്.

കേന്ദ്രത്തിനുമുണ്ട് പ്രശ്‌നപരിഹാരത്തില്‍ നിര്‍ണായക പങ്ക്. ഇതൊരു സംസ്ഥാനത്തിന്റെ പ്രശ്‌നമെന്നതിലുപരി രാജ്യത്തെ ജനാധിപത്യത്തിന്റെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയവും കൂടിയാണ്.