Home LATEST NEWS malyalam പുതിയ വാർത്ത നാട്ടുദര്‍സ്: പാരമ്പര്യത്തിന്റെ പുനരാവിഷ്‌കാരം

നാട്ടുദര്‍സ്: പാരമ്പര്യത്തിന്റെ പുനരാവിഷ്‌കാരം

4
0

Source :- SIRAJLIVE NEWS

‘വായിക്കുക’. സര്‍വ ആഹ്വാനങ്ങളുടെയും അമരം നയിച്ച ഈ മഹാ ആഹ്വാനം ലോക ചരിത്രത്തില്‍ അനേകം നാഗരികതകള്‍ക്ക് വൈജ്ഞാനിക നിറവ് പകര്‍ന്നു. ചരിത്രത്തെ പുതുക്കിപ്പണിതു. പുതിയ മനുഷ്യരെ നിരന്തരം നിര്‍മിച്ചുകൊണ്ടിരുന്നു. ഇന്നും ദിഗന്തങ്ങളില്‍ വീറോടെ ഉയരുന്ന ഈ ഖുര്‍ആനിക സന്ദേശം ഒരു പുതിയ ചരിത്രത്തെക്കൂടി നിര്‍മിക്കുന്നു. സമസ്തയും അതിന്റെ യുവജന പ്രസ്ഥാനവും ചേര്‍ന്ന് ആ മഹാ ദൗത്യത്തെ നാടിന് സമര്‍പ്പിക്കുന്നു. അസ്സ്വുഫ്ഫ: നാട്ടുദര്‍സ്. എട്ട് മാസം തുടരുന്ന പഠന യാത്ര ഇന്ന് ആരംഭിക്കുന്നു. അഞ്ച് ലക്ഷം പഠിതാക്കള്‍, 5,000 ഗുരുനാഥന്മാര്‍, 5,000 പഠന കേന്ദ്രങ്ങള്‍. ഇതായിരുന്നു നാട്ടുദര്‍സിന്റെ വിഭാവന. പക്ഷേ ഈ കണക്കുകള്‍ ഇപ്പോള്‍ മാറുകയാണ്. പഠന കേന്ദ്രങ്ങള്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടരുകയാണ്. പഠിതാക്കള്‍ പത്ത് ലക്ഷവും കടന്ന് വിസ്മയിപ്പിക്കുന്ന അക്കങ്ങളെ സൃഷ്ടിക്കുന്നു. പഠന കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തേക്ക് കൂടി വളര്‍ന്ന് വികസിക്കുന്നു. ചരിത്രത്തിന്റെ പുതിയ പിറവിയെ ലോകം വരവേല്‍ക്കുന്നു. ‘വായിക്കുക’ എന്ന മഹാ ആഹ്വാനം കൂടുതല്‍ അന്വര്‍ഥമാകുന്നു. അത് പുതിയ ചരിത്ര നിര്‍മിതിയെ ഏറ്റെടുക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ നൂറ് പ്രകാശവര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പുതിയ ഒരു നൂറ് വര്‍ഷങ്ങളെ മുന്നില്‍ കണ്ടും ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചും കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചും സമസ്ത ശതാബ്ദി ആഘോഷങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. കേരളത്തിലും ഇന്ത്യയിലും ഒരുപക്ഷേ ലോകത്തേക്കും പടരുന്ന വിധം പ്രബോധന രംഗത്ത് പുതിയ പ്രകാശവര്‍ഷങ്ങളെ ആവിഷ്‌കരിച്ചിരിക്കുന്നു. ശതാബ്ദി ആഘോഷങ്ങള്‍ സമ്മേളനാരവങ്ങളില്‍ നിന്ന്, ഭാവിയുടെ മഹത്തായ നിര്‍മിതിയിലേക്കും തലമുറകളെ മാറ്റിപ്പണിയുന്ന മഹാ ദൗത്യങ്ങളിലേക്കും വളരേണ്ടതുണ്ട്. സാമുദായിക നവോത്ഥാനം സാധ്യമാക്കുന്ന വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതായിരിക്കും സമസ്തയുടെ ശതാബ്ദി ആഘോഷ വേദികളെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.

അസ്സ്വുഫ്ഫ, ഒരു വൈജ്ഞാനിക ചരിത്രത്തിന്റെ മഹദ്നാമമാണ്. മദീനാ മസ്ജിദിന്റെ ചെരുവില്‍ അറിവിന്റെ മഹാ ദാഹവുമായി ഇരുന്നവര്‍ക്ക് മുമ്പില്‍ പ്രവാചക തിരുമേനി തുടക്കം കുറിച്ച ദര്‍സിന്റെ മനോഹരമായ പേര് സമസ്ത പുനരാവിഷ്‌കരിക്കുന്നു. ഒരു ചെരുവില്‍ നിന്ന് പതിനായിരം തെരുവുകളിക്ക്. ഒരു ഗുരുവില്‍ നിന്ന് പതിനായിരം ഗുരുക്കന്‍മാരിലേക്ക്, പത്ത് ലക്ഷം പഠിതാക്കളിലേക്ക്, അനേകം രാജ്യങ്ങളിലേക്ക്, ക്ലാസ്സ് മുറികളുടെ അകത്തളങ്ങളില്‍ നിന്ന് ഗ്രാമത്തിന്റെ ഉള്ളടക്കങ്ങളിലേക്ക്, സമുദായത്തിന്റെ പരിമിതിയില്‍ നിന്ന് സമൂഹത്തിന്റെ വിശാലതയിലേക്ക്, സ്ത്രീകളിലേക്ക്, കുട്ടികളിലേക്ക്, യുവതീയുവാക്കളിലേക്ക്, അഭ്യസ്തവിദ്യരിലേക്ക്, പ്രൊഫഷനലുകളിലേക്ക്, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, സമ്പന്നര്‍, സാധാരണക്കാര്‍… അങ്ങനെ പടര്‍ന്ന് വളര്‍ന്ന് വിജ്ഞാനത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്നു. അന്വേഷണത്തിന്റെ വാതിലുകള്‍ തുറന്ന് ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും കടന്ന് വിജ്ഞാനത്തിന്റെ പുതിയ ഉത്സവമായി, അറിവിനെ ആഘോഷമാക്കി, മനുഷ്യരെ നിര്‍മിക്കുന്ന മഹാ ദൗത്യത്തിന്റെ പേരാണ് അസ്സ്വുഫ്ഫ നാട്ടുദര്‍സ്.

മദീനാ ദര്‍സിന്റെ തുടര്‍ച്ചയില്‍, മക്കയിലും മദീനയിലും ലോകത്തെങ്ങുമുള്ള മഹാ പണ്ഡിതന്‍മാരില്‍ നിന്ന് വിജ്ഞാനം നുകരാനും മദീനയിലേക്ക് ചേരുന്ന അറിവിന്റെ മഹാ പരമ്പരയിലേക്ക് അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും അവസരം ലഭിച്ച ജീവിച്ചിരിപ്പുള്ള ഒരേ ഒരു കേരളീയ പണ്ഡിതനാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അര നൂറ്റാണ്ടിലേറെയായി സമസ്തയുടെ അമരം നയിക്കുന്ന, ലോകം സുല്‍ത്വാനുല്‍ ഉലമയെന്ന് ആദരവോടെ വിളിക്കുന്ന പണ്ഡിത ശ്രേഷ്ഠന്‍. ലോകത്തെങ്ങുമുള്ള വിജ്ഞാനദാഹികള്‍ ആഗ്രഹിക്കുന്ന മഹാ സാന്നിധ്യം. കേരളത്തിലും ഒരു പക്ഷേ, ലോകത്ത് തന്നെയും കാണാത്ത വിധം അനേകം ശിഷ്യസമ്പത്തിന്റെ ഉടമയാണ് ഈ മഹാ ഗുരുനാഥന്‍. അമ്പതിലധികം വര്‍ഷങ്ങളായി അധ്യാപന രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന, അനേകായിരം അധ്യാപകന്‍മാരുടെ അധ്യാപകനാണ്, സമസ്തയുടെ ഇന്നത്തെയും അമരക്കാരനായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.

ജൂണ്‍ 17ന് മര്‍കസിന്റെ തിരുമുറ്റത്ത് മഹാഗുരുവിന്റെ തിരുമുമ്പില്‍ തടിച്ച് കൂടിയ ആയിരങ്ങളായ അധ്യാപകര്‍ക്ക് മുമ്പില്‍, തെളിഞ്ഞ ശബ്ദത്തില്‍ സ്ഫുടമായ അക്ഷരങ്ങളില്‍ ആ ചരിത്രം പിറന്നു. ഓരോ നാട്ടുദര്‍സിലും തടിച്ചുകൂടുന്ന നൂറുകണക്കിന് പഠിതാക്കള്‍ക്ക് അറിവ് പകരുന്നതിന് കാന്തപുരം ഉസ്താദ് സമ്മതം പ്രഖ്യാപിച്ചു. ഓരോ നാട്ടുദര്‍സിനെയും അനേകം പഠിതാക്കളെയും ആ ഗുരുക്കളുടെ ഗുരു മദീനയിലേക്ക് ചേര്‍ത്ത് നിര്‍ത്തി. ആ മഹാ സമ്മതം സ്വീകരിച്ച് നാട്ടുദര്‍സിന്റെ ഉസ്താദുമാര്‍ ഏറ്റുചൊല്ലി. ഖബില്‍നാ.. ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. അത് ഒരു ചരിത്രത്തിന്റെ പിറവിയായിരുന്നു.

ബഹുലക്ഷം മനുഷ്യര്‍ ഒരേ ഗ്രന്ഥത്തില്‍ നിന്ന് ഒരേ ഗുരുവിന്റെ ഇജാസത്തോടെ, അനേകം അധ്യാപകരില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ഒരേ കാലയളവില്‍ പഠന പ്രക്രിയ പൂര്‍ത്തിയാക്കുന്ന മഹാദൗത്യം സമാനതകളില്ലാത്തതാണ്. തുല്യതയില്ലാത്ത ഇത്തരം ദൗത്യങ്ങള്‍ വേറെയുമുണ്ട് ശതാബ്ദി ആഘോഷത്തിന്റെ കര്‍മപദ്ധതിയില്‍. ശക്തി പ്രകടനം മാത്രമല്ല, സമസ്തയുടെ ദീര്‍ഘദൃഷ്ടിയും ആസൂത്രണ വൈഭവവും തെളിയിക്കുന്നതായിരിക്കും നൂറ്റാണ്ടിന്റെ ആ മഹാ ആഘോഷം.

ഒരേ ഗ്രന്ഥത്തില്‍ നിന്ന് പഠിക്കുക. അത് ഒരു മഹാ ഗുരുവിന്റെ രചനയാകുക. നാട്ടുദര്‍സ് വീണ്ടും വ്യത്യസ്തമാകുകയാണ്. കാന്തപുരം രചിച്ച ‘അല്‍വജീസ് ഫീ ഹദ്യിന്നബിയ്യില്‍ മഹ്ബൂബ്’ എന്ന ഗ്രന്ഥമാണ് നാട്ടുദര്‍സില്‍ പാരായണം ചെയ്യുന്നത്. വിശ്വാസം, ജീവിതം, സംസ്‌കരണം, ആദര്‍ശം, പ്രസ്ഥാനം… അങ്ങനെ നിറഞ്ഞ ഉള്ളടക്കത്തോടെ പഠിതാക്കളെ വരവേല്‍ക്കുന്ന മഹദ് ഗ്രന്ഥത്തിന്റെ പഠനത്തിന് അനേകായിരം പഠിതാക്കള്‍ക്ക് നാട്ടുദര്‍സ് അവസരമൊരുക്കുന്നു. അത് നാടിനെ ഉണര്‍ത്തുന്നു. കുടുംബങ്ങളെ സജീവമാക്കുന്നു. അറിവിനെ ചര്‍ച്ചയാക്കുന്നു. കളിയില്‍ നിന്ന് സമുദായം കാര്യത്തിലേക്ക് പ്രവേശിക്കുന്നു. ലക്ഷ്യബോധത്തെ പുനഃസൃഷ്ടിക്കുന്നു.

നാട്ടുദര്‍സില്‍ ഒരു പുതിയ ചരിത്രം കൂടി പിറക്കുന്നു. കേരളത്തിന്റെ മഹാഗുരു കാന്തപുരത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ബഹുമാനിതരാകാന്‍ അനേകലക്ഷം പഠിതാക്കള്‍ക്ക് നാട്ടുദര്‍സ് സന്ദര്‍ഭമൊരുക്കുന്നു. സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന മഹാനഗരിയില്‍ വെച്ച് നാട്ടുദര്‍സിന്റെ അവസാന പാഠം ഗുരുക്കന്‍മാരുടെ ഗുരു കാന്തപുരം ഉസ്താദ് വായിച്ചു കൊടുക്കും. ബഹുലക്ഷം പഠിതാക്കള്‍ ഒരു മഹാ ഗുരുവിന്റെ മഹദ് സാക്ഷ്യത്തില്‍, കിതാബോതുന്ന, ഗ്രന്ഥപാരായണം പൂര്‍ത്തിയാക്കി ശിഷ്യത്വം സ്വീകരിക്കുന്ന മനോഹരമായ സ്വപ്നം വാദി ഹറമൈനിയില്‍ യാഥാര്‍ഥ്യമാകും. അങ്ങനെ പുതിയ ചരിത്രം പുലരും. അറിവിന്റെ പുതിയ പ്രഭാതം ഉദിക്കും. ഭാവിയെ നിര്‍മിക്കുന്ന അറിവിന്റെ മഹാ പ്രയാണം ആരംഭിക്കും.

അതിമഹത്തായ ഒരു ചരിത്രത്തിന്റെ നിര്‍മിതിക്കായി തയ്യാറാകുന്ന ഗുരു ശ്രേഷ്ഠന്‍മാര്‍ക്കും അനേകായിരം പഠിതാക്കാര്‍ക്കും നാടിന്റെ വെളിച്ചമാകാന്‍ പോകുന്ന നാട്ടുദര്‍സുകളിലേക്ക് സ്വാഗതം.